അഹമ്മദ് ദേവർകോവിലിനെതിരായ 63 ലക്ഷത്തിന്റെ ചെക്ക് കേസ്: പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്ന് ഐഎന്‍എല്‍
മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരായ 63 ലക്ഷത്തിന്റെ ചെക്ക് കേസ് പുതിയ കുപ്പിയിലെ പഴയ വീഞ്ഞെന്ന് ഐ എന്‍ എല്‍. പാർട്ടി പുറത്താക്കിയ വിമതരുടെ അടുപ്പിൽ വേവിച്ചെടുത്ത് കഥമാത്രമാണ് ഇതെന്നാണ് ഐ എന്‍ എല്‍ കാസിം ഇരിക്കൂർ വിഭാഗം സംസ്ഥാന സമിതി അംഗമായ അബ്ദുള്‍ വഹാബ് സിപി വ്യക്തമാക്കുന്നത്. വണ്ടിച്ചെക്ക് നൽകി പ്രവാസിയെ വഞ്ചിച്ചെന്ന കേസില്‍ കോടതി ചുമത്തിയ 63 ലക്ഷം രൂപ പിഴ അടക്കാൻ വിധി വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേരിയില്‍ മന്ത്രിയുടെ വിൻവേ ഓട്ടോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
എന്നാല്‍ അഹമ്മദ് ദേവർകോവില്‍ സ്ഥാപനത്തിന്റെ ഉടമസ്ഥരില്‍ ഒരാളാവുന്നതിന് മുമ്പുള്ള കേസാണ് ഇതെന്ന് അബ്ദുള്‍ വഹാബ് സിപി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ചെക്ക് കേസ്; പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
അഹമ്മദ് ദേവർകോവിലിനെ കോഴിക്കോട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച തിയ്യതി മുതൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ചിലർ ഉപജാപങ്ങളുടെ പണിപ്പുരയിൽ ആണ്ടു മുങ്ങി കഥമെനയുന്ന തിരക്കിലാണ്. മുട്ടാത്ത വാതിലുകളും തപ്പാത്ത രേഖകളുമില്ല. പി.എസ്.സി കോഴ ആരോപണം, എറണാകുളത്തെ ക്വട്ടേഷൻ ആക്രമണം, ബിജെപി നേതാവ് കെ സുരേന്ദ്രനെ മുന്നിൽനിർത്തി നടത്തിയ തീവ്രവാദ ആക്ഷേപം തുടങ്ങിയ ഓരോ കഥക്കും പക്ഷെ ഇയ്യാം പാറ്റയുടെ ആയ്യുസ്സെ ലഭിച്ചുള്ളൂ.

പാർട്ടി പുറത്താക്കിയ വിമതരുടെ അടുപ്പിൽ വേവിച്ചെടുത്ത്, ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങളിലൂടെ പ്രസരിപ്പിച്ച് , എപി വഹാബ് മാസ്റ്ററുടെ ഗീബൽസുമാർ കൊണ്ടാടുന്ന പുതിയ ചെക്ക് വിവാദത്തിൻ്റെ വസ്തുത എന്താണ്..? അഞ്ച് പേർ ഡയറക്ട മാരായി പ്രവർത്തിച്ചിരുന്ന മഞ്ചേരിയിലെ വിൻവെ ഓട്ടോ ഇൻഡസ്ട്രീ എന്ന സ്ഥാപനത്തിൻ്റെ ഓഹരിയുടെ 25% 2013 ൽ ബഹു അഹമ്മദ് ദേവർ കോവിലിൻ്റെ കയ്യിലെത്തുന്നത്.

എന്നാൽ 2011 ൽ സ്ഥാപനത്തിൻ്റെ ഷെയറുമായി ബന്ധപ്പെട്ട് മുൻ എംഡിയുമായുള്ള സാമ്പത്തിക ഇടപാടാണ് പരാതിക്ക് ആധാരമായി പറയപ്പെടുന്നത്. എന്നാൽ പ്രസ്തുത ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളും മുൻ എംഡി നിഷേധിക്കുന്നുമുണ്ട്..! അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ചെക്ക് മടങ്ങിയത്രെ.. ഇതിനെ തുടർന്ന് പരാതിക്കാരൻ വടകര കോടതിയിൽ ഫയൽ ചെയത കേസിൽ കമ്പനിക്ക് എതിരായി വന്ന ബഹു ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ മേൽകോടതിയിൽ കമ്പനി നൽകിയ അപ്പീലിൽ കീഴ്കോടതിയുടെ വിധി ഭാഗികമായി റദ്ദാക്കുകയും 63 ലക്ഷംരൂപ പരാതിക്കാരന് നൽകണമെന്ന് തീർപ്പാക്കുകയും ചെയ്തു.

ദേവർകോവിൽ കമ്പനിയിൽ വരുന്നതിൻ്റെ രണ്ട് വർഷം മുമ്പ് നടന്നു എന്ന് പറയപ്പെടുന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരാതി എന്നതിനാൽ കോടതി വ്യവഹാരത്തിൽ നിന്ന് തന്നെയും, കമ്പനിയെയും നിരുപാധികം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ നൽകിയ അപ്പീലിൽ നടപടിക്രമങ്ങൾ തുടരുകയാണ്. ഇതിൽ എവിടെയാണ് വീഴ്ച?

മാത്രമല്ല തിരഞ്ഞെടുപ്പ് സമയത്ത് ഈ കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർ ശിക്കുന്ന വിവിധ പത്രങ്ങളിലും, ചാനലുകളിലും പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നോമിനേഷൻ സമയത്തും പാർട്ടിക്ക് അകത്തിരുന്നുകൊണ്ട് തന്നെ ലീഗ് കേന്ദ്രങ്ങൾക്ക് പാർട്ടിയിൽനിന്നും പുറത്താക്കിയ വിമതവിഭാഗം ഇപ്പോൾ പുതിയതെന്നു പറയുന്ന രേഖകൾ എത്തിച്ചുകൊടുക്കുകയും, ദേവർകോവിലിൻ്റെ സ്ഥാനാർത്ഥിത്വം റദ്ദ് ചെയ്യാൻ പഴുതുകൾ ഉപദേശിച്ച് ലീഗ് കേന്ദ്രങ്ങളെ സമീപ്പിച്ചതും വിമതരുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച പാർട്ടി കമ്മറ്റി കണ്ടെത്തിയതാണ്.

ഈ വസ്തുതകൾ എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് വിമതപക്ഷം മ്ലേഛമായ ഈ ആരോപണം വീണ്ടും തൊടുക്കുന്നത്. ഭ്രാന്തമായ അധികാരമോഹത്താൽ അസൂയയും, കളവും മുഖമുദ്രയാക്കിയ വിമതപക്ഷത്തെ കേരളത്തിലെ ആദർശ ധീരരായ പാർട്ടി പ്രവർത്തകർ ചുരുട്ടികെട്ടി മൂലയിലെറിഞ്ഞ തീരുമാനം എത്രമേൽ ശരിയായിരുന്നു എന്ന് അടിവരയിടുന്നതാണ് വിമതരുടെ ഓരോ പരാക്രമങ്ങളും. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, അത്രമാത്രം.












Click it and Unblock the Notifications