പോലീസിനെ 'നോക്കുകുത്തിയാക്കി' മംഗളം പത്രം...? ഡിജിപി പ്രസ് കൗണ്‍സിലിനെ സമീപിച്ചു
തിരുവനന്തപുരം: ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ചിത്രം ഇതുവരെ പോലീസ് പുറത്ത് വിട്ടിട്ടില്ല. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാകാത്തതിനാല്‍ ചിത്രം പുറത്ത വിടുന്നത് അന്വേഷണ ബാധിയ്ക്കും എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശം മറികടന്ന് കഴിഞ്ഞ ദിവസം മംഗളം പത്രം പ്രതിയുടേതെന്ന് രീതിയില്‍ ഒരു ചിത്രം പ്രസിദ്ധീകരിച്ചു.
നേരത്തേ തന്നെ ചില മാധ്യമങ്ങള്‍ക്ക് അമീറുള്‍ ഇസ്ലാമിന്റെ ചിത്രം ലഭിച്ചിരുന്നു. എന്നാല്‍ ചിത്രം പ്രസിദ്ധീകരിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മാധ്യമങ്ങള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു.
ഇതൊന്നും പരിഗണിയ്ക്കാതെയാണ് കഴിഞ്ഞ ദിവസം മംഗളം പത്രം പ്രതിയുടേതെന്ന പേരില്‍ ചിത്രം പ്രസിദ്ധീകരിച്ചത്. അതിന് പത്രത്തിന് അവരുടേതായ ന്യായീകരണവും ഉണ്ട്.

അമീറുള്ളിന്റെ ചിത്രം
അസമിലുള്ള ചിലര്‍ പുറത്ത് വിട്ട ചിത്രം എന്ന രീതിയിലാണ് മംഗളം പത്രം അമീറുള്‍ ഇസ്ലാമിന്റേത് എന്ന പേരില്‍ ചിത്രം പ്രസിദ്ധീകരിച്ചത്.

ഉറപ്പില്ല
ഈ ചിത്രം അമീറുള്ളിന്റെ തന്നെ ആണോ എന്ന കാര്യത്തില്‍ ഇപ്പോഴും പോലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നില്ല എന്നതാണ് സത്യം.

പ്രസ് കൗണ്‍സിലിന് പരാതി
പോലീസ് നിര്‍ദ്ദേശം അവഗണിച്ച് പ്രതിയുടേതെന്ന പേരില്‍ ചിത്രം പ്രസിദ്ധീകരിച്ചതില്‍ മംഗളം പത്രത്തിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രസ് കൗണ്‍സ് ഓഫ് ഇന്ത്യയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധം
ചിത്രം പ്രസിദ്ധീകരിച്ചത് ക്രൈം റിപ്പോര്‍ട്ടിങ് സംബന്ധിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നാണ് പോലീസ് പറയുന്നത്.

വീണ്ടും നിര്‍ദ്ദേശം
പത്രത്തിന്റെ പേര് പരാമര്‍ശിയ്ക്കാതെ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. പ്രതിയുടെ ച്തിരമോ വീഡിയോയോ പ്രസിദ്ധീകരിയ്ക്കരുതെന്ന് പോലീസ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

അറിയാനുള്ള അവകാശം
ജനങ്ങളുടെ അറിയാനുള്ള അവകാശം മുന്‍നിര്‍ത്തിയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് മംഗളം പത്രത്തിന്റെ വിശദീകരണം.












Click it and Unblock the Notifications