പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പോക്സോ കേസ്: ഒടുവിൽ പ്രതിയെ വെറുതെ വിട്ട് കോടതി
കാസർകോഡ്: പോക്സോ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് യുവാവിനെ വെറുതെ വിട്ട് കോടതി.. കാസർകോട് സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതി വിഷ്ണുവിനെ വെറുതെ വിട്ടത്. പ്രണയബന്ധമൊഴിഞ്ഞതിനെ തുടർന്ന് പെൺകുട്ടി നൽകിയ കേസിലാണ് നടപടി.
2021 ലായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വിഷ്ണുവിനെതിരെ കേസ് കൊടുത്തത്. വിഷ്‌ണു മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കാസർകോട് വനിതാ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്.

തുടർന്ന് കേസെടുത്ത പോലീസ് പോക്‌സോ നിയമം അടക്കം വിവിധ വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം തടവും ഭീമമായ പിഴയും വിധിക്കാവുന്ന കുറ്റങ്ങൾ അടക്കം ചുമത്തി യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചു.
എന്നാൽ കുറ്റപത്രത്തിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നായിരുന്ന പ്രതി വാദിച്ചത്. താനും പരാതിക്കാരിയും ഇഷ്ടത്തിലായിരുന്നെന്നും പരാതിക്കാരിക്ക് മറ്റൊരു ചെറുപ്പക്കാരനുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ പ്രണയ ബന്ധത്തിൽനിന്ന് താൻ പിൻവാങ്ങിയെന്നും ഈ ദേഷ്യത്തിലാണ് തനിക്കെതിരെ പരാതി നൽകിയതെന്നും യുവാവ് കോടതിയിൽ പറഞ്ഞു.
കേസിൽ പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപിച്ച ഒരു കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് സന്തോഷ്‌കുമാർ പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ കെ ബാലകൃഷ്ണൻ, കെ പത്മനാഭ എന്നിവർ ഹാജരായി.












Click it and Unblock the Notifications