കേരളത്തില്‍ 5 എംഎല്‍എമാര്‍ ബിജെപി സഖ്യത്തിലേക്ക്; ഡിസംബറില്‍ 2 പാര്‍ട്ടികള്‍ ലയിക്കുമെന്നും റിപ്പോര്‍ട്ട്
കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്നും അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) യില്‍ ചേരുമെന്നും അവകാശവാദം. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് എച്ച്എഎം. ബിഹാറില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത്. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിനാല്‍ കേന്ദ്ര മന്ത്രിയും പാര്‍ട്ടിക്കുണ്ട്.
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എച്ച്എഎമ്മില്‍ ചേരുമെന്ന് പാര്‍ട്ടിയുടെ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി വാസുദേവ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. കേരളത്തിലെ നിലവിലെ ഭരണകക്ഷിയില്‍പ്പെട്ട എംഎല്‍എമാരും ഇതില്‍പ്പെടും. ഒരു മുന്‍ മന്ത്രിയും ഇക്കൂട്ടത്തിലുണ്ടെന്ന് വാസുദേവ് അവകാശപ്പെടുന്നു. ബിജെപിയില്‍ ചേരുന്നതിന് മടിയുള്ളവരാണ് എച്ച്എഎമ്മിലൂടെ എന്‍ഡിഎയുടെ ഭാഗമാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാം...

ബിഹാറിലെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് മുന്‍ മുഖ്യമന്ത്രിയായ ജിതന്‍ റാം മാഞ്ചി. ജെഡിയുവിന്റെ ഭാഗമായിരുന്ന അദ്ദേഹം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവയ്ക്കുകയും 2015ല്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. നിലവില്‍ കേന്ദ്രമന്ത്രിയാണ് മാഞ്ചി. ഇദ്ദേഹത്തിന്റെ മകന്‍ ബിഹാറില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
നിലവില്‍ ബിഹാറില്‍ മാത്രമാണ് എച്ച്എഎമ്മില്‍ സ്വാധീനമുള്ളത്. ഇത്തവണ ആറ് സീറ്റില്‍ മല്‍സരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ സാന്നിധ്യം അറിയിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് വാസുദേവ് പറയുന്നു. ഇതിന്റെ ഭാഗമായി കേരളം, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കും. ഇവിടെയുള്ള നേതാക്കളുമായും പാര്‍ട്ടികളുമായും ഐക്യചര്‍ച്ച നടത്തിവരികയാണ് എച്ച്എഎം.
ആരാണ് വാസുദേവ്, എന്താണ് പറയുന്നത്?
എച്ച്എഎമ്മിന്റെ ദേശീയ സംഘടനാ സെക്രട്ടറിയാണ് വാസുദേവ്. തൃശൂര്‍ സ്വദേശിയാണ്. മുളങ്കുന്നത്തുകാവ് ആണ് സ്വദേശം. പ്ലസ്ടു വരെ പഠിച്ചത് മോഡല്‍ ബോയ്‌സ് സ്‌കൂളിലാണ്. അച്ഛനും അച്ഛച്ചനുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്ന് വാസുദേവ് പറയുന്നു. ഇനി കമ്യൂണിസത്തിന് പ്രസക്തിയില്ല എന്ന് മനസിലാക്കിയാണ് ബിജെപിടൊപ്പം യാത്ര തുടങ്ങിയതെന്നും വാസുദേവ് പറഞ്ഞു.
പ്ലസ് ടുവിന് ശേഷം ബെംഗളൂരുവിലാണ് പഠിച്ചത്. ഇപ്പോള്‍ രണ്ടര വര്‍ഷമായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ബിജെപിയുടെ സഖ്യകക്ഷിയായ എച്ച്എംഎം പാര്‍ട്ടിയെ കോഓഡിനേറ്റ് ചെയ്യുക, ദക്ഷിണേന്ത്യയിലെ പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് അടുപ്പിക്കുക എന്നിവയാണ് ചുമതലകള്‍. ഇദ്ദേഹമാണ് കേരളത്തില്‍ വരാന്‍ പോകുന്ന കാര്യങ്ങള്‍ വിശദമാക്കിയത്.
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എച്ച്എഎമ്മില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. രണ്ട് ചെറിയ പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കാനും തയ്യാറായി. കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം ഡിസംബറിലേക്ക് ലയന സമ്മേളനം മാറ്റിവച്ചതാണ്. എന്‍ഡിഎ നേതൃത്വങ്ങളെ ഇക്കാര്യം അറിച്ചിട്ടുണ്ട്. കേരളത്തിലെ അസംതൃപ്തരായ നേതാക്കളെ എച്ച്എഎമ്മിലേക്ക് അടുപ്പിക്കും. സിപിഎം, കോണ്‍ഗ്രസ് എംഎല്‍എമാരും എച്ച്എമ്മില്‍ ചേരുമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും വാസുദേവ് പറഞ്ഞു.












Click it and Unblock the Notifications