നടി കേസില്‍ വിധി പറഞ്ഞ ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് ഹണി എം വർഗീസ്. സുപ്രീംകോടതി കൊളീജിയം ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഹണി എം വർഗീസിനെ ജഡ്ജിയാക്കാനുള്ള ശുപാർശ വരുന്നത്.
നടി കേസ് വിചാരണയുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്ന ജഡ്ജിയാണ് ഹണി എം വർഗീസ്. കേസിൽ വിചാരണയ്ക്കായി വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടർന്നായിരുന്നു അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ കേസിൻ്റെ വിചാരണയിലേക്ക് മാറ്റിയത്. എന്നാൽ വിചാരണ നടപടികള്‍ തുടരുന്നതിനിടെ ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.

വിചാരണയ്ക്കിടെയുള്ള ജഡ്ജിയുടെ ഇടപെടലുകൾ തന്നെ വീണ്ടും ട്രോമയിലാക്കും വിധമാണെന്നും അതുകൊണ്ട് വിചാരണ മറ്റൊരു ജഡ്ജിന്റെ കീഴിലേക്ക് മാറ്റണമെന്നും അതിജീവിത പലതവണകളായി ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അവർ ഹർജി നൽകുകയും ചെയ്തു. ജഡ്ജിയുടെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാർ കേസിൽ നിന്നും പിൻമാറുന്ന സാഹചര്യവും ഉണ്ടായി. അതിജീവിതയുടെ വിശ്വാസ്യത തകര്‍ക്കും വിധമായിരുന്നു ജഡ്ജിന്റെ ചോദ്യങ്ങളെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ഇതിനിടയിൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ടെന്ന കണ്ടെത്തലിലും ജഡ്ജിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ടിൻമേൽ ജഡ്ജി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
അതേസമയം കേസിൽ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലും ജഡ്ജിക്കെതിരെ സർക്കാർ അതിരൂക്ഷവിമർശനങ്ങളാണ് ഉയർത്തുന്നത്. കേസിലെ ഡിജിറ്റൽ തെളിവുകൾ കോടതി നിസാരമായി തള്ളിക്കളഞ്ഞു എന്നതാണ് സർക്കാർ അപ്പീലിൽ ഉയർത്തിയ പ്രധാന വാദം. അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ നൽകിയ പല ഡിജിറ്റൽ തെളിവുകളും കോടതി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. പല സാക്ഷി മൊഴികളും വളരെ നിസ്സാരമായ കാരണങ്ങൾ പറഞ്ഞ് വിചാരണ കോടതി തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.












Click it and Unblock the Notifications