• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഏതോ ഒരു പയ്യൻ എവിടുന്നോ വന്ന് മത്സരിക്കുന്നു', അരൂരിൽ ഗൗരിയമ്മയെ അട്ടിമറിച്ച ആരിഫ്, കുറിപ്പ്

അരൂരെന്നാൽ ഗൗരിയമ്മ ആയിരുന്നു അന്നൊരു കാലം. 1967 ലും 1970ലും അരൂരില്‍ ഗൗരിയമ്മ ചെങ്കൊടി ഉയര്‍ത്തി. പിന്നീട് 1980, 1982, 1987, 1991 എന്നീ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം. ഭിന്നതകളെ തുടര്‍ന്ന് ഗൗരിയമ്മ പിന്നീട് സിപിഎമ്മില്‍ നിന്ന് പുറത്ത് വരികയും ജെഎസ്എസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അരൂര്‍ അപ്പോഴും ഗൗരിയമ്മയുടെ കോട്ടയായി തന്നെ തുടര്‍ന്നു. 2006ല്‍ ആ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. എഎം ആരിഫിനെ ഇറക്കി അരൂരില്‍ സിപിഎമ്മിന്റെ വന്‍ അട്ടിമറി വിജയം.

ഒരു ചേരിയിൽ അല്ലാതിരുന്നിട്ടും, ഗൗരിയമ്മയുമായി അഭേദ്യമായ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു നിലവിൽ ആലപ്പുഴ എംപിയായ എഎം ആരിഫ്. ഗൗരിയമ്മയുമായുളള നീണ്ട കാലത്തെ ബന്ധത്തെ കുറിച്ച് ഏറെ ഹൃദ്യമായ കുറിപ്പാണ് ആരിഫ് പങ്കുവെച്ചിരിക്കുന്നത്

ഒരുപാട് ത്യാഗത്തിന്റെ കഥകൾ

ഒരുപാട് ത്യാഗത്തിന്റെ കഥകൾ

എഎം ആരിഫിന്റെ കുറിപ്പ് വായിക്കാം: '' കെ ആർ ഗൗരിയമ്മ ജീവിച്ചിരുന്ന ഇതിഹാസം. കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ കെ. ആർ. ഗൗരിയമ്മയെപ്പോലെ ഇത്രയധികം ത്യാഗനിർഭരമായ ഒരു ജീവിതം നയിച്ച മറ്റൊരാളില്ല. വിദ്യാർത്ഥിയായിരുന്ന കാലത്ത് ഗൗരിയമ്മയെ ഞാൻ ദൂരെ നിന്ന് മാത്രമാണ് നോക്കി കണ്ടിട്ടുള്ളത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പര്യായപദം ആണ് ഗൗരിയമ്മ. ചെറുപ്പത്തിൽതന്നെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഗൗരിയമ്മയ്ക്ക് പറയാൻ ഒരുപാട് ത്യാഗത്തിന്റെ കഥകൾ ഉണ്ട്. സാമാന്യം സമ്പത്തുള്ള കുടുംബത്തിൽ നിന്നാണ് ജനിച്ച് വളർന്നതും പഠിച്ചതും നേതാവയതുമൊക്കെ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടയായി പ്രവത്തനരംഗത്ത് കടന്നു വന്നപ്പോൾ ഒരുപാട് പീഡനങ്ങളാണ് അനുഭവിക്കേണ്ടിവന്നത്.

സ്വന്തം മലവും മൂത്രവും എല്ലാം ചുമടെടുപ്പിച്ചു

സ്വന്തം മലവും മൂത്രവും എല്ലാം ചുമടെടുപ്പിച്ചു

പോലീസുകാർ ഗൗരിയമ്മയെക്കൊണ്ട് സ്വന്തം മലവും മൂത്രവും എല്ലാം ചുമടെടുപ്പിച്ച് കൊണ്ടുപോവുകയും, അത് ചുമന്നു കൊണ്ടുപോകുന്ന കുടം അടിച്ച് പൊട്ടിക്കുകയും തലയിലൂടെ അതെല്ലാം ഒഴുകി വീണ ചരിത്രവും എല്ലാം മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതോടൊപ്പം ഒരു സ്ത്രീ എന്ന നിലയിൽ അനുഭവിച്ച ഒരുപാട് വേദനകൾ വേറേയുമുണ്ട്. അങ്ങനെ വളർന്നു വന്ന ബഹുമാനപ്പെട്ട ഗൗരിയമ്മയെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ചേർത്തല എസ്.എൻ കോളേജിൽ രണ്ടാം വർഷ സുവോളജി വിദ്യാർഥിയായിരിക്കെ മാഗസിൻ എഡിറ്ററായപ്പോൾ പരസ്യം പിടിക്കുവാൻ വേണ്ടി ഗൗരിയമ്മയുടെ ചാത്തനാട് വീട്ടിൽ പോയപ്പോഴാണ്.

