‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..?’; അമ്മയെ വിമർശിച്ച് ഷമ്മി തിലകന്റെ പോസ്റ്റ്
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രതിനിധികൾക്ക് എതിരെ പ്രതികരിച്ച് നടൻ ഷമ്മി തിലകൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത തീരുമാനത്തിന് എതിരെയാണ് വിമർശനം എത്തിയത്.
'പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?' എന്ന ആമുഖ ചോദ്യത്തിലൂടെ ആയിരുന്നു ഷമ്മിയുടെ പ്രതികരണം. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിശ്ചയിച്ച യോഗം ഇന്ന് നടന്നിരുന്നു.
ഈ യോഗത്തിൽ അമ്മയുടെ പ്രതിനിധികളായ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് പങ്കെടുത്തത്.

എന്നാൽ, സ്ത്രീകൾക്ക് നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്ന ചർച്ചയിൽ അമ്മയിലെ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുകയാണ്. ഇതിന് പിന്നാലെ ആയിരുന്നു വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷമ്മി രംഗത്ത് വന്നത്. പ്രതിനിധികളെ കുറിച്ച് കുറിപ്പ് പുറത്തിറക്കിയായിരുന്നു ഷമ്മിയുടെ പ്രതികരണം. സർക്കാർ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം പ്രവചിക്കാമോ എന്നും കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെടുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:-
'പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികൾ..! സ്ത്രീകളെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും...? പ്രവചിക്കാമോ..? (പ്രവചനം എന്തുതന്നെയായാലും ജനറൽ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നു.)'

അതേസമയം, ഹേമ കമ്മറ്റി റിപ്പോർട്ടിലെ തുടർ നടപടികളിൽ സാംസ്കാരിക വകുപ്പിന്റെ പുതിയ നിർദേശങ്ങൾ പുറത്തുവന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, സോഷ്യൽ മീഡിയയിലൂടെ ഉളള ഓഡിഷന് നിയന്ത്രണം കൊണ്ടു വരും, സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പാക്കണം തുടങ്ങിയവ ആയിരുന്നു കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പ് മുന്നോട്ടു വച്ച പ്രധാന നിർദേശങ്ങൾ.
നസ്രിയ ഫഹദിനൊപ്പം; ഈദ് മുബാറക്ക് ചിത്രങ്ങൾ പങ്കിട്ട് താരങ്ങൾ; ഫോട്ടോസ് വൈറൽ

ഇതിന് പുറമെ, സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ജോലി സ്ഥലത്ത് മദ്യവും മയക്ക് മരുന്നും ഉപയോഗിക്കാൻ പാടില്ല, സ്ത്രീകൾക്ക് ഉളള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് തുടങ്ങിയവയാണ് പുറത്തിറക്കിയ മറ്റ് കരട് നിർദേശങ്ങൾ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

അതേസമയം, അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യു സി സി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങി സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളും സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു. ഏപ്രിൽ 29 - നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചത്. സിനിമ മേഖലയിൽ കൂടുതൽ പീഡന പരാതികൾ ഉയർന്നു വരികയാണ്. ഇതിന് പിന്നാലെയാണ് യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത്. രണ്ടു വർഷം മുമ്പ് റിപ്പോർട്ട് സർക്കാരിന് കൈമാറി. എന്നിട്ടും സാങ്കേതിക കാരണം പറഞ്ഞ് വിശദാംശങ്ങൾ പുറത്ത് വിടാതെ സർക്കാർ ഒഴിഞ്ഞുമാറുകയാണ്. സർക്കാറിന്റെ ഈ നടപടിയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.












Click it and Unblock the Notifications