പി.ആർ സുനുവിന്റെ തൊപ്പി തെറിക്കും; സർവീസിൽ നിന്ന് പിരിച്ചു വിടാൻ നടപടി തുടങ്ങി
തിരുവനന്തപുരം: ബലാൽസംഗം ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡിജിപിയാണ് ഇന്ന് വൈകുന്നേരം നോട്ടീസ് നൽകിയത്.
പി.ആർ.സുനു 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ്. ഓരോ കുറ്റകൃത്യത്തെ കുറിച്ചും വിശദമായി പരാമർശിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ദളിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ്തല അന്വഷണം പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയിൽ ശിക്ഷിച്ചിരുന്നു. സ്ഥാനകയറ്റം തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷ.

എന്നാൽ ഈ ശിക്ഷാ നടപടി ഡിജിപിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പുന: പരിശോധിച്ച് പിരിച്ചുവിടലാക്കി മാറ്റിയ ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കൂട്ടബലാൽസംഗം കേസിൽ ആരോപണം വിധേയാനായതിനെ തുടർന്ന് ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടറായിരുന്ന സുനു ഇപ്പോൾ സസ്പെഷനിലാണ്.
തൃക്കാക്കരയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ മൂന്നാം പ്രതിയാണ് പി ആർ സുനു. കേസിൽ സുനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. തൃക്കാക്കര പോലീസ് കോഴിക്കോട്ടെത്തിയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് എറണാകുളത്തേക്ക് എത്തിച്ചിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം പീഡിപ്പിച്ചുവെന്ന് ആരോപിച്ചു തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ വീട്ടമ്മയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മെയ് മാസമാണ് വീട്ടമ്മ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ മൊഴി.
കേസ് നിലനിൽക്കുമ്പോൾ സ്റ്റേഷനിലെത്തി സുനു ചാർജെടുത്തിരുന്നു. ഇതോടെ സുനുവിനോട് അവധിയിൽ പോകാൻ എഡിജിപി എം ആർ അജിത് കുമാർ നിർദേശം നൽകുകയായിരുന്നു. 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകിയതിനു ശേഷമാണ് സുനുവിനെ സസ്പെൻഡ് ചെയ്തത്. പരാതിക്കാരിയെ അറിയില്ലെന്നും ഇതുവരെ കണ്ടിട്ടുമില്ലെന്നുമാണ് സുനു പറഞ്ഞിരുന്നക്. താൻ നിരപരാധിയെന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ജോലിയിൽ പ്രവേശിച്ചതെന്നും തനിക്ക് ശത്രുക്കൾ ഉണ്ടെന്ന് കരുതുന്നുമില്ലെന്നും സുനു പറഞ്ഞിരുന്നു. സുനുവിനെതിരെ മുമ്പും വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലും ഇയാൾ പ്രതിയാണ്.












Click it and Unblock the Notifications