മാഡം ദിലീപിന് പ്രിയപ്പെട്ടവളെന്ന് ബാലചന്ദ്രകുമാര്‍, പ്രതികളിലൊരാള്‍ കുറ്റസമ്മതം നടത്തി?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മാഡം എന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരിക്കും ഈ മാഡം എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തിനോട് പറഞ്ഞതായും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു.
Recommended Video
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് തന്നോട് കൊച്ചിയിലേക്ക് വരാനായി ഒരുങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തോട് പറയാന്‍ അദ്ദേഹം കൊച്ചിയിലെത്തും. ബുധനാഴ്ച്ചയാവും മൊഴി രേഖപ്പെടുത്തുകയെന്ന് സൂചനയുണ്ട്.

മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസ്സിലാവുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോകരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. നേരത്തെയും ഇക്കാര്യം ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ടേപ്പില്‍ കിട്ടാത്ത പല സംസാരങ്ങളും അവിടെ നടന്നിട്ടുണ്ടെന്നും, ആ സംസാരത്തില്‍ നിന്നാണ് മാഡത്തിന്റെ സാന്നിധ്യം തോന്നിയതെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അടുത്ത സുഹൃത്തായ ബൈജുവിനോടാണ് ദിലീപ് സ്ത്രീയെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ട കാര്യം പറഞ്ഞത്.

അതേസമയം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രതികളില്‍ ഒരാള്‍ ഭാഗികമായി സ്ഥിരീകരിച്ചെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാം പ്രതിയായ ദിലീപിനൊപ്പം ചോദ്യം ചെയ്യലിന് ഹാജരായവരില്‍ ആരാണ് ഈ വെളിപ്പെടുത്തല്‍ ശരിവെച്ചതെന്ന് പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരായിരുന്നു ചോദ്യം ചെയ്യലിന് ഹാജരായത്. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തരത്തിലുള്ള സംസാരം നടക്കുമ്പോള്‍ ദിലീപിന്റെ വീട്ടില്‍ താനുണ്ടായിരുന്നെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തില്ലെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഓരോ ദിവസവും പ്രതികളെ ചോദ്യം ചെയ്ത് വിട്ടയക്കേണ്ടതുണ്ട്. ഇവര്‍ ചോദ്യം ചെയ്യലിന് ശേഷം പരസ്പരം കണ്ടുമുട്ടാനുള്ള സാധ്യതയുമുണ്ട്. മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താതെ ഈ പ്രതിയുടെ വാക്കുകള്‍ തെളിവായി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കില്ല. ദിലീപ് പക്ഷേ ആദ്യ ദിനം അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കാര്യവും, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈപറ്റിയതായുമുള്ള ആരോപണങ്ങള്‍ നിഷേധിക്കുന്ന മൊഴികളാണ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചത്.

പ്രതികള്‍ കസ്റ്റഡിയില്‍ അല്ലാത്തത് കൊണ്ട് മൊഴില്‍ പുറത്തുവരുന്നത് ശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനും വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ മൊഴി മാറ്റത്തിനും വഴിയൊരുക്കുമെന്നാണ് അന്വേഷണ സംഘം ഭയപ്പെടുന്നത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിച്ചെടുത്ത ശേഷമാണ് ഇവരെ പുറത്തുവിട്ടത്. അതേസമയം നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് പ്രതിഭാഗം കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് അന്വേഷണ സംഘം കരുതുന്നു. കേസില്‍ പുകമറ ഉണ്ടാക്കാനും ചര്‍ച്ചകള്‍ വഴിതെറ്റിക്കാനുമാണ് ശ്രമമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ദിലീപ് ആരോപിക്കുന്നത് പോലെ ബിഷപ്പ് കേസുമായി ബന്ധമുള്ളതായി തെളിവും ലഭിച്ചിട്ടില്ല.

കേസില്‍ സംശയനിഴലിലുള്ള ശരത്ത് മുഖാന്തരം അന്വേഷണ സംഘത്തെ ചില കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തനിക്കറിയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നാണ് ശരത്ത് അറിയിച്ചിരിക്കുന്നത്. ശരത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ശരത്തിനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ അടുത്ത സുഹൃത്തെന്ന നിലയില്‍ നിയമസഹായം ലഭിക്കാന്‍ സഹായിക്കുക മാത്രമാണ് ചെയ്തത്. തെളിവുകള്‍ നശിപ്പിച്ചിട്ടില്ല. സാക്ഷികളെ സ്വാധീനിച്ചിട്ടുമില്ലെന്ന് ശരത് പറഞ്ഞു. അതേസമയം പള്‍സര്‍ സുനിയുടെ അമ്മ ശോഭന ഇന്ന് രഹസ്യമൊഴി നല്‍കും. മകന്‍ കേസില്‍പ്പെട്ട് പോയതാണെന്ന് ശോഭന പറഞ്ഞു.












Click it and Unblock the Notifications