'ഓണമായിട്ട് എനിക്കൊരു സന്തോഷവുമില്ല;സന്തോഷത്തിനുള്ള വക ഒന്നും ഞാന്‍ കാണുന്നില്ല'
കോഴിക്കോട്: ഓണക്കാലമാണ്, ഒപ്പം കൊവിഡ് കാലവും. കൊവിഡ് കാലത്ത് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടോരണം. എന്നാല്‍ ഈ ഓണനാളില് താന്‍ അത്ര സന്തോഷത്തിലല്ലയാമെന്നാണ് നടന്‍ ബാലചന്ദ്രമേനോന്‍ പറയുന്നു. കാരണങ്ങളും ഏറെയുണ്ട്. വില്ലന്‍ കൊറോണ തന്നെ.
ഇതുവരേയും നാം നേരിട്ടിട്ടില്ലാത്ത ഒരു വലിയ വിപത്തിനെയാണ് ഇപ്പോള്‍ നേരിടുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ സ്വാതന്ത്യത്തിന്റെ അവസ്ഥ എന്താണെന്ന് ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

എനിക്കൊരു സന്തോഷവുമില്ല
'ഉള്ളത് ഉള്ളത് പോലെ പറഞ്ഞാല്‍ ഓണമായിട്ട് എനിക്കൊരു സന്തോഷവുമില്ല എന്തെന്നാല്‍ സന്തോഷത്തിനുള്ള വക ഒന്നും ഞാന്‍ കാണുന്നില്ല. 'കാണം വിറ്റും ഓണം ഉണ്ണണം ' എന്നൊക്കെ പറഞ്ഞു ശീലിച്ചത് കൊണ്ട് മാത്രമായോ ?എന്ത് വില്‍ക്കാന്‍, അഥവാ വില്‍ക്കാന്‍ എന്തേലും വകയുണ്ടെന്നു തന്നെ വെക്കുക ...ആരു വാങ്ങാന്‍ ?'

അസുഖകരമായ ഒരു മൗനം
അസുഖകരമായ ഒരു മൗനം നമുക്ക് ചുറ്റിനും . കൃമി എന്നൊക്കെ നാം ആക്ഷേപിച്ചു പറയുമെങ്കിലും കോവിഡ് എന്ന ഈ കൃമി എട്ടു ലക്ഷം പേരെ കൊന്നു തീര്‍ത്തു ....രണ്ടര കോടിക്ക് മീതെ ജനങ്ങള്‍ ഇപ്പോഴും ഈ വൈറസിനെയും പേറി നടക്കുന്നു. കേരളത്തിലാണെങ്കിലും അനുദിനം വര്‍ധിച്ചു വരുന്ന വ്യാപനം നമ്മെ അസ്വസ്ഥരാക്കുന്നു '

മനുഷ്യരാശിയോടുള്ള നീരസം
കോവിഡ് മരണങ്ങളുടെ ഓരോ ദിവസത്തെയും എണ്ണം കേള്‍ക്കുന്നത് അസഹനീയമായ ഒരു അനുഭവം തന്നെയാണ് ....അതിനിടയില്‍ തന്നെ 'തിരുവോണപ്പുലരിയില്‍ തിരുമുല്‍ക്കാഴ്ച കാണാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി...' എന്ന പാട്ടും നാം കേള്‍ക്കുന്നു . ഇതിനിടയില്‍ തന്നെ കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്യുന്നു എന്ന വാര്‍ത്തയും നാം കേള്‍ക്കുന്നു. പ്രകൃതിയുടെ മനുഷ്യരാശിയോടുള്ള നീരസം ഇനിയും കുറയില്ലെന്നോ?

സ്വാതന്ത്ര്യത്തിന്റെ അവസ്ഥ
സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടപ്പോഴാണ് കുറെ നാളുകള്‍ക്കു ശേഷം ഒരു വേറിട്ട ചിന്ത എനിക്കുണ്ടായത് ....ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ എന്താണ്? സമൂഹ ജീവിയായ മനുഷ്യനോട് ഇപ്പോള്‍ ആദ്യം അനുശാസിക്കുന്നത് പരസ്പ്പരം അകലം സൂക്ഷിക്കാനാണ് ....തീര്‍ന്നില്ല....കൈ കൊടുക്കാന്‍ പാടില്ല . പേരക്കുട്ടിയെ കണ്ടാലും കെട്ടിപ്പിടിക്കാനുള്ള അനുമതി മുത്തച്ഛനില്ലാതായി .

