'ആ സ്വപ്‌നം അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതി'; ഇങ്ങനെയാകുമെന്നറിയില്ലായിരുന്നെന്ന് ജയറാം
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. ഭഗവാന്‍ അയ്യപ്പന്‍ തന്ന നിയോഗമാണ് എന്ന് കരുതിയാണ് പൂജ ചെയ്തത് എന്നും ഇത്ര വലിയ പ്രശ്‌നമാകും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ജയറാം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏത് അന്വേഷണവുമായി സഹകരിക്കാനും താന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓര്‍മ വെച്ച കാലം മുതല്‍ അയ്യപ്പനെ കാണാന്‍ പോകുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ വിൡ് എന്റെ സ്വപ്നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി വിളിച്ച് പറഞ്ഞു. അപ്പോള്‍ അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് പൂജ ചെയ്തത്. അയ്യപ്പന്‍ തന്ന അനുഗ്രഹമാണെന്ന് കരുതി. പക്ഷേ ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല,' ജയറാം വ്യക്തമാക്കി.

വിവാദത്തിന് പിന്നാലെ ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു എന്നും എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ കാര്യമായതിനാല്‍ നമ്മള്‍ കൂടെ നില്‍ക്കണ്ടേ എന്നും ജയറാം ചോദിച്ചു. അതേസമയം സംഭവത്തില്‍ ജയറാമില്‍ നിന്ന് വിശദമായി മൊഴിയെടുക്കും എന്ന് ദേവസ്വം വിജിലന്‍സ് അറിയിച്ചിട്ടുണ്ട്.
താരത്തിന്റെ പ്രാഥമിക മൊഴി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും വിശദമായി മൊഴിയെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് 2019 ല്‍ ചെന്നൈയില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തതെന്ന് ജയറാം പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ വെച്ചല്ല പൂജ നടന്നതെന്നും ചെന്നൈയിലെ അമ്പത്തൂരില്‍ വാതില്‍ നിര്‍മിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2018 മുതല്‍ പരിചയമുണ്ട് എന്നും ശബരിമലയില്‍ വെച്ച് കാണാറുണ്ട് എന്നും ജയറാം പറഞ്ഞു. ശബരമിലയ്ക്ക് ഒരു വസ്തു കൊണ്ടുപോകുമ്പോള്‍ അതിന്റെ പൂജയ്ക്ക് പങ്കെടുക്കുന്നത് മഹാഭാഗ്യമായാണ് കരുതിയത് എന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപ്പാളിയിലെ എല്ലാ ഭാഗങ്ങളും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നുവെന്ന് ജയറാം സമ്മതിച്ചിട്ടുണ്ട്.
പാളിയില്‍ സ്വര്‍ണം പൂശിയ ശേഷം ശബരിമലയിലേക്ക് കൊണ്ടു പോവുകയാണെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞപ്പോള്‍ ആസമയത്ത് തന്റെ വീട്ടിലെ പൂജാമുറിയിലേക്ക് അതൊന്ന് കൊണ്ടുവരാന്‍ കഴിയുമോ എന്ന് ചോദിക്കുകയായിരുന്നു എന്നും അതിന് അദ്ദേഹം സമ്മതിച്ചു എന്നുമാണ് ജയറാം പറയുന്നത്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിഷേധിച്ചിരുന്നു. തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം എന്ന് പോറ്റി പറയുന്നു. 'പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ചിരുന്നു. ശബരിമലയിലെ കട്ടിളപ്പാളികള്‍ പ്രദര്‍ശന വസ്തുവാക്കിയതല്ല. പീഠത്തില്‍ സംഭവിച്ചത് ആശയക്കുഴപ്പമാണ്,' ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.












Click it and Unblock the Notifications