കാന്തപുരം ഉസ്താദ് അതാണ് നമുക്ക് കാട്ടിതരുന്നത്: തെറ്റ് ചെയ്ത ഒരു പെണ്‍കുട്ടിക്ക് വേണ്ടി.. : അഖില്‍ മാരാർ
കോഴിക്കോട്: വിവിധ തലങ്ങളില്‍ നടത്തിയ ശക്തമായ ഇടപെടലുകള്‍ക്ക് ഒടുവില്‍ യെമനില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചിരിക്കുകയാണ്. വധശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി കാന്തപുരം എപി അബൂബക്കർ മുസല്യാരുടെ ഇടപെടലില്‍ ശക്ത മായ ഇടപെടലുകള്‍ നടന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലില്‍ അവര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായെന്നാണ് പുറത്ത് വരുന്ന വിവരം.
വധശിക്ഷ മാറ്റിവെച്ച കാര്യം 'സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ' എന്ന സംഘടനയാണ് വ്യക്തമാക്കിയത്. പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. വിഷയത്തിൽ ഇടപെട്ടതിന് കാന്തപുരം എപി അബൂബക്കർ മുസല്യാർക്ക് ആക്‌ഷൻ കൗൺസിലും നിമിഷ പ്രിയയുടെ കുടുംബവും നന്ദി അറിയിച്ചു.

മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ ഈ വിഷയത്തില്‍ ഇടപെട്ടത് എന്നതായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ട്. വിഷയത്തിൽ തുടർന്നും ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വധശിക്ഷ നീട്ടിവെക്കുന്നതില്‍ നിർണ്ണായക ഇടപെടല്‍ നടത്തിയ കാന്തപുരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് അപ്പുറം കലാസാംസ്കാരിക രംഗത്തുള്ളവരും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തെ ലോകത്തിനു മുന്നിൽ No 1 ആക്കുന്നതെന്ന് എങ്ങനെയെന്നു ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് നമുക്ക് കാട്ടി തന്നുവെന്നായിരുന്നു സംവിധായകന്‍ അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്.
'ന്യായീകരിക്കാൻ കഴിയാത്ത ഒരു തെറ്റ് ചെയ്ത് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിക്ക് വേണ്ടി നയതന്ത്ര ബന്ധങ്ങൾക്ക് അധികം സ്ഥാനമില്ലാത്ത ഒരു രാജ്യത്തു നിരവധി തവണ ബന്ധപ്പെട്ട് വധ ശിക്ഷ മരവിപ്പിക്കാൻ ഒരു മുസ്ലിം മത പണ്ഡിതൻ 94ആം വയസ്സിലും ഇടപെടുബോൾ ലോകം കേരളത്തിന്റെ മാനവിക ബോധത്തെ എത്ര മൂല്യത്തോടെ ആകും കാണുക. കേരളത്തെ ലോകത്തിനു മുന്നിൽ No 1 ആക്കുന്നതെന്ന് എങ്ങനെയെന്നു ബഹുമാനപ്പെട്ട കാന്തപുരം ഉസ്താദ് നമുക്ക് കാട്ടി തന്നു... നന്ദി ഉസ്താദ് അങ്ങയുടെ മനസിന്റെ വലുപ്പത്തിന് ഒരു ഹൈന്ദവ സഹോദരന്റെ പ്രണാമം.' - അഖില്‍ മാരാർ കുറിച്ചു.
അതേസമയം, ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്ന് നാളെ നടപ്പിലാക്കേണ്ടിയിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യമൻ കോടതി പുറപ്പെടുവിച്ച നിർണ്ണായക വിധി ആശാവഹമാണെന്നായിരുന്നു കെടി ജലീല്‍ എംഎല്‍എയുടെ പ്രതികരണം. ബന്ധുക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമെ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഇതിലൂടെ സാവകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. അറേബ്യൻ ലോകത്ത് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് വധശിക്ഷ നീട്ടിക്കൊണ്ടുള്ള ഈ വിധി. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടർന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കം. ശൈഖുന എ.പി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങളെന്നും കെടി ജലീല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications