ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്‌മള അദ്ധ്യായം; കണ്ണൂർ ബീച്ച് റണ്ണിൽ താരമായി യുഎഇ സാമ്പത്തിക മന്ത്രി
കണ്ണൂർ: ഇന്ത്യ-യുഎഇ ബന്ധത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കാനുള്ള നിയോഗം ഉണ്ടായത് ഇക്കുറി കണ്ണൂരിനാണ്. യുഎഇയുടെ കമ്മ്യൂണിറ്റി വർഷത്തോടനുബന്ധിച്ച് കണ്ണൂർ പയ്യാമ്പലം ബീച്ചില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടുത്ത വിശിഷ്‌ടാതിഥിയാണ് അതിന് കാരണം. യുഎഇ സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിൻ തൗഖ് അൽ മാരിയാണ് ചടങ്ങിൽ തന്റെ സാന്നിധ്യം കൊണ്ട് എല്ലാവരെയും ഒരുപോലെ അമ്പരപ്പിച്ചത്.
കമ്മ്യൂണിറ്റി സേവനം, സന്നദ്ധപ്രവർത്തനം, ഫലപ്രദമായ സംരംഭങ്ങൾ എന്നിവയിലൂടെ സമൂഹത്തിന് സജീവമായ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് യുഎഇ 2025 ഇയർ ഓഫ് കമ്മ്യൂണിറ്റി വർഷമായി ആചരിക്കാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് യുഎഇ മന്ത്രി താരമായി മാറിയത്.

മലയാളികൾ കൂടുതലായി ഉള്ള ഗൾഫ് രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഇത് കണക്കിലെടുത്താണ് അഞ്ചു കിലോമീറ്റർ കമ്മ്യൂണിറ്റി റൺ പ്രത്യേകമായി കണ്ണൂർ ബീച്ച് റണ്ണിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറാണ് കമ്മ്യൂണിറ്റി റൺ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതിന് പുറമേ പ്രമുഖ കായിക താരം പ്രീജ ശ്രീധരനും ചടങ്ങിൽ സന്നിഹിതയായി.
യുഎഇ മന്ത്രിക്കൊപ്പം യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിപിഎസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. ഷംഷീർ അടക്കം നൂറിലധികം പേർ ഈ വിഭാഗത്തിൽ സാന്നിധ്യം അറിയിച്ചു. എന്നാൽ ഫിറ്റ്നസ് പ്രേമികൂടിയായ മന്ത്രി അബ്‌ദുല്ല ബിൻ തൗഖ് അൽ മാരി അതിവേഗം അഞ്ച് കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി കാണികളുടെ കൈയടി നേടി.
ഇന്‍വെസ്‌റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലെത്തിയ യുഎഇ സാമ്പത്തിക മന്ത്രി അബ്‌ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ ബീച്ച് റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്‌മകളെയും കുറിച്ച് ഡോ. ഷംഷീർ വയലിൽ നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ തയ്യാറായതും ചടങ്ങിൽ പങ്കെടുത്തതും.
അഞ്ച് കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം യുഎഇ മന്ത്രി തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്‌തു. ഡോ. ഷംഷീറുമായി ചേർന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ കമ്മ്യൂണിറ്റി റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. അടുത്ത വർഷം ഹാഫ് മാരത്തോൺ ഓട്ടത്തിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അബ്‌ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.
നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കണ്ണൂർ ബീച്ച് റണ്ണിൽ ഈ വർഷം വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം പേരാണ് പങ്കെടുത്തത്. ഹാഫ് മാരത്തണിനുള്ള കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇവിടെ ഒരുക്കിയത്. മാത്രമല്ല എത്യോപ്യയിൽ നിന്നുള്ള ആറ് അന്താരാഷ്‌ട്ര റണ്ണർമാരുടെ പങ്കാളിത്തത്തോടെ മത്സരം സമാനതകൾ ഇല്ലാത്ത വിധം വെറും വാശിയും നിറഞ്ഞതാവുകയിരുന്നു.












Click it and Unblock the Notifications