കൊച്ചി-ഡല്‍ഹി എയർ ഇന്ത്യ വിമാനം റദ്ദാക്കി: പ്രതിഷേധിച്ച് യാത്രക്കാർ, താമസമടക്കം നല്‍കുമെന്ന് കമ്പനി
കൊച്ചി: കൊച്ചി-ഡല്‍ഹി വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സങ്കേതിക തകരാർ മൂലമാണ് വിമാനം സർവ്വീസ് ഉപേക്ഷിച്ചതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. മണിക്കൂറുകളോളം വൈകിയ വിമാനം റദ്ദാക്കുന്നതായി പിന്നീട് കമ്പനി അറിയിക്കുകയായിരുന്നു. യാത്രക്കാരെ കയറ്റിയ ശേഷമാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല.

രാവിലെ 11 മണിയോടെ പതിവ് നടപടിക്രമങ്ങള്‍ക്ക് ശേഷം യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 240 യാത്രാക്കാരായിരുന്നു വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനം വൈകിയതിലും റദ്ദാക്കിയതിലും യാത്രക്കാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നു. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വിശ്രമിക്കാനുള്ള സൗകര്യമോ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ആഹാരത്തിന് ഉള്‍പ്പെടെ പണം വാങ്ങിയിട്ടുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് യാത്രക്കാർ വ്യക്തമാക്കി.
അതേസമയം, നൂറോളം യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചെന്നാണ് വിവരം. ശേഷിക്കുന്ന യാത്രക്കാർക്കുള്ള ടിക്കറ്റുകള്‍ തരപ്പെടുത്താനുള്ള ശ്രമം എയർ ഇന്ത്യ തുടരുകയാണ്. ഏതെങ്കിലും കാരണവശാല്‍ ഇന്ന് ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവർക്ക് കമ്പനി തന്നെ കൊച്ചിയില്‍ താമസമൊരുക്കും. നാളെ ജോലിയില്‍ പ്രവേശിക്കേണ്ട യാത്രക്കാർ ഉള്‍പ്പെടേയാണ് യാത്രക്കാരിലുണ്ടായിരുന്നത്.












Click it and Unblock the Notifications