'ഈ പണി നടക്കില്ല'; നടി രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം, വീടു കയറി മർദ്ദിച്ചു, കേസെടുത്ത് പോലീസ്
കൊച്ചി: നടിയും ആക്റ്റിവിസ്റ്റുമായ രേവതി സമ്പത്തിനും സുഹൃത്തിനും നേരെ സദാചാര ആക്രമണം. വടകരയിൽ ഇവർ കഴിയുന്ന വീട്ടിൽ അതിക്രമിച്ച് കയറിയാണ് സമീപവാസികളായ യുവാക്കൾ ആക്രമിച്ചത്. ആക്രമത്തിൽ രേവതിക്കും സുഹൃത്തിനും പരിക്കേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ യുവാക്കൾ ഇവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ദേഹോപദ്രവും ഏൽപ്പിക്കുകയുമായിരുന്നു.
രേവതിയും അമ്മയും സന്തോഷും വാടക വീട്ടിലാണ് കഴിയുന്നത്. ഇവർക്കെതിരെ നേരത്തേയും സമീപവാസികളുടെ സദാചാര ആക്രമണം ഉണ്ടായിരുന്നു. അന്നും നടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് വീട് കയറിയുള്ള ആക്രമണത്തിന് കാരണമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സദാചാര ആക്രമണത്തെ കുറിച്ച് രേവതി പങ്കിട്ട കുറിപ്പ് വായിക്കാം

'പോസ്റ്റ് ഗ്രാജ്വേഷൻ ക്ലിനിക്കൽ സൈക്കോളജിയിൽ ചെയ്യുന്ന ആവശ്യത്തിനു വേണ്ടി കോഴിക്കോട് വടകരയിലേക്ക് ഞാൻ താമസം മാറ്റിയിരുന്നു."വടകര, മുടപ്പിലാവിൽ" എന്ന സ്ഥലത്ത് ഒരു വാടക വീട് പഠനാവശ്യത്തിനുവേണ്ടി എടുത്തിട്ടുണ്ടായിരുന്നു. ഞാനും എന്റെ സുഹൃത്ത് സന്തോഷും ഷെയർ ചെയ്താണ് ഈ ഇടം എടുത്തിരിക്കുന്നത്.
15/10/2022 രാത്രി 12 മണിയോടടുപ്പിച്ച് നേരിട്ട സദാചാര ആക്രമണത്തെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. അതിനു മുൻപേ, ആദ്യമായി ഞാനും എന്റെ സുഹൃത്തും നേരിട്ട സദാചാര ഗുണ്ടായിസം "വടകര, കീഴാൽമുക്ക്"എന്ന സ്ഥലത്ത് നിന്നായിരുന്നു.ഞാനും എന്റെ സുഹൃത്ത് സന്തോഷും വഴിയോരത്തു ഇരിക്കുന്നുണ്ടായിരുന്നു. കയ്യിലിരുന്ന കോളേജിലെ അഡ്മിഷൻ ഡോക്യൂമെന്റസ് ബാഗിനുള്ളിൽ ആക്കുന്ന സമയത്തിനിടെ നാട്ടുകാർ വളഞ്ഞു പ്രശ്നമുണ്ടാക്കാൻ തുടങ്ങി.

"നമ്മൾ ആരാ, നമ്മൾ തമ്മിൽ എന്താ ബന്ധം,6 മണി സമയത്ത് ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, കഞ്ചാവ് വിൽക്കുന്ന ആളുകൾ ആണ് നമ്മൾ "എന്ന പലവിധ ആക്രമണങ്ങളും ഞങ്ങൾ അവരിൽ നിന്ന് നേരിട്ടു.ഇങ്ങോട്ട് വന്നു ചൊറിഞ്ഞതിനാൽ ഞങ്ങളും വിട്ടുകൊടുത്തില്ല. അവർ എല്ലാം കൂടെ വടകര പോലീസിനെ വിളിച്ചു വരുത്തി.പോലീസും നാട്ടുകാരും വിചാരിച്ചിട്ട് ഞങ്ങളിൽ നിന്നും ഒരു വ്യക്തിപരമായ ചോദ്യങ്ങൾക്കും മറുപടി കിട്ടാത്തതിനാൽ എല്ലാരും പിരിഞ്ഞു പോയി. ഞങ്ങൾ അവിടെ തന്നെ ഇരുന്ന് പ്രതിഷേധിച്ചു. ഞങ്ങളുടെ ഭാഗത്തു നിന്ന് ആ വിഷയത്തിൽ നിയമ നടപടി ഒന്നും ഉണ്ടായിരുന്നില്ല,പല തിരക്കുകളിലും ആയതിനാൽ.