എന്നെ ഓടിച്ച് വിട്ടു

എന്നെ ഓടിച്ച് വിട്ടു

ഗൗരിയമ്മ ആദ്യം ചൂടാവുകയും ദേഷ്യംപ്പെടുകയും ചെയ്യുമെങ്കിലും പിന്നീട് മനസ്സ് അലിയുന്ന ഒരു സ്വഭാവമാണ് എന്നും പറയുന്നതൊന്നും ശ്രദ്ധിക്കാതെ എല്ലാം കേട്ടും സഹിച്ചും സമീപിച്ചാൽ പോയ കാര്യം നടക്കുമെന്ന് പലരും പറഞ്ഞറിഞ്ഞിട്ടുണ്ടായിരുന്നു. ആദ്യം സഖാവ് കെ പ്രസാദുമായിട്ടും പിന്നീട് സഖാവ്. ബി. വിനോദിനൊപ്പവുമാണ് ഗൗരിയമ്മയെ കാണാൻ പോയത്. ആദ്യം ഞാൻ ചെന്ന ദിവസം തന്നെ ഗൗരിയമ്മ എന്നോട് തട്ടിക്കയറി "ഇവിടെ പരസ്യം ഒന്നുമില്ല, പരസ്യം പിടിക്കലാണോ എന്റെ ജോലി?" എന്നു ചോദിച്ച് എന്നെ ഓടിച്ച് വിട്ടു. അന്ന് ഞാൻ വളരെ നിരാശനായി മടങ്ങി വന്നു എങ്കിലും പിറ്റെ ദിവസം വീണ്ടും പോയി. അപ്പോഴും ബഹുമാനപ്പെട്ട ഗൗരിയമ്മ ഇതുപോലെ തന്നെ പ്രതികരിച്ചു. എന്നിട്ട് വാതിലും അടച്ചു.

രണ്ട് ശുപാർശ കത്തുകൾ ഗൗരിയമ്മ തന്നു

രണ്ട് ശുപാർശ കത്തുകൾ ഗൗരിയമ്മ തന്നു

പക്ഷെ ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ ഒരുപാട് നേരം കാത്തിരുന്നു. അങ്ങനെ കുറെ സമയം കഴിഞ്ഞ് ഗൗരിയമ്മ വാതിൽ തുറന്നപ്പോൾ ഞാൻ അവിടെ തന്നെ ഇരിക്കുന്നതു കണ്ട്, "താൻ ഇതുവരെ പോയില്ലേ?" എന്നൊരു ചോദ്യം. ഗൗരിയമ്മയെ കാണുവാനും സംസാരിക്കാനുമുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ അവിടെ ഇരിക്കുന്നതെന്ന് പറഞ്ഞപ്പോൾ എന്നെ അകത്തുകയറ്റി ഇരുത്തി. ഒടുവിൽ എനിക്ക് കോളേജ് മാഗസീനിലേക്ക് പരസ്യം തരാനുള്ള രണ്ട് ശുപാർശ കത്തുകൾ ഗൗരിയമ്മ തന്നു. ഒന്ന് നവോദയ അപ്പച്ചനും മറ്റൊന്ന് ചോനപ്പള്ളി ഭാസ്കരനും. അന്ന് ചോനപ്പള്ളി ഭാസ്കരൻ മീനമാസത്തിലെ സൂര്യൻ എന്ന സിനിമ നിർമ്മിച്ച് അതിൻറെ വിതരണം നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു.

സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്

സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്

പടയോട്ടം സിനിമയ്ക്കുശേഷം ആണ് തോന്നുന്നു, നവോദയ അപ്പച്ചൻ സിനിമയോടൊപ്പം തന്നെ അമ്യൂസ്മെന്റ് പാർക്കിലേക്ക് തിരിഞ്ഞിരുന്ന സമയമായിരുന്നു. ഇവർക്ക് രണ്ടുപേർക്കും ഗൗരിയമ്മ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തായിരുന്നു. ഇവർ രണ്ടുപേരും എനിക്ക് പരസ്യം തന്നു സഹായിക്കുക യുണ്ടായി. എന്റെ വാപ്പ ചേർത്തല പോലീസ് സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത് എന്നതിനാൽ ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ ആയിരുന്നു താമസം. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിനിടെ വിവിധ വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ട് ചില കേസുകൾ ഒക്കെ എനിക്ക് എതിരെ ഉണ്ടായി. ഞാൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ഒറ്റക്കാരണത്താൽ എന്റെ വാപ്പയെ പല സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടേയിരുന്നു എന്നതിനാൽ ഞങ്ങളെ ചേർത്തല പോലീസ് ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിടാൻ പോലീസ് അധികാരികൾ ഉത്തരവിട്ടു.

ആരിഫിനെയും കുടുംബത്തിനെയും ഇറക്കി വിടരുത്

ആരിഫിനെയും കുടുംബത്തിനെയും ഇറക്കി വിടരുത്

കാര്യമറിഞ്ഞ ഗൗരിയമ്മ അന്നത്തെ പോലീസ് സൂപ്രണ്ടിനെ വിളിച്ച് "ആരിഫിനെയും കുടുംബത്തിനെയും ഇപ്പോൾ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിടരുത്, അവസാനവർഷ പരീക്ഷയാണ്" എന്ന് നിർദ്ദേശം നൽകിയെങ്കിലും പോലീസ് അധികാരികൾ കേട്ടില്ല. നിർബന്ധപൂർവ്വം എന്നെയും കുടുംബത്തെയും പോലീസ് ക്വാർട്ടേഴ്സിൽ നിന്നും ഇറക്കിവിട്ടു. പിന്നീട് കോട്ടേഴ്സിന് അടുത്തുള്ള ഒരു വീട് വാടകയ്ക്ക് എടുത്തു. വൈദ്യുതി പോലുമില്ലാത്ത അവിടെ താമസിച്ചു കൊണ്ടാണ് ഞാൻ ബി.എസ്.സി സുവോളജി അവസാന വർഷ പരീക്ഷ എഴുതി പാസ്സായത്. ചേർത്തല എസ്എൻ കോളേജിൽ നിന്നും ഡിഗ്രി പഠനം കഴിഞ്ഞിറങ്ങിയതിനു ശേഷമാണ് ജില്ലാ കൗൺസിൽ അരൂക്കുറ്റി ഡിവിഷനിൽ നിന്നും മത്സരിക്കുവാൻ വേണ്ടി പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കിയത്.

ഞാൻ ജയിച്ചു എന്ന് കേട്ടപ്പോൾ

ഞാൻ ജയിച്ചു എന്ന് കേട്ടപ്പോൾ

അരൂക്കുറ്റി ഡിവിഷനിലേക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് ഗൗരിയമ്മ തന്റെ കാറിലായിരുന്നു. അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായി കൂടിയായ കുട്ടു ഹാജിയുടെ വീട്ടിൽ കൊണ്ടുപോയി "ഇയാളാണ് അരൂക്കുറ്റിയിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് മത്സരിക്കുന്നത്" എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. കുട്ടു ഹാജിക്ക് മക്കൾ ഇല്ലായിരുന്നു. "ഇയാളെ താൻ മകനെപ്പോലെ കണ്ട് സ്നേഹിച്ച് വളർത്തണം, വിജയിപ്പിച്ച് എടുക്കണം, വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കണം എല്ലാ ബൂത്തുകളിലും കുറച്ച് അരിയും മറ്റും വാങ്ങിച്ചു കൊടുക്കണം" എന്നൊക്കെ കുട്ടു ഹാജിയോട് പറഞ്ഞ് എന്നെ ഏൽപ്പിച്ചു. എന്നെ വിജയിപ്പിക്കുന്നതിന് ഗൗരിയമ്മയാണ് നേതൃത്വം നൽകിയത്. ഫലപ്രഖ്യാപനം വന്നപ്പോൾ ആരൊക്കെ ജയിച്ചു എന്ന് അന്വേഷിക്കുന്നതിനേക്കൾ താൽപ്പര്യത്തോടെ ഗൗരിയമ്മ ചോദിച്ചറിഞ്ഞത് ഞാൻ ജയിച്ചോ എന്നതായിരുന്നു. ഞാൻ ജയിച്ചു എന്ന് കേട്ടപ്പോൾ അതിയായ സന്തോഷം ഗൗരിയമ്മയ്ക്ക് ഉണ്ടായി.

എല്ലാവരെയും കണ്ടു വർത്തമാനങ്ങൾ പറഞ്ഞു പോകണം

എല്ലാവരെയും കണ്ടു വർത്തമാനങ്ങൾ പറഞ്ഞു പോകണം

അങ്ങനെ വിജയിച്ചു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഗൗരിയമ്മയുടെ കാറിൽ കയറ്റി എന്നെ ചേർത്തലയിൽ കൊണ്ടുവന്നു. എന്നിട്ട് എങ്ങനെ പാർട്ടി ഓഫീസിലേക്ക് പോകും എന്ന് ചോദിച്ചു. ഞാൻ ഒരു ഓട്ടോറിക്ഷ പിടിച്ചു പാർട്ടി ഓഫീസിലേക്ക് പൊക്കോളാം എന്ന് പറഞ്ഞു. അപ്പോൾ "ഓട്ടോറിക്ഷ ഒന്നും പിടിക്കേണ്ട, നടന്നു പോകണം. എല്ലാവരെയും കണ്ടു വർത്തമാനങ്ങൾ പറഞ്ഞു പോകണം" എന്ന് സ്നേഹപൂർവ്വം ഉപദേശിച്ചു. അതുകഴിഞ്ഞ് ജില്ലാ കൗൺസിൽ അംഗമായി പ്രവർത്തിക്കുമ്പോഴാണ് വിദ്യാർത്ഥി സമരത്തെ തുടർന്ന് എന്നെയും 26 ഓളം വിദ്യാർത്ഥി പ്രവർത്തകരെയും ആലപ്പുഴ സബ് ജയിലിൽ അടച്ചത്. ഞങ്ങളെ പോലീസുകാർ ഭീകരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പിറ്റേന്ന് ജില്ലയിൽ മുഴുവൻ എൽഡിഎഫ് ആഹ്വാന പ്രകാരം ഹർത്താലും ബന്ദും ഒക്കെ ആചരിച്ച ദിവസം ബഹുമാനപ്പെട്ട ഗൗരിയമ്മ ചാത്തനാട്ടെ വീട്ടിൽ നിന്നും നടന്നു സബ്‍ജയിലിൽ വന്നു ഞങ്ങളെ കണ്ടിരുന്നു. അത്രത്തോളം സ്നേഹം കാണിച്ച നേതാവാണ് ഗൗരിയമ്മ.

പൊരിഞ്ഞ വാഗ്വാദങ്ങൾ

പൊരിഞ്ഞ വാഗ്വാദങ്ങൾ

എന്നാൽ പിന്നീട് ഗൗരിയമ്മയും പാർട്ടിയുമായി അകന്നു. അകലാനുണ്ടായ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായിരുന്നു ജില്ലാ കൗൺസിൽ എന്ന് പറയുന്ന ജില്ലാ അധികാര സംവിധാനം നിലനിൽക്കെ അതിനു മുകളിലൂടെ അധികാരവും പണവും ഒന്നുമില്ലാത്ത ആലപ്പുഴ ജില്ലാ വികസന സമിതി എന്ന പേരിൽ ഒരു സംവിധാനം ഉണ്ടാക്കാൻ അന്നത്തെ യുഡിഎഫ് ഗവൺമെൻറ് മുന്നോട്ടുവന്ന സംഭവം. ഗൗരിയമ്മയും പാർട്ടിയും തമ്മിലുള്ള വിള്ളൽ ഉപയോഗപ്പെടുത്തിക്കൊണ്ട് ആ വികസന സമിതിയുടെ ചെയർപേഴ്സണായി ഗൗരിയമ്മയുടെ പേരാണ് അവർ മുന്നോട്ടുവച്ചത്. ജില്ലാ കൗൺസിൽ പ്രസിഡൻറ് അന്ന് സ. ജി. സുധാകരൻ ആയിരുന്നു. സർക്കാർ അംഗീകരിച്ചിട്ടുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ ജില്ലാ കൗൺസിൽ നിലനിൽക്കെ അതിനുമുകളിലായി യാതൊരുവിധ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോ പണമോ ഒന്നുമില്ലാത്ത ഒരു സംവിധാനത്തിന്റെ തലപ്പത്ത് ഗൗരിയമ്മ ചെയർപേഴ്സണായി ഇരിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടു. ജില്ലാ കൗൺസിൽ യോഗത്തിൽ പൊരിഞ്ഞ വാഗ്വാദങ്ങൾ ഉണ്ടായി.

