'അമ്മ'യില്‍ അതൃപ്തി പുകയുന്നു? വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ച് ജഗദീഷ്, കാരണമിത്..
കൊച്ചി: താരസംഘടനയായ അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ച് ജഗദീഷ്. ഭരണസമിതി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയാണ് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ കമ്മിറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ജഗദീഷ് ലെഫ്റ്റ് അടിച്ചത്. താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി പ്രകടമാക്കിയാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാത്തതില്‍ ഉള്‍പ്പെടെയുള്ള ജഗദീഷിന് അതൃപ്തി ഉണ്ടായിരുന്നു എന്നും ഇത് പരസ്യമാക്കിയാണ് ജഗദീഷ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായത് എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ജഗദീഷ് തന്നെ നിഷേധിച്ചു. സംഘടനയുമായി പ്രശ്‌നമില്ലെന്നും വാട്‌സാപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.

24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന അഡ്ഹോക് കമ്മിറ്റിയുടെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കും എന്ന് ഭാരവാഹികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. പുതിയ ഭരണ സമിതി അധികാരമേറ്റെടുത്ത് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ നടപടി.
ഈ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ സംഘടന പ്രതികരിക്കാന്‍ വൈകിയതിനെ ജഗദീഷ് കുറ്റപ്പെടുത്തിയിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖ് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരു്‌നു ജഗദീഷ് സംഘടനയുടെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
ഇതോടെ അമ്മയ്ക്കുള്ളില്‍ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ജഗദീഷിനെ പിന്തുണച്ച് യുവതാരങ്ങള്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ സിദ്ദീഖിനെതിരെ ലൈംഗിക പീഡനാരോപണം ഉയര്‍ന്നിരുന്നു. ഇതോടെ സിദ്ദീഖ് സ്ഥാനം രാജി വെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും രാജിസന്നദ്ധത അറിയിച്ചു. അതിന് ശേഷമാണ് ഭരണസമിതി പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.
രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ചേര്‍ക്കുമെന്നും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്നം സംഘടന അറിയിച്ചിരുന്നു. അതുവരെ നിലവിലെ ഭരണസമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരും എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ജനറല്‍ ബോഡി വിളിക്കാത്തതിലും തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം ജഗദീഷ് തന്നെ ഗ്രൂപ്പില്‍ സൂചിപ്പിച്ചിരുന്നു എന്നാണ് വിവരം.
അമ്മയുടെ ആദ്യ ഭരണ സമിതിയില്‍ അടക്കം അഞ്ച് തവണ ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയാണ് ജഗദീഷ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജഗദീഷ് ഭരണസമിതിയെ നയിക്കണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ നേതൃസ്ഥാനം ഏറ്റെടുക്കില്ല എന്ന് വ്യക്തമായതോടെ ജഗദീഷ് സംഘടനാ തലപ്പത്തേക്ക് മത്സരിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications