'സിദ്ധിഖ് 50 ലക്ഷമെങ്കിലും കൊടുത്തിട്ടുണ്ടാകും; ഇതൊക്കെ മകൻ അനുഭവിക്കേണ്ട പണമല്ലേ'; രാഹുൽ ഈശ്വർ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ രാഹുലിനെതിരെ ഇനി നിയമനടപടികൾ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ആശ്വാസം പങ്കുവെയ്ക്കുകയാണ് രാഹുൽ. ഈ നാട്ടിൽ സ്ത്രീകൾക്കുള്ളത് പോലെ പുരുഷൻമാർക്ക് പുരുഷ കമ്മീഷൻ വേണമെന്നും രാഹുൽ ഈശ്വർ പറയുന്നു. നടൻമാരായ നിവിൻ പോളി, സിദ്ധിഖ് എന്നിവർക്കെതിരെ ഉയർന്ന കേസുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വാദം.
രാഹുലിന്റെ വാക്കുകളിലേക്ക് -'നിവിൻ പോളിക്കെതിരെ വ്യാജപരാതിയാണെന്ന് തെളിഞ്ഞു, എന്നാൽ എന്തുകൊണ്ടാണ് വ്യാജ പരാതി നൽകിയ സ്ത്രീക്കെതിരെ കേസെടുക്കാത്തത്. അങ്ങനെയൊരു പ്രോസസസ് ഈ നാട്ടിൽ ഇല്ലാത്തത് കൊണ്ടാണ് പല സ്ത്രീകൾക്കും ഇങ്ങനെ സ്വാതന്ത്ര്യത്തോടെ കേസ് കൊടുക്കാൻ പറ്റുന്നത്. അതുകൊണ്ട് കൂടിയാണ് സിദ്ധിഖിനെതിരേയും കേസ് വന്നത്.

ആദ്യം സിദ്ധിഖിനെതിരെ വെർബലി അധിക്ഷേപിച്ചു എന്ന് പറഞ്ഞ് കേസ് കൊടുത്തു. നാലാമത്തേയോ അഞ്ചാമത്തേയോ പ്രതിയായിരുന്നു. പിന്നീട് പറഞ്ഞത് സിദ്ധിഖ് എന്നോട് നിള തീയറ്ററിൽ നിന്ന് സെക്ഷ്വൽ ഫേവേഴ്സ് ചോദിച്ചെന്നാണ്. അടുത്ത ദിവസം പറയുന്നത് മസ്കറ്റ് ഹോട്ടലിൽ വെച്ച് എന്നെ സിദ്ധിഖ് പീഡിപ്പിച്ചുവെന്നാണ്.
ഇനി ഈ പരാതി കൊടുത്ത പെൺകുട്ടി ചൈനയിൽ സഹപാഠികളായ 32 പേർ സ്വഭാവദൂഷ്യം ഉണ്ടെന്ന് കാണിച്ച് പരാതി നൽകിയതിന്റെ പേരിൽ ആ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടതാണ്. ആദ്യം അവർ ഫേസ്ബുക്കിൽ ചിലത് എഴുതി. പിന്നെ കൂട്ടൂക്കൂട്ടി പറഞ്ഞു. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന് സിദ്ധിഖ് പറയുന്നത് കേട്ടപ്പോഴാണ് പരാതി കൊടുക്കാൻ തീരുമാനിച്ചത് എന്നാണ് അവർ പറഞ്ഞത്. ഇതൊക്കെ എന്തുതരം പ്രതികാര മനോഭാവമാണ്.
സിദ്ധിഖ് ഈ കേസിൽ മുകുൾ റോത്തഗിക്ക് 30 -40 ലക്ഷം രൂപ കൊടുത്തിട്ടുണ്ടാകും. കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ. എന്നാലേ പുള്ളി വരൂ. ആ തുകയൊക്കെ മകൻ ഷഹീനൊക്കെ അനുഭവിക്കേണ്ടതല്ലേ. ഒരാൾ എന്തൊക്കെയോ കള്ളങ്ങൾ വിളിച്ച് പറഞ്ഞത് കാരണം മറുഭാഗത്ത് നിൽക്കുന്ന ആണിന് 50 ലക്ഷമാണ് നഷ്ടം. സിദ്ധിഖിന്റെ ചില സിനിമ അവസരങ്ങളെങ്കിലും ചോദ്യം ചെയ്യപ്പെടുന്നു, അമ്മയുടെ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വരുന്നു. ഈ കേസിൽ ഒരു അവസാനം ഉണ്ടാകുമോ?
ഇനി ആണുങ്ങൾക്കെതിരായ കേസിൽ ജാമ്യം കിട്ടിയാലോ കിട്ടിയതും കൊണ്ട് മിണ്ടാതിരുന്നോ ഇനി ഒന്നിനും നിൽക്കേണ്ട ജാമ്യം കിട്ടിയല്ലോയെന്ന് പറയും. അങ്ങനെ പേടിച്ച് ജീവിക്കേണ്ടവരാണോ ഇവിടുത്തെ ആണുങ്ങൾ. സ്ത്രീപക്ഷമായിക്കോളൂ, പക്ഷെ പുരുഷ വേട്ടയാകരുത്.
ഹണി റോസിനെ ഞാൻ എവിടെയാണ് അസഭ്യം പറഞ്ഞത്? ഹണി റോസിനെ പറഞ്ഞാൽ പിടിച്ച് അകത്തിടും എന്നാണ് പറയുന്നത്. അങ്ങനെയല്ലേ യുവജന കമ്മീഷനും വനിത കമ്മേഷനും നടപടിയെടുത്തത്. നാളെ ഇവിടെ ജനിക്കുന്ന ആൺകുട്ടികളുടേയും അവകാശം സംരക്ഷിക്കപ്പെടണം. അതിന് വേണ്ടിയാണ് പുരുഷ കമ്മീഷൻ വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്'. രാഹുൽ പറഞ്ഞു.












Click it and Unblock the Notifications