ആദ്യ ദിനം എഐ ക്യാമറ കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ; നാളെ മുതൽ നോട്ടീസ് അയക്കും
തിരുവനന്തപുരം: ഇന്ന് രാവില എട്ട് മണി മുതലാണ് സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തിക്കാൻ തുടങ്ങിയത്. ഇപ്പോൾ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്തുവന്നിരിക്കുകയാണ്. ആദ്യ 9 മണിക്കൂറിൽ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴിയാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.
ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിൽ ആണ്. 4778 നിയമലംഘനങ്ങളാണ് കൊല്ലം ജില്ലയിൽ മാത്രം കണ്ടെത്തിയത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 692 ക്യാമറകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനുള്ളിൽ പിഴ അടക്കണം. അല്ലെങ്കിൽ ഇരട്ടിത്തുകയായി കോടതിയിൽ അടക്കണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും പിഴ അടയ്ക്കേണ്ടി വരും. ക്യാമറയിൽ നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിൽ ആണ് ആദ്യമെത്തുക.
അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറുന്നതാണ്. ജില്ലാ കൺട്രോൾ റൂമുകളിൽ നിന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് അയക്കും. വാഹനം രജിസ്റ്റർ ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും.
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയും ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്‍താൽ 1000 രൂപയാണ് പിഴ വരുന്നത്. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ ആണ് പിഴ, അനധികൃത പാർക്കിംഗിന് 250 രൂപയും അമിതവേഗത കണ്ടെത്തിയാൽ 1500 രൂപയുമാണ് പിഴ. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ ആണ് പിഴ വരുന്നത് .
ജംഗ്ഷനുകളിൽ ചുവപ്പ് സിഗ്‌നൽ ലംഘനം കോടതിക്കായിരിക്കും കൈമാറുന്നത്. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. പദ്ധതി തുടങ്ങുമ്പോൾ പ്രതിദിനം നാലരലക്ഷം നിയമ ലംഘനമാണ് നടന്നിരുന്നത്. ഇപ്പോൾ ശരാശരി രണ്ട് ലക്ഷത്തിന് താഴെയാണ് കേസുകൾ. ബോധവത്ക്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിന് ശേഷമാണ് പിഴ ചുമത്തുന്ന നടപടികളിലേക്ക് കടന്നത്. 24 മണിക്കൂറും ക്യാമറ പ്രവർത്തിക്കും. സേഫ് കേരള പദ്ധിതി പ്രകാരം 726 ക്യാമറകളാണ് സ്ഥാപിച്ചത്.












Click it and Unblock the Notifications