സര്‍ക്കാരിനില്ലാത്ത എതിര്‍പ്പ് ദിലീപിനെന്തിനെന്ന് ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിലെ വിചാരണ തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം ഘട്ട വിചാരണ തുടങ്ങി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും എട്ടാം പ്രതിയും നടനുമായ ദിലീപും കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന ഘട്ടമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ദിലീപ്, പള്‍സര്‍ സുനി എന്നിവരെ കൂടാതെ മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവരും കോടതിയിലെത്തി. ആകെ പത്ത് പ്രതികളാണ് കേസിലുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും. ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. നാളേയും പ്രതികളുടെ വിസ്താരം തുടരും എന്നാണ് വിവരം.

കേസില്‍ നിലവില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്. അതിനിടെ കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നു പരിശോധിച്ചതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹര്‍ജിയില്‍ തടസവാദം ഉന്നയിച്ച ദിലീപിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തി.
നടിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിട്ടില്ല എന്നിരിക്കെ എട്ടാം പ്രതിയ്ക്ക് എന്താണ് ഇത്ര എതിര്‍പ്പെന്ന് ഹൈക്കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന നടിയുടെ ഹര്‍ജിയിലെ അന്തിമ വാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
അതിജീവിതയുടെ ഹര്‍ജിയില്‍ ദിലീപിന്റെ താല്‍പ്പര്യം എന്താണ് എന്നും കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്ന കേസില്‍ കോടതിയും അതിജീവിതയുമാണ് കക്ഷികള്‍ എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോര്‍ട്ട് എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കും എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മെമ്മറി കാര്‍ഡിലെ മാറ്റം വരുത്തിയത് താങ്കളാണ് എന്ന് ഹര്‍ജിക്കാരി പരാതിയില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
എന്നാല്‍ പ്രത്യക്ഷമായി അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും പരോക്ഷമായി തന്റെ കക്ഷിയുടെ മേല്‍ പഴി ചാരുകയാണെന്ന്ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പരാതിക്കാരി നല്‍കിയ ഹര്‍ജിയില്‍ ദിലീപ് എതിര്‍കക്ഷിയല്ല എന്നും ഹര്‍ജിയില്‍ ദിലീപ് പിന്നീട് കക്ഷി ചേരുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതോടെ വിധി പറയാനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications