യുക്രെയിനില്‍ നിന്നെത്തിയ 193 മലയാളികളെ കൂടി കേരളത്തിലെത്തിച്ചു; ആകെ എത്തിയത് 550 പേര്‍
തിരുവനന്തപുരം : യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ഇന്നലെ ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത് . ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി .
യുക്രെയിനില്‍നിന്നു കൂടുതലായി മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് അതിവേഗത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്നത്തെ ( മാര്‍ച്ച് 03 ) ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകിട്ട് 4:50ന് നെടുമ്പാശേരിയില്‍ എത്തി . ഈ വിമാനത്തിലുണ്ടായിരുന്ന 166 പേരെയും അവരവരുടെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍നിന്ന് കാസര്‍ഗോടേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍ സജ്ജമാക്കിരുന്നു. മടങ്ങിയെത്തുന്നവരെ സഹായിക്കുന്നതിന് വിമാനത്താവളത്തില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ വനിതകള്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തേയും വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്നു രാത്രി 9.30ഓടെ കൊച്ചിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു .

യുക്രെയിനില്‍ കുടുങ്ങി ഇന്ത്യക്കാരുമായി നിരവധി വിമാനങ്ങള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങളിലെത്തുന്ന മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, യുക്രൈയിനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും.
കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണ്.
ഇതിനിടെ, യുക്രെയ്നില്‍ നിന്നും വരുന്നവര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധ സാഹചര്യത്തില്‍ നിന്നും വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി .
യുക്രെയ്നില്‍ നിന്നും മടങ്ങി വരുന്നവരുമായി ബന്ധപ്പെട്ട കോളുകള്‍ ഏകോപിപ്പിക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ ഈ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടേണ്ടതാണ്. കോവിഡ് ഐസിയുവിലും നോണ്‍ കോവിഡ് ഐസിയുവിലും പേ വാര്‍ഡുകളിലും ഇവര്‍ക്കായി കിടക്കകള്‍ മാറ്റി വയ്ക്കും . ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ട്രയേജ് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും കാഷ്വാലിറ്റി ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ക്കും മുന്നറിയിപ്പ് നല്‍കും. സഹായത്തിനായി പ്രത്യേക സ്റ്റാഫ് നഴ്സിനെ നിയോഗിക്കും. ആംബുലന്‍സ് ക്രമീകരിക്കും. ഇവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പരിശോധിക്കുന്നതാണ് . ആവശ്യമായവര്‍ക്ക് കൗണ്‍സിലിംഗ് സേവനങ്ങളും നല്‍കും. കൗണ്‍സിലിംഗ് ആവശ്യമായവര്‍ക്ക് ദിശ 104 , 1056 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .












Click it and Unblock the Notifications