ഗൗരിയമ്മയും പാർട്ടിയും പിരിഞ്ഞു

ഗൗരിയമ്മയും പാർട്ടിയും പിരിഞ്ഞു

ആ വാഗ്വാദങ്ങൾ ഒടുവിൽ ഞാൻ ചർച്ചയിൽ പങ്കെടുത്തപ്പോൾ "അധികാരവും പണവും ഒന്നുമില്ലാത്ത ഒരു സമിതിയുടെ തലപ്പത്തിരിക്കുവാൻ എന്നെ കിട്ടത്തില്ല" എന്ന ഗൗരിയമ്മ പറഞ്ഞ വാക്ക് ഉപയോഗിച്ച് ഗൗരിയമ്മയെ സംരക്ഷിച്ചായിരുന്നു ഞാൻ ചർച്ചയിൽ പങ്കെടുത്തത്. ബാക്കിയുള്ള എല്ലാ ജില്ലാ കൗൺസിൽ അംഗങ്ങളും രൂക്ഷമായി ഗൗരിയമ്മയെ വിമർശിച്ചപ്പോൾ ഞാൻ മാത്രമാണ് ലളിതമായി കാര്യങ്ങൾ പറഞ്ഞത്. കാരണം എനിക്കെന്തോ ഗൗരിയമ്മയെ വിമർശിക്കുവാൻ മനക്കരുത്ത് ഇല്ലായിരുന്നു. അത്രമാത്രം ഞാൻ മനസ്സുകൊണ്ട് സ്നേഹിച്ച നേതാവായിരുന്നു ബഹുമാനപ്പെട്ട ഗൗരിയമ്മ. എന്നാൽ പാർട്ടിയും ഗൗരിയമ്മയും തമ്മിലുള്ള അകൽച്ച വർദ്ധിച്ചതോടെ, ഗൗരിയമ്മ സ്വന്തം നിലയിൽ ജനാധിപത്യ സംരക്ഷണ സമിതി എന്ന പാർട്ടി ഉണ്ടാക്കി പിരിയുകയായിരുന്നു. ഒടുവിൽ ഗൗരിയമ്മയെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ നിന്നും എല്ലാം ഘട്ടംഘട്ടമായി ഒഴിവാക്കിയതോടെ ഗൗരിയമ്മയും പാർട്ടിയും എന്നെന്നേക്കുമായി പിരിഞ്ഞു.

"ആരാ കടന്നുവരുന്നത് ആരിഫ് അല്ലേ"

ജെ.എസ്.എസ് ന്റെ രൂപീകരണവുമായി കേരളം ഉടനീളം നടന്ന സമ്മേളനങ്ങളിലെല്ലാം ഞാൻ ഗൗരിയമ്മയോടൊപ്പം ചെല്ലുമെന്നുള്ള പ്രതീക്ഷ വച്ചിരുന്നു. പലപ്പോഴും അതും പല പൊതുവേദികളിലും ആ പ്രതീക്ഷ വെച്ചുകൊണ്ട് സംസാരിക്കാറ് പോലുമുണ്ടായിരുന്നു. "ആരാ കടന്നുവരുന്നത് ആരിഫ് അല്ലേ" എന്ന് ചോദിക്കുമായിരുന്നു. എന്ന് പറഞ്ഞാൽ ജനങ്ങൾക്ക് തോന്നണം ആരിഫും തന്നോടൊപ്പമുണ്ട് എന്ന്. എന്നാൽ ഞാൻ ഗൗരിയമ്മയ്ക്കൊപ്പം പോകാതെ പാർട്ടിയോടൊപ്പം ഉറച്ചു നിന്നു. പിന്നീട് ഗൗരിയമ്മ യുഡിഎഫിന്റെ സ്ഥാനാർഥിയായി അരൂരിൽ മത്സരിക്കുമ്പോൾ അഡ്വ. ബി. വിനോദ് ആയിരുന്നു പാർട്ടിയുടെ സ്ഥാനാർഥി. പാർട്ടി എന്നെ ചേർത്തലയിൽ നിന്നും അരൂരിലേക്ക് പ്രത്യേക ചുമതല ഏൽപ്പിച്ച് വിനോദിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പ്രവർത്തിക്കുവാൻ ചുമതലപ്പെടുത്തി. ഞാൻ സജീവമായി പ്രവർത്തിച്ചെങ്കിലും ഗൗരിയമ്മ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്.

