കാശുണ്ടാക്കിയത് പണിയെടുത്തിട്ടാണെടാ.... കോണ്‍ഗ്രസുകാരോട് പൊട്ടിത്തെറിച്ച് ജോജു, വൈറല്‍ മറുപടി
കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധവും അതിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതുമെല്ലാം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ജോജുവിനുള്ള പിന്തുണയും വര്‍ധിക്കുകയാണ്. അതേസമയം പ്രതിഷേധക്കാരുടെ ചോദ്യത്തിന് ജോജു നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്. അതേടാ കാശുണ്ടടാ, ഞാന്‍ പണിയെടുത്ത് ഉണ്ടാക്കിയാണ്, ഇങ്ങനെയായിരുന്നു ജോജുവിന്റെ മറുപടി. ചോദ്യം ചെയ്തയാളോടായിരുന്നു ജോജു മറുപടി പറഞ്ഞത്. ഒരു ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല, രണ്ട് മണിക്കൂറായി ആളുകള്‍ ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഈ കൊറോണക്കാലത്ത് നിത്യവൃത്തിക്ക് വേണ്ടി ഓടുന്നവരാണ് ഇവര്‍. ഞാന്‍ ഇവിടെ കിടന്ന് ചത്തുപോയാല്‍ എന്ത് ചെയ്യുമെന്നും ജോജു പറഞ്ഞു.

ഒരു പാര്‍ട്ടിക്കും ഞാന്‍ എതിരല്ല. കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കാന്‍ കുറച്ചുപേര്‍ ഇറങ്ങിയിരിക്കുകയാണ്. ഒരു തെറ്റും ഈ വിഷയത്തില്‍ ചെയ്തിട്ടില്ലെന്നും ജോജു വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ മാപ്പുപറയില്ലെന്ന് ജോജു വ്യക്തമാക്കിയിട്ടുണ്ട്. ജോജു മദ്യപിച്ചിട്ടില്ലെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷമായി താന്‍ മദ്യപിക്കാറില്ലെന്നും ജോജു നേരത്തെ പറഞ്ഞിരുന്നു. ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ പോകുന്നവര്‍ അടക്കം കോണ്‍ഗ്രസിന്റെ സമരത്തില്‍ കുടുങ്ങി പോയിരുന്നു. ഇവര്‍ക്ക് എവിടെയും പോകാനാവാത്ത വിധം സമരത്തിനിടയില്‍പ്പെട്ടുപോവുകയായിരുന്നു. താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.
അതേസമയം ജോജു അടുത്തിടെ സ്വന്തമാക്കിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. വാഹനങ്ങളോട് ഏറെ കമ്പമുള്ളയാളാണ് ജോജു. വാഹനത്തിന്റെ പിന്നിലുള്ള ഗ്ലാസാണ് തകര്‍ന്നത്. ജോജുവിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് പോകാന്‍ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഒടുവില്‍ സിഐ ഇടപെട്ടാണ് ജോജുവിനെ ഇവിടെ നിന്ന് മാറ്റിയത്. തുടര്‍ന്ന് വണ്ടിയടക്കം ഓടിച്ച സിഐ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പനങ്ങാട് പോലീസ് സ്‌റ്റേഷനിലേക്കാണ് വാഹനം മാറ്റിയത്.
ടാറ്റയുടെ ഉടമസ്ഥയിലുള്ള ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഡിഫന്‍ഡറിന്റെ ഫൈവ ഡോര്‍ പതിപ്പ് 110ന്റെ ഫസ്റ്റ് എഡിഷന്‍ മോഡല്‍ ഈ ഓഗസ്റ്റിലാണ് ജോജു സ്വന്തമാക്കിയത്. 83 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില. എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ പതിനൊന്ന് മുതല്‍ ഒരു മണിക്കൂര്‍ ഇടപ്പള്ളി-വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഏറെ നേരെ വഴിയില്‍ കുടുങ്ങിയത്.












Click it and Unblock the Notifications