കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃക്കാക്കരയിലെ ജനവിധി; കോണ്‍ഗ്രസിന്റ തകർച്ചയുടെ അടയാളപ്പെടുത്തലായിരിക്കും: എഎ റഹീം സംസാരിക്കുന്നു

Google Oneindia Malayalam News

തൃക്കാക്കര: പതിറ്റാണ്ടുകളായി യുഡിഎഫ് കോട്ടകളായി നിലകൊണ്ട പാലായും കോന്നിയും വട്ടിയൂർക്കാവുമെല്ലാം ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത അതേ ആത്മവിശ്വാസസത്തിലാണ് തൃക്കാക്കരയിലും ഇടതുമുന്നണി പ്രചരണം ശക്തമാക്കുന്നത്. 2011 ന് മുതല്‍ യുഡിഎഫ് മാത്രം വിജയിക്കുന്ന മണ്ഡലമാണെങ്കില്‍ തൃക്കാക്കരയിലെ വികസന മുരടിപ്പും പിണറായി വിജയന്‍ സർക്കാർ മുന്നോട്ട് വെക്കുന്ന വികസന മുദ്രാവാക്യവുമായി മന്ത്രിമാർ അടക്കമുള്ള ഉന്നത നേതാക്കള്‍ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്തി ജനങ്ങളോട് നേരിട്ട് സംവദിക്കുകയാണ്. കെ-റെയില്‍ വരേണ്ട ആവശ്യകതയും മണ്ഡലം നേരിടുന്ന കുടിവെള്ള പ്രശ്നങ്ങളുമെല്ലാം കുടുംബയോഗത്തില്‍ വ്യക്തമായി തന്നെ നേതാക്കള്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ കുടുംബയോഗങ്ങളുടേയും പൊതുപരിപാടികളുടേയും തിരക്കിനിടയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ അംഗവുമായ എഎ റഹീം വണ്‍ഇന്ത്യ മലയാളത്തോട് മനസ്സ് തുറക്കുകകയാണ്..

തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ എത്രത്തോളമാണ്?

തൃക്കാക്കരയില്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് വിജയിച്ച് കയറും. എല്‍ഡിഎഫിന് അനുകൂലമായ നിരവധി ഘടകങ്ങള്‍ മണ്ഡലത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം തൃക്കാക്കരയുടെ വികസന മുരടിപ്പാണ്. ഇത്രയും കാലം കയ്യില്‍ കൊണ്ട് നടന്നിട്ടും ഈ മണ്ഡലത്തില്‍ ചെയ്ത് വികസനം എന്തൊക്കെയാണെന്ന് ജനങ്ങളോട് പറയുന്നതില്‍ യുഡിഎഫ് പരാജയപ്പെടുകയാണ്. വികസനത്തേക്കുറിച്ചുള്ള ഒരു വാദം പോലും അവർക്കില്ല. നേരേ മറിച്ച് ജോ ജോസഫ് വികസനക്കാഴ്ചപ്പാടില്‍ കൃത്യമായ അജണ്ട മുന്നോട്ട് വെച്ചുകൊണ്ടാണ് ജനങ്ങളെ സമീപിക്കുന്നത്. ഏതൊക്കെ വികസന പ്രവർത്തനങ്ങള്‍ക്ക് പ്രധാന്യം കൊടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ട്.