ഗൗരിയമ്മയ്ക്കെതിരെ മത്സരിക്കുവാനുള്ള നിയോഗം

ഗൗരിയമ്മയ്ക്കെതിരെ മത്സരിക്കുവാനുള്ള നിയോഗം

അതുവരെ 3000-4000 വോട്ടിന് വിജയിച്ചു കൊണ്ടിരുന്ന ഗൗരിയമ്മ യുഡിഎഫ് സ്ഥാനാർത്ഥി ആയതോടുകൂടി ഭൂരിപക്ഷം പതിനാറായിരത്തിന് മുകളിൽ ഭൂരിപക്ഷത്തിന് വിജയിച്ചു. രണ്ടാം തവണ ഗൗരിയമ്മ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ കെ.വി ദേവദാസ് സാറായിരുന്ന എൽഡിഎഫിന്റെ സ്ഥാനാർഥി. യുഡിഎഫിൽ നിന്നും റിബലായി കെ രാജീവൻ മത്സരിച്ചിട്ട് പോലും ദേവദാസ് സാർ 12000 വോട്ടിന് പരാജയപ്പെട്ടു. അങ്ങനെ തുടർച്ചയായി അൻപതിലധികം വർഷക്കാലമായി പ്രവർത്തിക്കുകയും പല മന്ത്രിസഭയിലും പല വകുപ്പുകളും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുള്ള ഗൗരിയമ്മ അവസാനം യുഡിഎഫ് മന്ത്രിസഭയിലെ കൃഷി മന്ത്രിയായിരിക്കെയാണ് 2006ൽ ഗൗരിയമ്മയ്ക്കെതിരെ മത്സരിക്കുവാനുള്ള നിയോഗം ഉണ്ടായത്.

"ഏതോ ഒരു പയ്യൻ എവിടുന്നോ വന്ന് മത്സരിക്കുന്നു"

അരൂരിൽ ഞാൻ മത്സരിക്കുമ്പോൾ സീരിയസായ മത്സരത്തിനു വേണ്ടി എൽഡിഎഫ് അവതരിപ്പിച്ച ഒരു സ്ഥാനാർത്ഥിയായി എന്നെ ഗൗരിയമ്മയോ ഗൗരിയമ്മയുടെ യുഡിഎഫോ അല്ലെങ്കിൽ എൽഡിഎഫിലെ തന്നെ പലരുമോ കരുതിയിരുന്നില്ല. എന്നാൽ എനിക്ക് ഉറപ്പുണ്ടായിരുന്നു ഞാൻ മത്സരിച്ച വിജയിക്കുമെന്ന്. ഒരു ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഉടനീളം ഗൗരിയമ്മയുമായി പല സന്ദർഭങ്ങളിൽ ഞാൻ മുഖാമുഖം കണ്ടെങ്കിലും എന്നെ മൈൻഡ് ചെയ്തില്ല. എതിർ സ്ഥാനാർത്ഥിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ "ഏതോ ഒരു പയ്യൻ എവിടുന്നോ വന്ന് മത്സരിക്കുന്നു" എന്ന മട്ടിലായിരുന്നു ഗൗരിയമ്മ മറുപടി നൽകിയത്. എന്നാൽ 2006ലെ കൗണ്ടിംഗ് സ്റ്റേഷനായ ചേർത്തല ബോയ്സ് സ്കൂളിൽ വെച്ച് വോട്ട് എണ്ണി തീർന്നപ്പോൾ 4853 വോട്ടിന് ഞാൻ വിജയിച്ചു.

ഗൗരിയമ്മ എനിക്ക് കൈ തന്നു

ഗൗരിയമ്മ എനിക്ക് കൈ തന്നു

ഇടക്കിടക്ക് ഞാൻ ഭൂരിപക്ഷം നേടുമ്പോൾ പോലും ആ മുഖത്ത് ഭാവപ്രകടനം ഒന്നുമില്ലായിരുന്നു. എല്ലാം ഉള്ളിലൊതുക്കി സഹിച്ചു ക്ഷമിച്ചാണ് എന്റെ കൺമുമ്പിൽ റിട്ടേണിങ് ഓഫീസറുടെ മുമ്പിൽ ഗൗരിയമ്മ ഇരുന്നത്. അവസാനം ഫലപ്രഖ്യാപനം വന്നപ്പോൾ ബഹുമാനപ്പെട്ട ഗൗരിയമ്മ എനിക്ക് കൈ തന്നു. എന്റെ ഹൃദയത്തിൽ ഒരു വലിയ മിന്നൽ പിണർ ആയിരുന്നു കടന്നുപോയത്. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന, ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന, ആദരിക്കുന്ന നേതാവിനെ പരാജയപ്പെടുത്തി എന്ന അഹങ്കാരമോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അഭിമാനമോ ഒന്നും എനിക്ക് തോന്നിയില്ല. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച ഗൗരിയമ്മയേ പരാജയപ്പെടുത്തിയല്ലോ എന്നുള്ള ഒരു കുറ്റബോധമായിരുന്നു എന്റെ മനസ്സിനുള്ളിൽ ഉണ്ടായിരുന്നത്.

