നായ്ക്കളെ കൊല്ലാന്‍ തോക്കുമായി തെരുവില്‍; പുലിവാലുപിടിച്ച് ടൈഗര്‍ സെമീര്‍, കേസെടുത്ത് പൊലീസ്
കാസര്‍കോട്: കാസര്‍കോട് തെരുവുനായ്ക്കളെ നേരിടാന്‍ തോക്കുമായി രംഗത്തെത്തിയ ടൈഗര്‍ സെമീറിനെതിരെ പൊലീസ് കേസെടുത്തു. ഐ പി സി 153 പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തില്‍ നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. തെരുവുനായ്ക്കളെ നേരിടാന്‍ തോക്കെടുത്ത ടൈഗര്‍ സെമീര്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.

സമൂഹത്തില്‍ ലഹളയുണ്ടാക്കുന്ന വിധത്തില്‍ വീഡിയോ പ്രചരിപ്പിച്ചു എന്ന വകുപ്പും സമീറിനെതിരെ ചുമത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരുവ് പട്ടികള്‍ ആക്രമിക്കുന്നത് മൂലമാണ് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്‍ എടുത്തതെന്ന് സെമീര്‍ പറഞ്ഞു. രാവിലെ മദ്രസയിലേക്ക് പോകുന്ന മക്കള്‍ തെരുവുനായ്ക്കളുടെ ശല്യം പരാതി പറഞ്ഞതോടെയാണ് സമീര്‍ തോക്കുമായി തെരുവില്‍ ഇറങ്ങിയത്.

അധികൃതരുടെ ശ്രദ്ധ പതിയുകയെന്ന ഉദ്ദേശത്തോടെയുള്ള ഒരു പ്രതിഷേധം കൂടിയാണ് വീഡിയോ എന്നാണ് രക്ഷിതാവ് പറയുന്നത്. പ്രദേശത്ത് കഴിഞ്ഞദിവസം ആറ് വയസുകാരനെ തെരുവുനായ കടിച്ചിരുന്നു. 13 കുട്ടികളാണ് വീഡിയോയില്‍ ഉള്ളത്. കുട്ടികളെ തൊട്ടാല്‍ നായയെ വെടിവെച്ച് കൊല്ലുമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുകയാണ്. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആര്‍.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആര്‍.ഐ.ജി) എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്‌കര്‍ഷിച്ച രീതിയിലും വാക്‌സിന്‍ എടുത്തിട്ടുള്ളവരാണ്.

21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയമിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം ആന്റ്റി റാബീസ് വാക്‌സിന്റെ ഉപയോഗത്തില്‍ 2021-2022 ല്‍ 57 ശതമാനം വര്‍ദ്ധനവ് 2016-2017 ലേതിനേക്കാള്‍ ഉണ്ടായിട്ടുണ്ട്. റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്റെ ഉപയോഗം ഇക്കാലയളവില്‍ 109 ശതമാനമാണ് വര്‍ധിച്ചത്.

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നമെന്നും മുഖ്യമന്ത്രി പറഞ്ഞു. വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളര്‍ത്തുനായകളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത നായകള്‍ക്ക് മെറ്റല്‍ ടോക്കണ്‍/കോളര്‍ ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂര്‍ത്തീകരിക്കുക.












Click it and Unblock the Notifications