നടി ആക്രമിക്കപ്പെട്ട കേസ്; ശിക്ഷാ വിധി റദ്ദാക്കണം, ഹർജിയുമായി അഞ്ചും ആറും പ്രതികൾ ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി അഞ്ചും ആറും പ്രതികൾ. വടിവാൾ സലിം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.തങ്ങൾക്കെതിരെ മതിയായ തെളിവുകളില്ലെന്നും ബലാത്സംഗത്തിന് ഒന്നാം പ്രതിയായ പൾസർ സുനിയെ സഹായിച്ചിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
കേസിലെ ക്രിമിനൽ ഗൂഢാലോചനയ്ക്ക തങ്ങൾ കൂട്ടുനിന്നിട്ടില്ലെന്നാണ് ഹർജിയിലെ പ്രതികളുടെ വാദം. പ്രോസിക്യുഷന്‍റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിലുണ്ട്. അപ്പീൽ പരിഗണിച്ച് തീർപ്പുണ്ടാക്കുന്നതിന് കാല താമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നായിരുന്നു കോടതി വിധി. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. പ്രതികൾക്ക് 20 വർഷത്തെ കഠിന ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ വിചാരണ കാലയയളവിലെ ജയിൽ വാസം കുറച്ചുള്ള ശിക്ഷ മാത്രമേ പ്രതികൾക്ക് അനുഭവിക്കേണ്ടതുള്ളൂ. അതുപ്രകാരം കേസിൽ നിന്ന് ഏറ്റവും ആദ്യം ജയിൽ മോചിതനാകുക ഒന്നാം പ്രതിയായ പൾസർ സുനിയാണ്. ഇയാൾ 7 വർഷത്തോളം വിചാരണ തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
അതേസമയം കേസിലെ ഏഴ് മുതൾ 10 വരേയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനേയും കോടതി വെറുതെ വിട്ടിരുന്നു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. എത്രയും വേഗം നടപടികൾ ആരംഭിക്കുമെന്നും സർക്കാർ അതിജീവിതയ്ക്ക് ഒപ്പം തന്നെയാണെന്നും കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
2017 ലാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന കാറിൽ വെച്ച് നടി അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. നടി പുറംലോകത്തോട് സംഭവത്തെ കുറിച്ച് വെളിപ്പെടുത്തില്ലെന്നായിരുന്നു പ്രതികളുടെ ധാരണ. എന്നാൽ സധൈര്യം അവർ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. 7 വർഷത്തെ വിചാരണക്കൊടുവിലാണ് ഡിസംബർ 8 ന് കേസിൽ വിധി പറഞ്ഞത്.












Click it and Unblock the Notifications