'അലി അക്ബർ നേരത്തെ രാജി വെച്ചത്, ഇന്നിപ്പോൾ വീണ്ടും രാജി വെച്ചു', പ്രതികരണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ നിന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ ( അലി അക്ബർ) രാജി വെച്ചതിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കലാകാരന്മാർക്ക് ബിജെപി എന്നും നല്ല പരിഗണനയാണ് നൽകിയിട്ടുളളതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കണമെന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ സുരേന്ദ്രന്റെ പ്രതികരണം: ''അലി അക്ബര്‍ നേരത്തെ തന്നെ പാര്‍ട്ടി സ്ഥാനം രാജി വെച്ചതാണ്. 7 മാസം മുന്‍പ് ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജി വെയ്ക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ വീണ്ടും അദ്ദേഹം രാജി വെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു.

ധാരാളം ആളുകള്‍ ബിജെപിയിലേക്ക് വരുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നുമെല്ലാം ദിവസേന എന്നോണം ആളുകള്‍ ബിജെപിയില്‍ ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിയും പോകുന്നത് നിര്‍ഭാഗ്യകരമാണ്. ബിജെപിയില്‍ നിന്ന് ആരെങ്കിലും വിട്ട് പോകുന്നുണ്ടെങ്കില്‍ അത് പരിശോധിക്കും.
കലാകാരന്മാര്‍ക്ക് ഞങ്ങള്‍ ഏറ്റവും നല്ല പരിഗണനയാണ് നല്‍കിയിട്ടുളളത്. രാജസേനന്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലെ ഏറ്റവും ഉന്നത സമിതിയായ സംസ്ഥാന സമിതിയല്‍ ഉള്‍പ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കി. അലി അക്ബറിനെ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിട്ടാണ് തീരുമാനിച്ചത്. അദ്ദേഹത്തിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കി.
പുതിയതായി പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് വീതിച്ച് നല്‍കാനുളള വലിയ അധികാരങ്ങളൊന്നും ഞങ്ങള്‍ക്ക് കേരളത്തില്‍ ഇല്ല. അത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. പക്ഷേ വന്നവര്‍ക്കെല്ലാം മതിയായ അവസരം നല്‍കിയിട്ടുണ്ട്. ആരെയും അവഗണിച്ചിട്ടില്ല. ഭീമന്‍ രഘു പത്തനാപുരത്ത് നിന്ന് മത്സരിച്ചിരുന്നു. പരാജയപ്പെട്ട ശേഷം അദ്ദേഹം പാര്‍ട്ടിയോട് നല്ല രീതിയില്‍ അല്ല സംസാരിച്ചത്. പൊടുന്നനെ അദ്ദേഹം രാജിവെച്ചതായി കണ്ടു.
ബിജെപി ലക്ഷക്കണക്കിന് അംഗങ്ങളുളള പാര്‍ട്ടിയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല. ബിജെപിയിലേക്ക് വരുന്ന ആളുകളുടെ കാര്യം വാര്‍ത്തയാകുന്നില്ല. അലി അക്ബറിനെ സിനിമയുടെ പേരിലും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരിലും മോശമായി വിമര്‍ശിച്ചിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളെ പോലെ സംസാരിക്കുമ്പോള്‍ അത് മനസ്സിലാക്കാനുളള ബുദ്ധി ബിജെപിക്കും നാട്ടുകാര്‍ക്കും ഉണ്ട്''.












Click it and Unblock the Notifications