ff

ഇടതുമുന്നണി സർക്കാർ സംസ്ഥാനത്താകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി തൃക്കാക്കരയ്ക്ക് മാറാന്‍ ജോ ജോസഫിലൂടെ കഴിയുമെന്ന് വോട്ടർമാർ വിശ്വസിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിജയം നിർണ്ണയിക്കുന്നതില്‍ ഇതും പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചെറുപ്പത്തിന് ജനം വോട്ടുചെയ്യും എന്നും പ്രതീക്ഷിക്കുന്നു. പുതിയ തലമുറയുടെ പ്രതിനിധിയാണ് ജോ. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പുതിയ തലമുറയെ വലിയ തോതില്‍ സ്വാധീനിക്കും. തൃക്കാക്കരയ്ക്ക് ഏറ്റവും ഉചിതമായ ഒരു സ്ഥാനാർത്ഥിത്വമാണ് ജോ ജോസഫിന്റേത്. അതിനാല്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ വിജയം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വികസനം തന്നെയാണ് തൃക്കാക്കരയില്‍ ഇടതുമുന്നണി മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. കേരളത്തിലേയും തൃക്കാക്കരയിലേയും വികസനമാണ് ചർച്ച ചെയ്യേണ്ടത്. കേരളത്തെ വരുന്ന 25 വർഷത്തിനകം ഇടതുമുന്നണി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. അതായത് വികസിത രാജ്യങ്ങളിലെ പൌരന്‍റെ ജീവിതത്തിന് തുല്യമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പരാജയഭീതിയില്‍ നിന്നാണ് കെ-റെയില്‍ കുറ്റിയിടലില്‍ നിന്നും സർക്കാർ പിന്മാറിയതെന്ന് യുഡിഎഫ് പ്രചരണത്തെ എങ്ങനെ കാണുന്നു?

ശുദ്ധ അസംബന്ധമാണ്. കെ റെയില്‍ തൃക്കാക്കരയും ആഗ്രഹിക്കുന്നു. വേഗത ഇഷ്ടപ്പെടാത്ത മനുഷ്യർ ആരാണ് ഉള്ളത്. സമയത്തിന് പ്രാധാന്യം നല്‍കാത്ത ആരാണ് തൃക്കാക്കരയിലുള്ളത്. സമയം എന്ന് പറയുന്നത് വളരെ മൂല്യമേറിയതാണ്. അതുകൊണ്ട് തന്നെ സമയത്തിന് വിലമതിക്കുന്ന വോട്ടർമാർ കെ-റെയിലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും. കെ-റെയിലിന് പ്രതികൂലമായി ജനങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ പാത കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാറിന് തിരിച്ചടിയാവേണ്ടതായിരുന്നല്ലോ. എന്നാല്‍ അതുണ്ടായില്ല. തിരുവനന്തപുരത്ത് ഉള്‍പ്പടെ കെ-റെയില്‍ കടന്ന് പോകുന്ന വാർഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്ത് മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും അത് പ്രകടമാണ്. കോണ്‍ഗ്രസ് അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കണം. വികസനം ആഗ്രഹിക്കുന്നവരാണ് കേരളീയർ. നാട് കൂടുതല്‍ കൂടുതല്‍ മുന്നോട്ട് പോവണം. സാങ്കേതിക വിദ്യ വളരുമ്പോള്‍ മനുഷ്യന്‍ വലിയ വേഗതിയില്‍ ദൂരത്തെ കീഴടിക്കിക്കൊണ്ടിരിക്കുകയാണ്. ആ കാലഘട്ടത്തില്‍ നാല് മണിക്കൂർ കൊണ്ട് കേരളത്തിലെ ഒരു അറ്റത്ത് നിന്നും മറ്റൊരു അറ്റത്ത് എത്താന്‍ കഴിയുന്ന വലിയ പദ്ധതി ആഗ്രഹിക്കാത്തവരുണ്ടാവില്ല.

ff

കെ-റെയില്‍ സംബന്ധിച്ച് ജനങ്ങളുടെ പ്രതികരണം എന്താണ്?

തൃക്കാക്കരയിലെ ഒരുപാട് ആളുകള്‍ കെ-റെയില്‍ വരണമെന്ന അഭിപ്രായം എന്നോട് നേരിട്ട് പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് തന്നെ ഒരാള്‍ വന്നെ കെ-റെയില്‍ വരണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം വ്യക്തമാക്കി. ഇപ്പോള്‍ വന്നില്ലെങ്കില്‍ പിന്നെ വരില്ലെന്നായിരുന്നു കോണ്‍ഗ്രസുകാരനായ അദ്ദേഹം പോലം അഭിപ്രായപ്പെട്ടത്. കെ-റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനെതിരെ അദ്ദേഹം തുറന്ന് സംസാരിച്ചു.