ഗൗരിയമ്മയുടെ അടുത്ത് പോകുമായിരുന്നു

ഗൗരിയമ്മയുടെ അടുത്ത് പോകുമായിരുന്നു

അന്ന് വിവിധ പ്രസിദ്ധീകരണങ്ങളിലെ അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിരുന്നു ഗൗരിയമ്മ തൃപുരയിലെ നൃപൻ ചക്രവർത്തിയെപ്പോലെ പാർട്ടിയിലേയ്ക്ക് മടങ്ങിവരണമെന്ന്. അവസാന നാളുകളിൽ ഗൗരിയമ്മയും അതാഗ്രഹിച്ചിരുന്നു. അതിനുള്ള ചർച്ചകളും മറ്റും നടന്നതാണ്‌. എന്നാൽ ജെ.എസ്.എസ്.ന്റെ പേരിലുള്ള വസ്തുവകകൾ സംബന്ധിച്ച എന്തോ നിയമപരമായ പ്രശ്നങ്ങളെത്തുടർന്ന് അത് നടന്നില്ല. ഞാൻ എം.എൽ.എ. ആയതിന്റെ ആദ്യനാളുകളിൽ ജെ.എസ്.എസ്. എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എനിക്കെതിരെ പല കാരണങ്ങൾ പറഞ്ഞ് നിരന്തരമായി സമരം നടത്തി. അപ്പോഴും ഞാൻ ഗൗരിയമ്മയുടെ അടുത്ത് പോകുമായിരുന്നു. ജന്മദിനങ്ങളിൽ പൊന്നാട അണിയിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും പതിവായിരുന്നു. ഗൗരിയമ്മയുടെ നവതി ആഘോഷം അവർ പഠിച്ച തുറവൂർ ടി.ഡി. സ്കൂളിലെ പി.ടി.എ.യും മറ്റും ചേർന്ന് തുറവൂരിൽ സംഘടിപ്പിച്ചപ്പോൾ ഞാൻ അവിടെ മുഖ്യാഥിതിയായിരുന്നു.

തലയിൽ കൈവെച്ച് ഗൗരിയമ്മ അനുഗ്രഹിച്ചു

തലയിൽ കൈവെച്ച് ഗൗരിയമ്മ അനുഗ്രഹിച്ചു

ഗൗരിയമ്മ "എനിക്ക് ആരിഫിനെപ്പോലെയാവണം, ചുറുചുറുക്കോടെ ഓടി നടക്കണം" എന്ന് മനസ്സ് തുറന്നു പറഞ്ഞു. ധാരാളം അംഗീകാരങ്ങൾ നേടിയിട്ടുണ്ടെങ്കിലും അത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. പിന്നീട് ഗൗരിയമ്മ ഒരിക്കൽക്കൂടി യു.ഡി.എഫ്. സ്ഥാനാർത്ഥിയായി നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും അരൂരിനു പകരം ചേർത്തലയിൽ സ.പി. തിലോത്തമനെതിരേയായിരുന്നു. അരൂരിൽ എനിക്കതിരെ മത്സരിക്കേണ്ടെന്ന് ഗൗരിയമ്മ കരുതിയതും എനിക്ക് ആ മനസ്സിലുള്ള സ്ഥാനമായി ഞാൻ വിലയിരുത്തുന്നു. പിന്നീട് ഞാൻ പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അനുഗ്രഹത്തിനായിച്ചെന്നപ്പോൾ എന്റെ തലയിൽ കൈവെച്ച് ഗൗരിയമ്മ അനുഗ്രഹിച്ചു. നൂറാം ജന്മദിന ആഘോഷത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോൾ നിറഞ്ഞ സദസ്സിൽ ഗൗരിയമ്മ തന്റെ പഴയകാല അനുഭവങ്ങൾ, പരിഭവങ്ങൾ എല്ലാം നിരത്തി പ്രസംഗിച്ചു.

