'മോദി സർക്കാർ ഫാസിസ്‌റ്റ് ആണെന്ന് പറഞ്ഞിട്ടില്ല, അതൊരു പ്രയോഗം മാത്രം'; പാർട്ടിയെ ന്യായീകരിച്ച് എകെ ബാലൻ
തിരുവനന്തപുരം: ബിജെപി സർക്കാർ ഫാസിസ്‌റ്റ് ആണെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. ഫാസിസം വന്നു എന്ന് ഞങ്ങൾ പറഞ്ഞിട്ടേയില്ലെന്ന് ബാലൻ വ്യക്തമാക്കി. അത് കരട് രാഷ്ട്രീയ പ്രമേയമാണ്, പാർട്ടിക്ക് ഉള്ളിൽ ചർച്ച ചെയ്യുന്നതിനുള്ള അവസരമാണ്. അത് ചർച്ച നടക്കാൻ വേണ്ടിയാണെന്നും എകെ ബാലൻ ചൂണ്ടിക്കാട്ടി. മോദി സർക്കാരിനെ ഫാസിസ്‌റ്റ് എന്ന് വിളിക്കുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ വിഷയം മൂടി വയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്നായിരുന്നു എകെ ബാലന്റെ ആരോപണം. അടവ് നയത്തിന് രൂപം നൽകുന്നതാണ് രാഷ്ട്രീയ പ്രമേയമെന്നും പാർട്ടി കോൺഗ്രസിന്റെ അംഗീകാരം കിട്ടിയാൽ മാത്രമേ രാഷ്ട്രീയപ്രമേയം പാസ് ആവുകയുള്ളൂ. വളർന്ന് വരുന്ന ഫാസിസ്‌റ്റ് സ്വഭാവമുള്ള പ്രവണതകളാണ് കഴിഞ്ഞ കോൺഗ്രസിൽ പറഞ്ഞതെന്നും ബാലൻ പറഞ്ഞു.

'മോദി സര്‍ക്കാരിനെ കുറിച്ച് ഫാസിസ്‌റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുണ്ട്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാസിസ്‌റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും അങ്ങനെ പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22ആം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാസിസ്‌റ്റ് സ്വഭാവം എന്നാണ് പറയുന്നത്. അല്ലാതെ ഫാസിസം വന്നിട്ടില്ല' എകെ ബാലൻ ചൂണ്ടിക്കാട്ടി.
സിപിഐക്ക് വിമർശനം ഉണ്ടെങ്കിൽ ഭേദഗതി കൊടുക്കട്ടെയെന്ന് ബാലൻ ആവശ്യപ്പെട്ടു. വിയോജിപ്പ് ഉണ്ടെങ്കിൽ ആർക്കും ഭേതഗതി കൊടുക്കാവുന്നതാണ്. സിപിഐയും സിപിഐഎമ്മും രണ്ട് പാർട്ടികളായി നിൽക്കുന്നത് പ്രത്യയശാസ്ത്രമായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാണെന്നും എകെ ബാലൻ ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് വ്യക്തമാക്കി.
അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സിപിഎമ്മിനെ വിമർശിച്ച് രംഗത്ത് വന്നു. കാലങ്ങളായി ബിജെപിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായതെന്നാണ് സതീശന്റെ ആരോപണം. ഫാസിസവുമായി എല്ലാ കാലത്തും കേരളത്തിലെ സിപിഎം സന്ധി ചെയ്‌തിട്ടുണ്ടെന്നും സംഘ പരിവാറുമായും സന്ധി ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഫാസിസ്‌റ്റ് സര്‍ക്കാരല്ലെന്ന പുതിയ രേഖ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മോദി സര്‍ക്കാരിനെ ഫാസിസ്‌റ്റ് സര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാവില്ലെന്നായിരുന്നു സിപിഐഎം നിലപാട് എടുത്തത്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഎം പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിന് വിശദീകരണമെന്ന നിലയിൽ അയച്ച രേഖയിലാണ് ഈ പരാമർശം അടങ്ങിയത്, ഇതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്.












Click it and Unblock the Notifications