കാവ്യാ മാധവന് വെച്ച പണി തിരിച്ച് കൊടുത്തത് തന്നെയാണ്; പക്ഷെ അത് ദിലീപല്ല: സജി നന്ത്യാട്ട്കാവ്യാ മാധവന് വെച്ച പണി തിരിച്ച് കൊടുത്തത് തന്നെയാണ്; പക്ഷെ അത് ദിലീപല്ല: സജി നന്ത്യാട്ട്

മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിലും ജനങ്ങള്‍ക്ക് കൃത്യമായ കാഴ്ച്ചപാടുണ്ട്. മൈക്കുമായി പോയി ആളുകളുടെ പ്രതികരണം എടുക്കുമ്പോള്‍ ഭൂരിപക്ഷം ആളുകളുടേയും പ്രതികരണം കെ-റെയില്‍ വേണമെന്നാണ്. ഒന്നോ രണ്ടോ ആളുകളാണ് മറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നത്. എന്നാല്‍ മാധ്യമങ്ങളും യുഡിഎഫും ആ മഹാഭൂരിപക്ഷം വരുന്ന ആളുകളുടെ പ്രതികരണം അല്ല കാണുന്നതെന്ന് വിമർശനാത്മകമായി പറഞ്ഞ ഒരു വോട്ടറെ ഞാന്‍ ഓർക്കുകകയാണ്. ആളുകള്‍ ഇത്തരത്തില്‍ വളരെ അനുകൂലമായ രീതിയിലാണ് കെ-റെയിലിനെ കാണുന്നത്.

കെപിസിസി അധ്യക്ഷന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തെ കണ്ണൂർ ശൈലിയെന്ന ലാഘവത്തില്‍ ഒതുക്കാന്‍ കഴിയുന്നതാണോ?

കെ സുധാകരനും കോണ്‍ഗ്രസും തുടർച്ചയായി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. മോശം പദങ്ങളും പ്രയോഗങ്ങളും കേരളം പൊതുവില്‍ അംഗീകരിക്കുന്ന കാര്യമല്ല. സുധാകരനില്‍ നിന്നും ഇപ്പോഴുണ്ടായ പ്രതികരണം ഏറെ അപലപനീയമാണ്. കേരളം കേള്‍ക്കാനാഗ്രഹിക്കാത്ത വാക്കുകളാണ് അദ്ദേഹത്തിന്റേത്. പരാജയ ഭീതിയില്‍ നിന്നുമാണ് അദ്ദേഹം അത് പറയുന്നത്. പരാജയത്തിന് ശേഷം കോണ്‍ഗ്രസില്‍ സംഭവിക്കാന്‍ പോവുക വലിയ പ്രശ്നങ്ങളായിരിക്കും. സുധാകരന്‍ പ്രതിക്കൂട്ടിലാവും എന്ന കാര്യം ഉറപ്പാണ്. വേറെ ഒരാളെ തീരുമാനിച്ചാല്‍ പാർട്ടിയില്‍ കലാപം ഉണ്ടാവും എന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥി തന്നെ വരുന്നത്. വേറെ ഏതൊരു സ്ഥാനാർത്ഥിയെ സുധാകരനും സതീശനും ആലോചിച്ചാല്‍ അടിയുണ്ടാവും. ആ പൊട്ടിത്തെറി ഒഴിവാക്കാനുള്ള കുറുക്ക് വഴിയായിരുന്നു ഈ സ്ഥാനാർത്ഥിത്വം. എന്നിട്ട് പോലും പൊട്ടിത്തെറിയുണ്ടായി. ഡിസിസി ജനറല്‍സെക്രട്ടറി സിപിഎമ്മിലെത്തി. ഇതെല്ലാം കണ്ട് ഹാലിളകിയ, പരാജയഭീതി പൂണ്ട് നില്‍ക്കുന്ന സുധാകരനില്‍ നിന്നുണ്ടായ വാക്കുകളായിട്ടാണ് ഞാനിതിനെ കാണുന്നത്.

ldf

ഇതിന് മുമ്പും അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. തിരുത തോമ എന്നാണ് കെവി തോമസ് മാസ്റ്ററെ വിളിച്ചത്. മുഖ്യമന്ത്രിയെ ചെത്തുകരാന്റെ മകനെന്നും. ഒരാള്‍ ജനിച്ച കുടുംബത്തിലെ പാരമ്പര്യമായ തൊഴിലുകളേയും ജാതിയേയും വംശീയതേയുമെല്ലാം ചൂണ്ടി സംസാരിക്കുന്നത് ശ്രീനാരായണ ഗുരും സ്വപ്നം കണ്ട കേരളത്തിന് വിരുദ്ധമാണ്. ഗുരുസ്വപ്നം കണ്ട കേരളം, മന്നത്ത് പത്മനാഭന്‍ മുതല്‍ വക്കം മൌലവി വരേയുള്ള നവോത്ഥാന നായകർ സ്വപ്നം കണ്ട ഒരു കേരളമുണ്ട്, ആ കേരളത്തിലാണോ സുധാകരന്‍ ജീവിക്കുന്നത്. സുധാകരന് ആ ചരിത്രം അറിയാമോ എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്

തൃക്കാക്കരയില്‍ യുഡിഎഫിന് തിരിച്ചടിയാവും എന്ന് കരുതുന്ന പ്രധാന ഘടകങ്ങള്‍ എന്തൊക്കെയാണ്?

തൃക്കാക്കരയിലെ വികസന മുരടിപ്പും വികസനത്തെ അട്ടിമറിക്കുന്നതിന് വേണ്ടി ബിജെപിയുമായും ജമാഅത്തെ ഇസ്ലാമിയുമായെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ വികസന വിരുദ്ധ സമരവുമായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാവാന്‍ പോവുന്ന പ്രധാന ഘടകങ്ങള്‍.

ഇടതിന്റെ പരാജയം ഉറപ്പ് വരുത്താന്‍ ബിജെപി യുഡിഎഫിന് വോട്ട് മറിക്കുമെന്ന് കരുതുന്നുണ്ടോ?

ബിജെപിയും കോണ്‍ഗ്രസും എല്ലാസമയത്തും ഒരുമിച്ചാണ് കേരളത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരു കൂട്ടരുടേയും തുല്യ ശത്രുവായി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണുകയാണ്. ബിജെപിയുമായി സഹകരിച്ച് കോണ്‍ഗ്രസ് വോട്ട് മറിക്കുന്നു എന്നുള്ളത് കേരളത്തിലേ ആദ്യത്തെ കാര്യമല്ല. നിരവധി തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അത്തരം സമീപനം സ്വീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പോപ്പുലർ ഫ്രണ്ടുമായി പോലും ചേർന്ന് നിന്നിട്ടുണ്ട്. ഇന്ന് ബിജെപിയുമായി സഹകരിക്കുന്നു, നാളെ നേതാക്കള്‍ ബിജെപിയിലേക്ക് പോവുന്നു എന്നുള്ളതാണ് സാഹചര്യം.

'മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസ ചന്ദ്രികയോ': പുത്തന്‍ ലുക്കില്‍ ക്യൂട്ടായി ഭാവന

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം എത്ര പേരാണ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയിരിക്കുന്നത്. പഞ്ചാബ് പിസിസി അധ്യക്ഷനായിരുന്ന സുനില്‍ ജാഖർ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേർന്നത്. ഇവിടെ സുധാകരന്‍ ഇരിക്കുന്ന അതേ കസേരയില്‍ ഇരുന്ന വ്യക്തിയാണ് അദ്ദേഹം. ത്രിപുരയില്‍ ബിജെപിയുടെ പുതിയ മുഖ്യമന്ത്രിയായി വന്ന മണിക് സാഹയും കോണ്‍ഗ്രസിന്റെ പഴയ നേതാവാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട ഹർദ്ദിക് പട്ടേലും ബിജെപിയിലേക്കാണെന്നാണ് വാർത്ത. ഇത്തരത്തില്‍ ദേശീയ തലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടം മാത്രമായി കോണ്‍ഗ്രസ് മാറി.