ഞാൻ ചെയ്തത് എല്ലാം ശരിയാണെന്ന് പറയുന്നില്ല

ഞാൻ ചെയ്തത് എല്ലാം ശരിയാണെന്ന് പറയുന്നില്ല

ഏകദേശം 45 മിനിട്ട് നീണ്ട പ്രസംഗത്തിനിടയിൽ "ഞാൻ ചെയ്തത് എല്ലാം ശരിയാണെന്ന് പറയുന്നില്ല, അതുകൊണ്ടല്ലേ ഈ ചെറുക്കൻ എന്നെ തോൽപ്പിച്ചത്" എന്ന് എന്നെ നോക്കി പറഞ്ഞു. "അവനെ പോലീസ് ക്വാർട്ടേഴ്സിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഞാൻ സഹായിച്ചു, ജില്ലാകൗൺസിലിലേയ്ക്ക് ജയിപ്പിക്കാൻ സഹായിച്ചു എന്നിട്ടും അവൻ എന്നെ തോൽപ്പിച്ചു" എന്ന് പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചെങ്കിലും ഗൗരിയമ്മയുടെ രാഷ്ട്രീയ വഴിത്താരയിൽ എന്റെ സ്ഥാനം ഒരു വില്ലന്റേതായിപ്പോയോ എന്ന ഒരു കുറ്റബോധം ഇപ്പോഴും എന്നെ വേട്ടയാടുന്നു.
ഏറ്റവും ഒടുവിൽ അരൂരിലെ സ്ഥാനാർത്ഥി സ.ദെലീമയെ അനുഗ്രഹിക്കണം എന്ന് പറയാൻ പോയപ്പോൾ ഗൗരിയമ്മ തീരെ അവശയായിരുന്നു. ദെലീമ തല ഗൗരിയമ്മയുടെ മടിത്തട്ടിൽ വെച്ചപ്പോൾ കൈ മെല്ലെ ഉയർത്തി ഒന്ന് അനുഗ്രഹിച്ചപ്പോൾ ഞാനുൾപ്പടെ എല്ലാവരും ചിരിച്ചു. ഗൗരിയമ്മയുടെ മുഖത്തും ഒരു മന്ദസ്മിതം കണ്ടു. പിന്നെ രണ്ടാഴ്ചകഴിഞ്ഞപ്പോൾ തിരുവനന്തപുരത്തേയ്ക്ക് പോയി എന്ന വാർത്തയാണ്‌ കേട്ടത്. എങ്കിലും ഡോ. ബീന ടീച്ചറോടും സംഗീതിനോടും ഞാൻ ഫോണിലൂടെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു.

cmsvideo
  Who was K R Gouri Amma? | Oneindia Malayalam
  ഇതിഹാസ നായിക

  ഇതിഹാസ നായിക

  ഗൗരിയമ്മ പിന്നിട്ട 103 വർഷം ഒരു നാടിന്റെ ചരിത്രത്തിലെ സംഭവബഹുലമായ ഏടുകൾ എഴുതിച്ചേർത്ത ഇതിഹാസ നായികയാണ്‌. തിരഞ്ഞെടുപ്പ് വേളയിൽ പരാജപ്പെടുത്തിയിട്ടും ഹൃദയത്തോട് ചേർത്ത് പിടിച്ച് എന്നെ അനുഗ്രഹിച്ച ഗൗരിയമ്മയിൽ നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ ഒത്തിരിയാണ്‌. രാഷ്ട്രീയത്തിനും മതത്തിനും മേലെയായി എല്ലാ മനുഷ്യരെയും സഹായിക്കാനുള്ള സന്മനസ്സ്. അഴിമതിയുടെ കറപുരളാതെ ഇക്കാലമത്രയും ജീവിച്ചിട്ടും ഒരിക്കൽ പ്പോലും അത് പുരപ്പുറത്തു നിന്ന് കൂവി വിളിച്ചു പറയാത്ത സ്വഭാവം. ഭരണ നിർവ്വഹണ സംവിധാനത്തെ അനുസരിപ്പിക്കാനുള്ള അത്യപാരമായ കഴിവ്. സ്വന്തം ത്യാഗത്തിന്റെ കഥകൾ പറഞ്ഞുനടക്കാത്ത പ്രകൃതം എന്നിങ്ങനെ ഒട്ടനവധി ഗുണങ്ങൾ പുതിയ തലമുറയ്ക്കായി പഠിക്കാൻ ബാക്കിവെച്ചിട്ടാണ്‌ ഗൗരിയമ്മ മടങ്ങുന്നത്, നിത്യതയിലേയ്ക്ക്''.

  English summary
  Alappuzha MP Am Ariff Shares his experiences with KR Gauriamma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X