മര്യാദരാമന്മാരായി നടക്കുന്നു
ലോക്ക് ഡൌണ്‍ സമയത്തു റോഡില്‍ ഇറങ്ങിയാല്‍ പോലീസ് ഇടപെടും ....അപ്പോള്‍ സഞ്ചാരവസ്വതന്ത്ര്യം? വ്യാപാരം സ്തംഭനത്തില്‍ ....സിനിമാ തീയേറ്ററുകള്‍ ശ്മശാനമൂകതയില്‍ ....ആരാധനാലയങ്ങള്‍ നിശ്ശബ്ദം ....വിവാഹം, മരണം ഇവക്കെല്ലാം പുതിയ വ്യാഖ്യാനം കണ്ടെത്തണം .'പാരതന്ത്ര്യം മാനി കള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം ' എന്നൊക്കെ പാടിത്തകര്‍ത്ത നമ്മള്‍ ഇപ്പോള്‍ സ്വന്തം മുഖം പോലും പൂര്‍ണ്ണമായും കാണിക്കാനാവാതെ മാസ്‌ക് ധരിച്ചു മര്യാദരാമന്മാരായി നടക്കുന്നു .

ആകെ ഒരു അസ്വസ്ഥത
ഒരിക്കല്‍പോലും നാം ആരും പ്രതീക്ഷിക്കാത്ത ഒരു വിപത്താണ് ഇപ്പോള്‍ നേരിടുന്നത് .മരുന്നില്ലാത്ത ഒരു വ്യാധിയോട് പൊരുതുന്നതില്‍ നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യവകുപ്പ് അധികൃതരും കാണിക്കുന്ന ഔല്‍സുക്യത്തെ നമിക്കാനെ എനിക്കാവുന്നുള്ളു .നമ്മെ വേദനിപ്പിച്ചുകൊണ്ടു എസ് പി .ബാലസുബ്രഹ്മണ്യം ചെന്നയില്‍ കോവിഡ് കിടക്കയില്‍ കിടക്കുന്നു . കലാലോകം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നു ...നമ്മുടെ പ്രാര്‍ത്ഥനക്കു ഫലമുണ്ടാകാതിരിക്കില്ല . നാം ഒരുമിച്ചു ഈ ഘട്ടത്തെ അതിജീവിക്കും ....അതുറപ്പ് .എന്നാലും ആകെ ഒരു അസ്വസ്ഥത ....

സ്വാതന്ത്ര്യം നമുക്ക് വീണ്ടെടുക്കാം
ഓണം സംബന്ധിച്ച് പല ചാനലുകളില്‍ നിന്നും എനിക്ക് ക്ഷണമുണ്ടായി . എല്ലാവരോടും സ്‌നേഹപ്പൂര്‍വ്വം ഞാന്‍ പറഞ്ഞൊഴിഞ്ഞു ..ഓണത്തെ പറ്റി ഒരു കുറിപ്പിനുമുണ്ടായിരുന്നു ആവശ്യം .അതും ഞാന്‍ ഒഴിഞ്ഞു .ഒരു തെളിഞ്ഞ മനസ്സ് എനിക്കുണ്ടായില്ലെന്നതാണ് അതിന്റെ കാരണം .എന്നാല്‍ ഓണമായിട്ട് എന്റെ ഫെസ്ബൂക് മിത്രങ്ങള്‍ക്കായി ഒരു കുറിപ്പ് എഴുതിയേ പറ്റൂ എന്ന് എന്റെ മനസ്സ് പറഞ്ഞു . എഴുതാനിരുന്നപ്പോള്‍ വീണ്ടും മനസ്സിനകത്ത് ഒരു ബ്ലോക്ക് ...അതുകൊണ്ടു ഒരു ആശംസയില്‍ ഞാന്‍ ചുരുക്കുന്നു എത്രയും പെട്ടന്ന് നമുക്ക് നഷ്ട്ടപ്പെട്ട സ്വാതന്ത്ര്യം നമുക്ക് വീണ്ടെടുക്കാം .....
that's ALL your honour!