ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും, പ്രതിചേർക്കാൻ തെളിവില്ലെന്ന് എക്സൈസ്
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രമുഖ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി താരത്തെ അടുത്ത ദിവസം തന്നെ വിളിച്ചു വരുത്താനാണ് തീരുമാനം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് എക്സൈസ് ശ്രീനാഥിനെ കേസിൽ സാക്ഷിയാക്കുന്നത്. നടൻമാരെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എക്സൈസ് നൽകുന്ന വിശദീകരണം.
നേരത്തെ കേസിലെ പ്രതിയായ തസ്ലീമയുമായി ശ്രീനാഥ് ഭാസി നടത്തിയ ചാറ്റിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. എന്നാൽ അത് മതിയായ തെളിവ് ആവില്ലെന്നാണ് എക്സൈസ് പറയുന്നത്. കുഷ് വേണോ എന്ന് തസ്ലീമ സുൽത്താനയുടെ ചോദ്യത്തിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസി നൽകിയ മറുപടി. ഇതാണ് താരത്തെ ആദ്യഘട്ടത്തിൽ കുടുക്കിയത്.

സിനിമ മേഖലയുമായി ബന്ധപെട്ട് തസ്ലീമ നടത്തിയ ഇടപാടുകൾ ലഹരിയുമായി ബന്ധപ്പെട്ടതല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ മറ്റെന്തോ കാര്യങ്ങൾക്കുള്ളതാണെന്ന സംശയമാണ് എക്സൈസ് അന്വേഷണ സംഘത്തിന് നിലവിലുള്ളത്.
കേസിലെ പ്രതിയായ തസ്ലീമയ്ക്ക് പെൺവാണിഭ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിരുന്നു. മാത്രമല്ല ഇതിനായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്ന് മോഡലായ സൗമ്യയുടെ മൊഴിയും പുറത്തുവന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്താൻ പോലീസിനോട് എക്സൈസ് ആവശ്യപ്പെട്ടേക്കും.
നിലവിൽ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മാത്രമാണ് നടൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. പോലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചാൽ മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ കൈമാറാനാവും എക്സൈസ് തീരുമാനം. മറ്റ് വിഷയങ്ങൾ എക്സൈസ് പരിധിയിൽ വരുന്നില്ല എന്നതിനാലാണ് ശ്രീനാഥ് ഭാസിയെ ഉൾപ്പെടെ കേസിൽ സാക്ഷിയാക്കുന്നത്.
അതിനിടെ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിറിന് ഇന്ന് നോട്ടീസ് നൽകിയേക്കും. ഏഴ് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ് കൈമാറുക. സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നാണ് സംവിധായകർ പിടിയിലായത്.
ഈ സാഹചര്യത്തിലാണ് സമീർ താഹിറിനെ വിളിപ്പിക്കുന്നത്. ഇവിടെ ലഹരിയുപയോഗം നടന്നത് ഇയാളുടെ അറിവോടെയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ ബലമായ സംശയം. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് അടുത്തിടെ സംവിധായകർ പിടിയിലായത്. ഉണ്ട, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് കേസിൽ പിടിയിലായ ഖാലിദ് റഹ്മാൻ.
തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ആളാണ് അഷ്‌റഫ് ഹംസ. അറസ്‌റ്റ് ചെയ്‌തെങ്കിലും ഇരുവരെയും അന്ന് രാത്രിയോടെ തന്നെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടർനടപടികളുമായി എക്സൈസ് മുന്നോട്ട് പോവുന്നത്. സംവിധായകർക്ക് ഒപ്പം ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം ലഹരിക്കേസിൽ പിടിയിലായ പ്രമുഖ റാപ്പർ വേടൻ നിലവിൽ വനം വകുപ്പിന്റെ കസ്‌റ്റഡിയിലാണ്. ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. ഫ്ലാറ്റിൽ വേടനൊപ്പം ഒൻപത് സഹായികൾ കൂടിയുണ്ടായിരുന്നു. പിന്നാലെ ഇയാൾ ലഹരി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് ഇയാൾ ധരിച്ച മാലയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നത്. പുലിപ്പല്ല് അടങ്ങിയ വേടന്റെ മാലയാണ് വനം വകുപ്പിന്റെ കേസിലേക്ക് നയിച്ചത്. ഏഴ് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചാർത്തിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് വനംവകുപ്പ്.












Click it and Unblock the Notifications