'ഡിജിപിയ്ക്ക് 30 ലക്ഷം നൽകി, ബാധ്യത ഉണ്ടെന്ന് അറിഞ്ഞപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല'; പരാതിക്കാരൻ
തിരുവനന്തപുരം: ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയാണ് വാങ്ങാൻ ശ്രമിച്ചതെന്ന് ഭൂമി ഇടപാട് കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി ഉമർ ശരീഫ്. ഡിജിപിയുമായി നേരിട്ടായിരുന്നു ചർച്ചകൾ നടത്തിയിരുന്നത്. മൂന്ന് ഘട്ടമായി ഡിജിപിക്ക് താൻ 30 ലക്ഷം നൽകിയിരുന്നു. ഭൂമിക്ക് ബാധ്യത ഇല്ലെന്നായിരുന്നു പറഞ്ഞത്. പിന്നീട് സത്യം തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും ഉമർ ശരീഫ് പറഞ്ഞു.
2023 ജൂൺ 22 നാണ് ആദ്യമായി അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം അയച്ചത് . ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും 10 ലക്ഷം ആവശ്യപ്പെട്ടു. അതും നൽകി. ഒരാഴ്ച കഴിഞ്ഞ് 5 ലക്ഷം പണം നേരിട്ട് നൽകാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഓഫീസ് ചേംബറിൽ എത്തിക്കുകയും ചെയ്തു.

വീണ്ടും രണ്ടാഴ്ച്ച കഴിഞ്ഞ് 25 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ഒറിജിനൽ ആധാരം കാണണമെന്ന് താൻ ആവശ്യപ്പെട്ടു. എന്നാൽ ആധാരം കാണിച്ചില്ല. അതോടെ സംശയമായിരുന്നു. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് ആൽത്തറ എസ്ബിഐ ബ്രാഞ്ചിൽ 26 ലക്ഷം ബാധ്യതയുണ്ടെന്ന് അറിഞ്ഞത്. പ്രോപ്പർട്ടിയിൽ യാതൊരു ബാധ്യതയില്ലെന്നു പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കരാറിൽ നിന്ന് പിൻമാറുകയുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ തരാമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷമായി തരുന്നില്ല. പലതവണ ഫോണിൽ സംസാരിച്ചെങ്കിലും അദ്ദേഹം പണം നൽകുന്നില്ല. തുർടർന്ന് മുഖ്യമന്ത്രിക്ക് ഓൺലനൈ്‍ വഴി പരാതി നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റികൽ സെക്രട്ടറിയെ കണ്ട് കാര്യം പറഞ്ഞു. പരിഹാരം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഇതിനിടെ ഡിജിപിയുടെ വക്കീൽ പണം തരാൻ സാധ്യമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് താൻ കോടതിയെ സമീപിച്ചത്. എന്റെ പണം തിരിച്ച് കിട്ടിയാൽ ഞാൻ കേസിൽ നിന്ന് പിൻമാറാൻ തയ്യാറാണ്. എന്തുകൊണ്ടാണ് പണൺ തരാതെ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും പരാതിക്കാരൻ പറയുന്നു.
അതേസമയം ഭൂമിയിടപാടിൽ ഒരു പിന്മാറലും നടന്നിട്ടില്ലെന്നാണ് ഡി ജി പി വിശദീകരിക്കുന്നത്. കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നത്. കരാറുകാരൻ മുൻകൂറായി പണം തന്നശേഷം ഭൂമിയിൽ മതിൽ കെട്ടി. എന്നാൽ, കരാർ ഉണ്ടാക്കി മൂന്ന് മാസം പിന്നിട്ടിട്ടും ബാക്കി പണം തരാൻ തയ്യാറായില്ല. ബാക്കി പണം ചോദിച്ചപ്പോൾ മുൻകൂറായി തന്ന പണം തിരികെ ചോദിക്കുന്ന നടപടിയാണ് ഉണ്ടായത്. മുൻകൂറായി നൽകിയ പണം തിരികെ വേണമെങ്കിൽ ഭൂമി വിറ്റശേഷം തരാം എന്നാണ് പറഞ്ഞത്. എന്നാൽ പരാതിക്കാരൻ കോടതിയെ സമീപിച്ചുവെന്നാണ് ഡി ജി പി വിശദീകരിച്ചത്. അതേസമയം പരാതിക്കാരന്റെ ഹർജിയിൽ ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.. നെട്ടയത്തുള്ള 10 സെൻ്റ് ഭൂമിയാണ് തിരുവനന്തപുരം അഡീഷണൽ കോടതി ജപ്തി ചെയ്തത്.












Click it and Unblock the Notifications