കെനിയയിലെ ജോമോ കെനിയാറ്റ വിമാനത്താവള നവീകരണം; അദാനിക്ക് നഷ്ടമായി, കരാർ ചൈനീസ് കമ്പനിക്ക്
നെയ്റോബി: കെനിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനും നവീകരണത്തിനുമുള്ള കരാർ ചൈനീസ് കമ്പനിക്ക്. ഏകദേശം 2.9 ബില്യൺ ഡോളർ മൂല്യമുള്ള പദ്ധതിക്കായുള്ള കരാർ ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനി സ്വന്തമാക്കി. നേരത്തെ അദാനി ഗ്രൂപ്പിന് നൽകാനിരുന്ന പദ്ധതി റദ്ദാക്കിയതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് പുതിയ കരാർ പ്രഖ്യാപിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ നിർദേശം ഏകദേശം 2 ബില്യൺ ഡോളറിന്റെ പദ്ധതിയായിരുന്നു. അതിനേക്കാൾ ഏകദേശം 50 ശതമാനം കൂടുതലാണ് ഇപ്പോൾ ചൈനീസ് കമ്പനിക്ക് ലഭിച്ച കരാറിന്റെ മൂല്യം. വിമാനത്താവളത്തിന്റെ റൺവേ വികസനം, പുതിയ ടെർമിനലുകൾ, യാത്രക്കാരുടെ സൗകര്യങ്ങളുടെ നവീകരണം, ചരക്ക് ഗതാഗത ശേഷി വർധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വലിയ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

2024-ൽ കെനിയൻ സർക്കാർ അദാനി ഗ്രൂപ്പുമായി പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പ്രസിഡന്റ് വില്യം റൂട്ടോയ്ക്ക് മേൽ രാഷ്ട്രീയവും പൊതുസമ്മർദ്ദവും ശക്തമായി. ഇതോടെ 2024 നവംബറിൽ അദാനി കരാർ റദ്ദാക്കുകയായിരുന്നു. അദാനി ഗ്രൂപ്പ് ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും വിഷയം കെനിയയിൽ വലിയ രാഷ്ട്രീയ വിവാദമായി മാറി.
കെനിയൻ വിസിൽബ്ലോയറും ഫ്രാൻസിൽ താമസിക്കുന്ന സാമൂഹിക മാധ്യമ പ്രവർത്തകനുമായ നെൽസൺ അമേന്യയുടെ നേതൃത്വത്തിൽ അദാനി കരാറിനെതിരെ ശക്തമായ ഓൺലൈൻ പ്രചാരണം നടന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയും പൊതുചർച്ചകളിലൂടെയും പദ്ധതിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇതോടെ വിമാനത്താവള നവീകരണ പദ്ധതി രാജ്യത്തെ പ്രധാന രാഷ്ട്രീയ വിഷയങ്ങളിലൊന്നായി മാറുകയും ചെയ്തു.
ഇതിനിടെ അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി ആരോപണം ഉന്നയിക്കുന്ന വ്യാജ പത്രക്കുറിപ്പ് പ്രചരിച്ചതായും കമ്പനി ആരോപിച്ചിരുന്നു. ഈ ആരോപണം കമ്പനി പരസ്യമായി നിഷേധിക്കുകയും ചെയ്തിരുന്നു. വിഷയത്തിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായി. കോൺഗ്രസ് നേതാവ് ജയറാം രമേശ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ കെനിയയിലെ സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, 2026 ജൂണിൽ യുഎസ് നീതിന്യായ വകുപ്പ് കേസിൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ നിയമപരമായ അനിശ്ചിതത്വങ്ങൾക്ക് വിരാമമായെങ്കിലും, കെനിയയിലെ വിമാനത്താവള പദ്ധതി ഇതിനകം അദാനി ഗ്രൂപ്പിന്റെ കൈവിട്ടിരുന്നു.
ആഫ്രിക്കയിലെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളം വർഷങ്ങളായി നവീകരണത്തിനായി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്ന് കെനിയൻ സർക്കാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് അദാനിക്ക് പകരം ചൈനീസ് കമ്പനിയെ തിരഞ്ഞെടുത്തത്. പുതിയ കരാർ കെനിയ-ചൈന സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications