തച്ചങ്കരി, ശ്രീജിത്ത്, എവി ജോര്‍ജ്ജ്... പോലീസ് ക്രിമിനലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് വാസുദേവൻ

  • Written By: Desk
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ കൂടി വരികയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കസ്റ്റഡി മരണങ്ങള്‍ ഒരു പുതുമയല്ലാത്ത സ്ഥിതിയില്‍ എത്തിയിട്ടുണ്ട് കാര്യങ്ങള്‍. ഏറ്റവും ഒടുവില്‍ വരാപ്പുഴ സ്വദേശി ശ്രീജിത്ത് ആണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.

പോലീസില്‍ ക്രിമിനലുകള്‍ക്ക് വാഴാന്‍ അവസരം കൊടുക്കുന്നത് ഭരണകൂടം തന്നെ ആണ് എന്നാണ് പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ ഹരീഷ് വാസുദേവന്‍ പറയുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹരീഷ് വാസദേവന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഹരീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്...

Harish

പൊലീസിലെ ക്രിമിനലുകളെ വിവാദമുണ്ടാകുമ്പോൾ ആറ് മാസത്തേക്ക് സസ്‌പെൻഷൻ ചെയ്യുക എന്നതിൽ കവിഞ്ഞു ഒരു ശിക്ഷയും നൽകാനോ പിരിച്ചുവിടാനോ മാറിമാറി വരുന്ന സർക്കാരുകൾക്ക് താൽപ്പര്യമില്ല. സസ്‌പെൻഷൻ ജനത്തെ പറ്റിക്കാനുള്ള അതാത് ആഭ്യന്തര മന്ത്രിമാരുടെ വെറും ഒരു അടവാണ്.

ആലുവ റൂറൽ എസ്പി എവി ജോർജിനെതിരെ ക്രിമിനൽ തെളിവുകൾ ഉണ്ടായിട്ടും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പറവൂർ സ്വദേശിയായ ശ്രീജിത്തിനെ കേരള പോലീസിലെ ക്രിമിനലുകൾ കൊന്ന കേസ് അന്വേഷിക്കുന്നത് ഐജി ശ്രീജിത്താണ്. എസ്പി ആയിരിക്കുമ്പോൾ ഗുണ്ടകളുമായി വഴിവിട്ട ബന്ധവും ഓദ്യോഗിക പദവി ദുരൂപയോഗിച്ചു ഗുണ്ടാപ്പണി ചെയ്തതും ഒക്കെ തെളിവ് സഹിതം ചൂണ്ടിക്കാട്ടി ശ്രീജിത്തിനു എതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടും, ഇയാളെപ്പോലൊരാളെ സർവ്വീസിൽ വെച്ചുകൊണ്ടിരിക്കാമോ എന്ന്ഡിജിപി വരെ അന്വേഷണ റിപ്പോർട്ടുകൾ കൊടുത്തിട്ടും, വ്യാജസിമ്മുകൾ ഉപയോഗിച്ച് പ്രതികളുമായി ഒത്തുകളിച്ചു എന്ന് കണ്ടെത്തിയ ശേഷവും, ആചാരമായി ഒരു സസ്‌പെൻഷൻ, അത്ര തന്നെ !

Harish

ഇനി ഇതാവർത്തിക്കരുത് എന്ന വെറും പേരിനൊരു താക്കീത് ഉത്തരവായിറക്കിയ ശേഷം വീണ്ടും വീണ്ടും പ്രമോഷൻ കൊടുത്താണ് സർക്കാർ അയാളെ സ്നേഹിച്ചത്. അന്നത്തെ എസ്പി ഇന്ന് ഐജി !! അങ്ങേരാണ് പൊലീസിലെ ക്രിമിനലുകളെപ്പറ്റി അന്വേഷിക്കുന്നത് എന്നത് അശ്ലീലമായി ഇന്നാട്ടിലെ പ്രതിപക്ഷത്തിന് പോലും തോന്നുന്നില്ല !! കൂട്ടുകച്ചവടമാണ്.

കൊടും ക്രിമിനലും അഴിമതിക്കാരനും ആണെന്ന് മാധ്യമങ്ങൾ തെളിവ് സഹിതം പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുള്ള ടോമിൻ തച്ചങ്കരി അനുഷ്ഠാന സസ്പെന്ഷനുകൾ കഴിഞ്ഞു മുടക്കമില്ലാതെ പ്രമോഷനുകളുമായി പോലീസ് ആസ്ഥാനത്ത് സുപ്രധാന പോസ്റ്റിൽ ! ഇപ്പോൾ എഡിജിപി പോസ്റ്റിൽ, ഏത് സമയത്തും സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് !!

ഇത്തരം 'ആചാര സസ്പെന്ഷനുകൾ' അനുഷ്ഠിച്ചു ഡിപ്പാട്ടമെന്റിൽ വിരാജിക്കുന്ന, കൈയിൽ ചോര പുരണ്ടിട്ടുള്ള യേമാന്മാരുടെ നിരയുണ്ട് പോലീസ് വകുപ്പിൽ. ഈ ഗുരുതരസ്ഥിതി അറിഞ്ഞിട്ടും അവരെ ശമ്പളം കൊടുത്ത് പാലൂട്ടി വളർത്തുന്നത് അതിന്റെ ഗുണം നേരിട്ടോ അല്ലാതെയോ കിട്ടുന്ന ആഭ്യന്തരമന്ത്രിമാർ തന്നെയാണ്. അതിനു പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ആണ്.

താൽക്കാലിക പൊളിറ്റിക്കൽ ഗിമ്മിക്കുകൾക്ക് അപ്പുറം ഇക്കാര്യത്തിൽ നിയമസഭയിൽ തുടർച്ചയായ എന്ത് ഇടപെടലാണ് നാളിതുവരെ ഉണ്ടായത്??? സസ്‌പെൻഷൻ നാടകങ്ങൾ കൊണ്ട് താൽക്കാലിക ജനരോഷത്തെ നേരിടുന്ന പരിപാടി മതി, ഈ ഡിപ്പാർട്ട്മെന്റിലെ ക്രിമിനലുകളെ പുറത്താക്കാൻ ഗൗരവമായ ഒരു സർജറിയും വേണ്ട എന്ന കാര്യത്തിൽ കക്ഷിരാഷ്ട്രീയ സമവായം ഉണ്ടെന്നു വേണം കരുതാൻ. വിനായകനെയും സെക്രട്ടേറിയേറ്റ് നടയിൽ സമരമിരുന്ന ശ്രീജിത്തിന്റെ സഹോദരനെയും കൊന്നവർ സർവ്വീസിൽ തിരിച്ചെത്തി സസുഖം വാഴുന്നതിൽ ഭരണകൂടത്തിന് ആശങ്കയില്ല, അവർ നാളെ എന്നെയോ നിങ്ങളെയോ തേടി വരും. നാളെ നമ്മൾ ചത്താലും സസ്‌പെൻഷനിൽ എല്ലാം അവസാനിക്കും.

ഷാഡോ പൊലീസ് പോലുള്ള ഓമനപ്പേരിൽ പോലീസിൽ സ്വന്തമായി ഗുണ്ടപ്പട വെക്കരുത് എന്ന് കൃത്യമായ സർക്കുലർ ഉണ്ടായിട്ടും ഈ എമാന്മാരുടെ മൂക്കിന് താഴെത്തന്നെ നിയമവിരുദ്ധമായി പോലീസ് സേനയിൽ ഗുണ്ടാപ്പടയെ പരിപാലിക്കാനും, തോന്നിയവരെയൊക്കെ വീട്ടിൽക്കേറി മർദ്ദിക്കാനും അറസ്റ്റ് ചെയ്യാനും കൊല്ലാനും ഒക്കെ എവി ജോർജുമാർക്ക് ധൈര്യം കൊടുക്കുന്നത് ഈ സമവായ പിന്തുണയാണ്. നിയമവിരുദ്ധമായി സ്‌പെഷ്യൽ ഗുണ്ടാപ്പടയെ തീറ്റിപോറ്റിയ എസ്പിയ്ക്കെതിരെ സസ്പെന്ഷന് അപ്പുറം ഒരു പുല്ലും നടക്കില്ലെന്ന് ആരെക്കാളും നന്നായി അയാൾക്കറിയാം. പിണറായി വിജയൻ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളെ അതുകൊണ്ട് തന്നെ പൊലീസിലെ ക്രിമിനലുകൾ പുച്ഛിച്ചു തള്ളും, ഇതെത്ര കണ്ടതാ..

ക്രിമിനലുകളെ പോലീസ് ഫോഴ്‌സിൽ നിന്ന് പിരിച്ചുവിടാതെ ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് കൊല്ലപ്പെട്ട നിരപരാധിയുടെ വീട്ടുകാരോട് ഐക്യപ്പെടുന്ന ഒരു മലയാളിയും പറയണം. അല്ലാത്തതൊക്കെ പൊലീസിലെ ക്രിമിനലിസത്തോടുള്ള ഒത്തുതീർപ്പാണ്.

#DismissCriminals
#SaveKeralaPolice

യോജിക്കുന്നവർ ഷെയർ ചെയ്യുക. കൈമാറുക. എംഎല്‍എ മാർക്ക് വിഷുക്കൈനീട്ടമായി അയയ്ക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Adv Harish Vasudevan against criminals in Police; strong criticism on Facebook.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്