നടി അസമയത്ത് വിളിച്ചു; മോശം സന്ദേശം അയച്ചു... വീഡിയോ കൈവശമുണ്ട്, നടിയില്‍ പഴിചാരി വിജയ് ബാബു
കൊച്ചി: തനിക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ നടനും നിര്‍മാതാവുമായ വിജയ് ബാബു. നടി അസമയങ്ങൡ തന്നെ വിളിച്ചിരുന്നുവെന്നും അസഭ്യ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും വിജയ് ബാബു ആരോപിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് നടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വിജയ് ബാബു ഉന്നയിച്ചിരിക്കുന്നത്. തന്റെ കുടുംബ പശ്ചാത്തലം നടിക്ക് അറിയാമായിരുന്നു.
ഫോട്ടോകളും വീഡിയോകളും നടി അയച്ചിട്ടുണ്ട്. എല്ലാം തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നും വിജയ് ബാബു പ്രതികരിച്ചു. തന്റെ പുതിയ സിനിമയില്‍ മറ്റൊരു നടിയെ തീരുമാനിച്ച ശേഷമാണ് തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നതെന്നും വിജയ് ബാബു ആരോപിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

കഴിഞ്ഞ മാസം വിവിധ സമയങ്ങളിലായി നടന്ന പീഡനം സംബന്ധിച്ചാണ് നടി പരാതിപ്പെട്ടത്. വിജയ് ബാബുവിന്റെ ക്രൂരത വിവരിച്ച് അവര്‍ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഈ മാസം 22ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിജയ് ബാബു ദുബായിലേക്ക് പോയി. ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയി എന്നാണ് വിജയ് ബാബുവിന്റെ വാദം.

പരാതി ലഭിച്ച ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. പ്രതിയായ വ്യക്തിയെ വിദേശത്തേക്ക് പോകാന്‍ അനുവദിച്ചത് പോലീസിന്റെ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. നടിയുടെ പരാതി വന്ന പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു. അസാധാരണ നീക്കമാണ് വിജയ് ബാബു നടത്തിയത്. നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു.

ബലാല്‍സംഗ കേസുകളില്‍ ഇരകളായവരുടെ പേര് വെളിപ്പെടുത്തരുതെന്നാണ് നിയമം. ഇത് ലംഘിച്ചതിന് വിജയ് ബാബുവിനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എവിടെ കണ്ടാലും അറസ്റ്റ് ചെയ്യുമെന്ന സാഹചര്യമായി. ഇതോടെയാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയത്.

നടിയാണ് എല്ലാത്തിനും കാരണം എന്ന രീതിയിലാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. അസമയങ്ങളില്‍ നടി അസഭ്യ സന്ദേശം അയച്ചിരുന്നു. ഫോട്ടോയും വീഡിയോയും അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് ചാറ്റുകളുണ്ട്. അസഭ്യ സന്ദേശം അയച്ചിട്ടും പരാതിപ്പെടാതിരുന്നത് എന്റെ ബിസിനസിനെ ബാധിക്കുമെന്നും നടിയുടെ ഭാവി തകരുമെന്നും ഓര്‍ത്താണെന്നും വിജയ് ബാബു പറയുന്നു.

താനും പരാതിക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഉത്തരവാദിത്തം നടിക്കാണ്. തന്റെ കുടുംബ വിവരങ്ങള്‍ നടിക്ക് അറിയാവുന്നതാണ്. സിനിമയില്‍ കൂടുതല്‍ അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടി ബന്ധം നിലനിര്‍ത്തിയത്. തന്റെ സിനിമയില്‍ നടിമാരെ തിരഞ്ഞെടുക്കുക സംവിധായകരാണ്. ഞാന്‍ ഇടപെടാറില്ല. പുതിയ സിനിമയിലെ സംവിധായകന്‍ മറ്റൊരു നടിയെ തിരഞ്ഞെടുത്തതോടെയാണ് തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ പരാതിക്കാരി പദ്ധതിയിട്ടതെന്നും വിജയ് ബാബു പറയുന്നു.

പരാതിക്കാരിയില്‍ നിന്നുള്ള എല്ലാ ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ സമര്‍പ്പിക്കാന്‍ തയ്യാറാണ്. രഹസ്യസ്വഭാവമുള്ളതാണിവ. വിചാരണ സമയം കോടതിയില്‍ നല്‍കാം. അറസ്റ്റ് ചെയ്യുമെന്നു ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും വിജയ് ബാബു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വേനലവധിക്ക് ശേഷം ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് മുമ്പ് അന്വേഷണ സംഘത്തിന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ പ്രതി വിദേശത്ത് തന്നെ തുടര്‍ന്നാല്‍ പോലീസ് മറ്റുവഴികളിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്. അതിനിടെ വിജയ് ബാബുവിനെതിരെ പുതിയ ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ നീക്കവും നടത്തിവരുന്നു എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications