പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം; സംസ്ഥാനത്ത് ഉത്പാദന യൂണിറ്റുകൾക്ക് അനുമതി
തിരുവനന്തപുരം: പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷി ഉത്പ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു.
ഇക്കാര്യം തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളാ സ്‌മോൾ സ്‌കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്‌സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്.

ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോത്പ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാവും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കും എന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയുമെന്നും ലഹരിക്കെതിരെ വീടുകളിൽ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സർക്കാർ നിർദേശമെന്നും മന്ത്രി പറഞ്ഞു ഫേസ്ബുക്കിലൂടെയായിരുന്നു അറിയിച്ചത്.
ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കാനും, ചൊവ്വാഴ്ച എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനുമാണ് തീരുമാനം. പരിപാടിയുടെ ഭാഗമായി എംഎൽഎമാരുടെ നേതൃത്വത്തിലുള്ള ദീപം തെളിയിക്കൽ ഇന്ന് നടന്നു. തൃത്താല മണ്ഡലത്തിലെ കൂറ്റനാട് സെൻട്രലിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു എന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications