അയ്യങ്കുന്നിലെ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടു; പകരം വീട്ടുമെന്ന് മുന്നറിയിപ്പ്, പോസ്‌റ്റർ
വയനാട്: കണ്ണൂർ അയ്യൻകുന്നിൽ കഴിഞ്ഞ മാസം നടന്ന തണ്ടർബോൾട്ട്-മാവോയിസ്‌റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി മാവോയിസ്‌റ്റുകളുടെ വെളിപ്പെടുത്തൽ. വയനാട്ടിലെ തിരുനെല്ലിയിൽ മാവോയിസ്‌റ്റുകൾ പതിപ്പിച്ച പോസ്‌റ്ററിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കവിത (ലക്ഷ്‌മി) എന്ന മാവോയിസ്‌റ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്‌റ്ററിൽ പറയുന്നു.
കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ കഴിഞ്ഞ നവംബർ 13നായിരുന്നു മാവോയിസ്‌റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ചിലര്‍ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. ഇതിനെ ശരിവെച്ചുകൊണ്ടാണ് മാവോയിസ്‌റ്റ് പോസ്‌റ്റർ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് തിരുനെല്ലിയിൽ പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്. തിരുനെല്ലി ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്‌റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് കോളനിയിലേക്ക് എത്തിയതെന്നാണ് സൂചന. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നാണ് പോസ്‌റ്ററിൽ പറയുന്നത്.
അതേസമയം, തണ്ടർബോൾട്ട് എംഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് കഴിഞ്ഞ മാസം അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും സൂചനയുണ്ട്. സംഭവത്തോടെ തണ്ടർബോൾട്ടിന്റെ കൂടുതൽ അംഗങ്ങളെ ഇവിടേക്ക് വിന്യസിച്ചിരുന്നു. ഈ ഏറ്റുമുട്ടലിലാണ് കവിത കൊല്ലപ്പെട്ടതായി മാവോയിസ്‌റ്റുകൾ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ വയനാട് പേര്യയിലും മാവോയിസ്‌റ്റുകളും തണ്ടർബോട്ടും തമ്മിൽ വെടിവെപ്പ് ഉണ്ടായിരുന്നു. തുടർന്ന് മാവോയിസ്‌റ്റ് പ്രവർത്തകരായ ചന്ദ്രു, ഉണ്ണിമായ എന്നിവരെ തണ്ടർബോൾട്ട് കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. പ്രദേശവാസിയായ അനീഷ് എന്നയാളുടെ വീട്ടിലെത്തി ഭക്ഷണം വാങ്ങി കഴിച്ച ശേഷം പുറത്തിറങ്ങവെ ഇവരെ തണ്ടർബോൾട്ട് സംഘം വളയുകയായിരുന്നു.
വയനാട്ടിൽ വെച്ച് പിടിയിലായ മാവോയിസ്‌റ്റ് ഉണ്ണിമായയെ കസ്‌റ്റഡിയിൽ വാങ്ങിയ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്, കഴിഞ്ഞ ദിവസം 11 കേസുകളുടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണിമായ ഉൾപ്പെട്ട മാവോയിസ്‌റ്റ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മുത്തപ്പൻപുഴ, കൂരോട്ടുപാറ, മേലെ മരുതിലാവ്, വള്ള്യാട്, മട്ടിക്കുന്ന്, പേരാമ്പ്ര എസ്‌റ്റേറ്റ്, സീതപ്പാറ, പിറുക്കൻതോട് എന്നീ ഇടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടന്നത്.
വയനാട്ടിൽ നിന്നും പിടിയിലായ മാവോയിസ്‌റ്റ് സംഘാംഗം ചന്ദ്രുവിന്റെ തെളിവെടുപ്പ് കഴിഞ്ഞയാഴ്ച ആറ് സ്ഥലങ്ങളിൽ നടത്തിയിരുന്നു. ഉപവൻ റിസോർട്ടിൽ 2019ൽ നടന്ന പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ കേസിൽ ഉൾപ്പെടെയാണ് ചന്ദ്രുവിന്റെ തെളിവെടുപ്പ് നടന്നത്.












Click it and Unblock the Notifications