ഈ മാസം 15/10/2022ന് മുകളിൽ പറഞ്ഞിരിക്കുന്ന വീടിന്റെ വരാന്തയിൽ ഞാനും സന്തോഷും അമ്മയും ഇരിക്കുകയായിരുന്നു.ഏകദേശം ഒരു 10 ദിവസം മാത്രമേ ആയിട്ടുള്ളൂ താമസം തുടങ്ങിയിട്ട്.നേരെ എതിരെ വീട്ടിലുള്ള (വീട്ടുപേര് :-കൂത്തപ്പള്ളി )
"അശ്വിൻ "എന്ന് പേരുള്ള ഒരു പയ്യൻ നമ്മുടെ വീടിന്റെ അതിർത്തിയിൽ കടന്നു വന്ന് ആക്രമിക്കാൻ തുടങ്ങി. പല തരത്തിലുള്ള ഭീഷണികളും, അസഭ്യങ്ങളും ഇദ്ദേഹം പറഞ്ഞിരുന്നു."ഈ പണി ഇവിടെ നടക്കില്ല "എന്ന് അയാൾ നിരന്തരം ആവർത്തിച്ചു. എന്റെ അമ്മയെ അയാൾ അതിക്ഷേപിച്ചു. അമ്മ ആരോടാണ് ഫോൺ കാളിൽ സംസാരിച്ചത് എന്ന് അയാൾ അന്വേഷിക്കാൻ തുടങ്ങി. ഹൗസ് ഓണറിനെ ആ പാതിരാത്രി അയാൾ വിളിച്ചു.നമ്മളെ ഇപ്പോൾ തന്നെ ഒഴിപ്പിക്കണം എന്ന് പറഞ്ഞു. ഞങ്ങൾ വടകര സ്റ്റേഷനിൽ കാര്യം അറിയിപ്പിച്ചു. 16/10/2022ന് അശ്വിന് എതിരെ പരാതി കൊടുത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം 4 മണിക്ക് സ്റ്റേഷനിൽ രണ്ട് പാർട്ടിക്കാരും ഹാജരാകാൻ പറഞ്ഞിരുന്നു. അന്ന് പാതിരാത്രി
'അജേഷ് "എന്ന് പേരുള്ള ഒരു ഗുണ്ട വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി. കേസ് നിറുത്തണം എന്നായിരുന്നു അയാളുടെ ആവശ്യം.കൂടെ രണ്ടുപേരുണ്ടായിരുന്നു. അവർ ഇരുട്ടത്തായിരുന്നു.കല്ലുകൾ വീഴുന്നുണ്ടായിരുന്നു.ആ സമയം തന്നെ വടകര പോലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിപ്പിച്ചു, വാട്സാപ്പ് വഴിയും വീഡിയോ തെളിവുകൾ അയച്ചു കൊടുത്തിരുന്നു പോലീസിന്. വന്ന പോലീസുകാർ അറ്റന്റൻസ് എടുക്കാൻ വന്ന പോലെ ആയിരുന്നു. നല്ല രീതിയിലുള്ള ഒരു അന്വേഷണവും അവരുടെ ഭാഗത്ത് നിന്നുണ്ടായില്ല. വീഡിയോ എവിടൻസുകൾ കാണാൻ പോലും അവർക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.

പിറ്റേന്ന്, വൈകുന്നേരം പോലീസ് ആവശ്യപ്പെട്ട പ്രകാരം നമ്മൾ സ്റ്റേഷനിൽ പോയി. അവിടെ വെച്ച് ആദ്യം കേസ് കൈകാര്യം ചെയ്ത പോലീസിൽ നിന്നും സംതൃപ്തി ലഭിചില്ല.മുൻപ് കീഴൽമുക്കിൽ അവർ വന്നപ്പോൾ ഞങ്ങൾ അവരോട് വ്യക്തിപരമായ ഒരു ചോദ്യങ്ങൾക്കും മറുപടി കൊടുക്കാത്തതിന്റെ വൈരാഗ്യം അയാൾ കാണിച്ചുകൊണ്ടിരുന്നു. നമ്മുടെ പരാതി അയാൾക്ക് സെക്കന്ററി ആയിരുന്നു.
"സി.ഐ. മനോജ് "എന്ന വ്യക്തിയോട് പരാതി കൈമാറി.അയാളും സദാചാര ഗുണ്ടകളും തമ്മിൽ ഒരു വ്യത്യാസവും തോന്നിയില്ല. ഒട്ടും ജനകീയമല്ലാത്ത രീതിയായിരുന്നു അയാളുടേത്, അയാൾ വിക്ടിം ക്ഷേയ്മിങ് ആണ് നടത്തിയത്. "അബ്യൂസ് "എന്താണെന്നു പോലും അയാൾക്കോ,ആ സ്റ്റേഷനിൽ ഉള്ള ഒരു പോലീസുകാർക്കും നേരെ അറിയില്ല. നമ്മൾ കേസ് മുന്നോട്ട് പോകുന്നത് തന്നെ അയാൾക്കു പറ്റുന്നില്ലായിരുന്നു.

അയാളിൽ നിന്നും ജനാധിപത്യപരമല്ലാത്ത പെരുമാറ്റം ആണ് നേരിട്ടത്."നിങ്ങൾ ഉമ്മ വെക്കാറുണ്ടോ /വീട്ടിനുള്ളിൽ എന്താ നടക്കുന്നത് /സ്ത്രീ ആണെന്നുള്ള പരിഗണന വെച്ചാണ് കേസ് എടുത്തത് /നിങ്ങൾ പ്രകോപിച്ച കാരണം ആണ് അശ്വിൻ സദാചാരം കാണിച്ചത് "എന്ന് വേണ്ട സകല വിഡ്ഢിത്തരവും വിളമ്പിയ ഒന്നാന്തരം സദാചാര ഗുണ്ടയായിരുന്നു അയാൾ. ഇവിടെ ഇതൊക്കെ സഹിക്കാൻ പറ്റുന്നെങ്കിൽ മാത്രമേ കേസ് നോക്കുള്ളു, അല്ലെങ്കിൽ പോകാം എന്നൊക്കെ അയാൾ വിളമ്പി. അയാൾ എന്റെ അമ്മയോട് അനാവശ്യമായി വിരട്ടാൻ ഉള്ള രീതിയിൽ അലറി. അതിനെ എതിർത്തപ്പോൾ' എടി /നീ'' എന്നൊക്കെ ആണ് ഇയാൾ എന്നെ അഭിസംബോധന ചെയ്തത്.ഇങ്ങനെ ഒരു ഇടത്തിൽ നിന്ന് നീതി നമ്മൾ പ്രതീക്ഷിക്കുന്നില്ല.

ഈ വടകര പോലീസ് സ്റ്റേഷൻ മാത്രമേ അല്ല ഒട്ടുമിക്ക എല്ലാ സ്റ്റേഷനുകളും പോലീസുകാരും സ്ത്രീകൾ നേരിടുന്ന വിഷയങ്ങളെ അഥവാ മനുഷ്യർ നേരിടുന്ന വിഷയങ്ങളെ ഇത്രയും ബാലിശമായി ആണ് കാണുന്നത്. നീതി നടപ്പിലാക്കാൻ ഇരിക്കുന്നവർക്ക് മിനിമം എന്താണ് നീതി എന്ന ബോധം എങ്കിലും വേണം. അല്ലാതെ എന്തും ആരുടെ തലയിലും കേറി അങ്ങ് കാണിക്കാം എന്ന ഉദ്ദേശം ആണെങ്കിൽ, ഇങ്ങനെ ഉള്ള പൊസിഷനുകളിൽ നിന്ന് മാറി പോകണം, മാറ്റാൻ ഉള്ള ഒരു സിസ്റ്റവും വേണം.












Click it and Unblock the Notifications