aa rahim

കേരളത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അതിന്റെ തെളിവാണ് സമീപകാല തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍. കോണ്‍ഗ്രസില്‍ അണികള്‍ക്ക് വിശ്വാസമില്ല. അവർ പാർട്ടിയില്‍ നിന്നും വിട്ടുപോകുകയാണ്. ഉദാഹരണമായി ഇടുക്കി ജില്ലയുടെ കാര്യമെടുത്താല്‍ 20 വർഷമായി അവിടെ നിന്നും കൈപ്പത്തി ചിഹ്നത്തില്‍ ഒരാള്‍ വിജയിച്ച് നിയമസഭയിലെത്തിയിട്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തികേന്ദ്രമായ മറ്റൊരു ജില്ലയായിരുന്നു പത്തനംതിട്ട. ലീഗിന് മലപ്പുറം പോലൊരു ജില്ലയാണ് പത്തനംതിട്ടയെന്നായിരുന്നു ജില്ല രൂപീകരിച്ചപ്പോള്‍ ലീഡർ കെ കരുണാകരന്‍ പറഞ്ഞിരുന്നത്. ആ ജില്ലയില്‍ കൈപ്പത്തി ചിഹ്നത്തിലൊരാളില്ല. 100 പേരുള്ള തലസ്ഥാന നഗരസഭയില്‍ രണ്ടക്കം തികയ്ക്കാന്‍ കഴിയാതെ പോയ പാർട്ടിയാണ് കോണ്‍ഗ്രസ്. വിശ്വാസ്യത നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ എല്ലാ കോട്ടയും തകർന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വലിയ തകർച്ച അടയാളപ്പെടുത്തലായിരിക്കും തൃക്കാക്കരയിലുമുണ്ടാവുക.

നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാറിനെതിരായി ഉയരുന്ന ആരോപണങ്ങളെ എങ്ങനെ കാണുന്നു?

നടി ആക്രമിക്കപ്പെട്ട കേസില്‍ അതീജിവിതയ്ക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിരിക്കുന്നത്. പിണറായി വിജയനായിരുന്നില്ല, കേരളത്തിന്റെ മുഖ്യമന്ത്രിയെങ്കില്‍, ഇടതുപക്ഷമല്ല കേരളം ഭരിച്ചിരുന്നതെങ്കില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നോ? ഇടത് സർക്കറല്ലായിരുന്നെങ്കില്‍ അത്തരമൊരു അറസ്റ്റ് ഉണ്ടാവുമായിരുന്നോ?. ആ ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍ നേതാക്കളാണ് കോണ്‍ഗ്രസിന്റെ എംഎല്‍എ. ദിലീപ് എന്തുകൊണ്ട് അകത്ത് പോയി എന്നത് ജനത്തിന് എല്ലാ കാര്യവും ശരിയായ രീതിയില്‍ അറിയാം. എത്രയോ പ്രിവിലേജ്ഡ് ആയിട്ടുള്ളൊരു പ്രതിയാണ് ദിലീപ്. എന്നിട്ടും അദ്ദേഹത്തിന്റെ അറസ്റ്റുണ്ടായി. സർക്കാറിന്റെ വിശ്വാസ്യത കോണ്‍ഗ്രസിന്റെ ആരോപണങ്ങളുടെ മുന്നില്‍ തെളിയിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. അതിജീവിതയും സർക്കാറിന്റെ നിലപാടിനെതിരായി പറയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ട്വന്റി-ട്വന്റി, എഎപി സഖ്യത്തിന്റെ നിലപാടിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അവരുടെ നിലപാട് എന്തായിരിക്കും എന്നതില്‍ ഞാന്‍ ശ്രദ്ധയൂന്നുന്നില്ല. അതില്ലാതെ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിക്ക് ജോ ജോസഫ് തൃക്കാക്കരയില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇത്രയും നാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ച ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

English summary
aa rahim interview: result of Thrikkakara by-election will mark the collapse of the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X