വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്, ഇരയായ പെൺകുട്ടി പേടിയിലെന്ന് കമ്മീഷണർ
കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു. വിജയ് ബാബുവിനെതിരെ രണ്ട് കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ് ബാബു കേരളത്തില്‍ ഇല്ലെന്നാണ് നിലവില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മനസ്സിലായിട്ടുളളതെന്നും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
'എന്തൊക്കെ ആയിരുന്നു'; 'ഇപ്പോള്‍ പവനായി ശവമായി', പരിഹസിച്ച് രാഹുൽ ഈശ്വർ
വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ. പ്രാഥമിക അന്വേഷണത്തില്‍ വിജയ് ബാബുവിനെതിരെയുളള ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്നാണ് മനസ്സിലാകുന്നത്. ചൂഷണം നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല ഇരയായ പെണ്‍കുട്ടി പേടിയിലാണ് എന്നുളള വിവരവും കിട്ടിയിട്ടുണ്ട്. അക്കാര്യവും പരിഗണിക്കുന്നുണ്ട്. കേസില്‍ തുടര്‍നടപടികളുണ്ടാകുമെന്നും ഏതാനും സ്ഥലങ്ങള്‍ കൂടി പരിശോധിച്ച് തെളിവെടുപ്പ് നടത്താനുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
ഇതുവരെ തെളിവെടുപ്പ് നടത്തിയ സ്ഥലങ്ങളില്‍ വിജയ് ബാബുവിന്റെ സാന്നിധ്യവും സാഹചര്യ തെളിവുകളും വ്യക്തമായിട്ടുണ്ട്. വിജയ് ബാബുവിനെ ചോദ്യം ചെയ്താന്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുളളൂ. ഇതിനകം പല സാക്ഷികളേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയും പലരേയും ചോദ്യം ചെയ്യാനുണ്ട്. സിനിമാ മേഖലയില്‍ നിന്നുളള സാക്ഷികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു പീഡന പരാതി മാത്രമാണ് വിജയ് ബാബുവിന് എതിരെ ലഭിച്ചിട്ടുളളത്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ അന്വേഷിക്കും. ഇരയുടെ പേര് പുറത്ത് പറഞ്ഞതിന് പ്രത്യേകം കേസെടുത്തിട്ടുണ്ട് എന്നും കമ്മീഷണര്‍ അറിയിച്ചു. ഇരയ്ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് സമ്പൂര്‍ണ സുരക്ഷയുണ്ട്. ഇനി ഇരയെ ഭീഷണിപ്പെടുത്തിയാല്‍ അത് ഗുരുതരമായ കേസാകുമെന്നും അക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ഏപ്രില്‍ 22ന് ആണ് വിജയ് ബാബുവിന് എതിരെ നടി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. അതിന് ശേഷം വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. പരാതി പുറത്ത് വന്നതിന് പിന്നാലെ വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി പെണ്‍കുട്ടിയെ അപമാനിക്കുകയും പേര് പുറത്ത് വിടുകയുമായിരുന്നു. വിജയ് ബാബു നിലവില്‍ ദുബായിലാണ് ഉളളതെന്നാണ് വിവരം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
'വിജയ് ബാബുവിന് അക്കാര്യം കൃത്യമായി അറിയാം'; എന്തുകൊണ്ട് ഇരയുടെ പേര് വെളിപ്പെടുത്തി: കുറിപ്പ്