മുഴുവന്‍ ലോട്ടറിയും അന്ന് കലാഭവന്‍ മണി വാങ്ങി: ആ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ബോധം കെട്ട് വീണുപോയി
ചേച്ചിയെ നഴ്സിങ്ങിന് പഠിപ്പിക്കാന്‍ പണം തന്നത് മണിച്ചേട്ടനായിരുന്നു. എഴുതുന്ന പേനയും പുസ്തകവും വരെ അദ്ദേഹം വാങ്ങിത്തന്നു.

ഓട്ടോക്കാരനായി തുടങ്ങി മിമിക്രിയിലൂടെ തിളങ്ങി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ നടനായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഈ ഏഴാം ചരമവാർഷിക ദിനത്തിലും പലർക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമ രംഗത്ത് വെന്നിക്കൊടി പാറിച്ചപ്പോഴും തന്റെ ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരെ ചേർത്തു നിർത്താനും അവർക്ക് വേണ്ട സഹായങ്ങള്‍ നല്‍കാനും കലാഭവന്‍ മണിയെന്ന മനുഷ്യന്‍ ഒരിക്കലും മറന്നിരുന്നില്ല.
അത്തരത്തില്‍ താരത്തിന്റെ സഹായം കൊണ്ട് സ്വന്തമായൊരു ജീവിതം പടുതുയർത്തിയ രേവന്ത് എന്ന ചെറുപ്പക്കാരന്‍ ബിഹൈന്‍ഡ് വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ഓട്ടോ ഓടിച്ച് ജീവിക്കുന്ന രേവന്ത്
ഓട്ടോ ഓടിച്ച് ജീവിക്കുന്ന രേവന്ത് നിർധനരായ ആളുകള്‍ക്കും രോഗികള്‍ക്കും ഒട്ടനവധി സഹായങ്ങളും നല്‍കുന്നുണ്ട്. ക്യാന്‍സർ രോഗികള്‍ക്ക് രേവന്തിന്റെ ഓട്ടോയില്‍ കയറിയാല്‍ യാത്രാക്കൂലി നല്‍കേണ്ടിതില്ല. ഓട്ടോ ഓടിച്ച് നിർധനരായവരെ സഹായിക്കുന്ന വിവരമൊക്കെ അറിഞ്ഞ് പല കോണില്‍ നിന്നും ആളുകൾ ചികിത്സ സഹായവും മറ്റും ചോദിച്ച് എന്നെ വിളിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികമായി സഹായിക്കാനുള്ള സാഹചര്യം എനിക്കില്ല. അക്കാര്യം ഞാന്‍ വിളിക്കുമ്പോള്‍ തന്നെ പറയുമെന്നും രേവന്ത് വ്യക്തമാക്കുന്നു.

മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ കഷ്ടപ്പെടുന്നയാളാണ് ഞാനും. ചില ദിവസങ്ങളില്‍ വീട്ടിലേക്ക് ഒരു നേരത്തെ ഭക്ഷണത്തിന് സാധനം വാങ്ങാനുള്ള പൈസ പോലും ഉണ്ടാവില്ല. എന്നാല്‍ ആസമയത്തും ക്യാന്‍സർ രോഗികള്‍ക്കുള്ള സഹായം മുടക്കാറില്ല. സൗജന്യമായി കാൻസർ രോഗികളുമായി തിരുവനന്തപുരം ആർസിസിയിലേക്ക് ഓട്ടം പോകാറുണ്ട്. മണിച്ചേട്ടന് ചെയ്യാന്‍ കഴിയാതെ പോയെ ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്.

എനിക്ക് സ്വന്തമായി ഒരു വീടില്ല. മാമന്റെ വീട്ടിലാണ് താമസം. അച്ഛൻ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയി. പിന്നീട് ജീവിക്കാനുള്ള പെടാപ്പാടായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ ലോട്ടറി വില്‍പ്പനയ്ക്കായി ഇറങ്ങിയിരുന്നു. അങ്ങനേയുള്ള എന്നേക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടിട്ടാണ് എന്നെ കാണാന്‍ ആഗ്രഹിച്ച് മണിച്ചേട്ടന്‍ വിളിപ്പിക്കുന്നതെന്നും രേവന്ത് ഓർമ്മിക്കുന്നു.

മണിച്ചേട്ടന്റെ മനേജരുടെ വിവാഹ ചടങ്ങിലേക്കായിരുന്നു എന്നെ വിളിപ്പിച്ചത്. അന്ന് എന്റെ കയ്യില്‍ 29 ബംപർ ലോട്ടറി ഉണ്ടായിരുന്നു. അത് മുഴുവന്‍ വാങ്ങി 5000 രൂപ തന്നു. കൂടാതെ എനിക്ക് ഡ്രസ്സും മറ്റ് സാധനങ്ങളുമെല്ലാം അദ്ദേഹം വാങ്ങി തന്നു. സഹായം അവിടം കൊണ്ടും നിന്നില്ല. മരിക്കുന്നവരെ മറ്റുള്ളവരെ പോലെയെല്ലാം അദ്ദേഹം എന്നേയും കുടുംബത്തേയും സഹായിച്ചു.

ചേച്ചിയെ നഴ്സിങ്ങിന് പഠിപ്പിക്കാന്‍ പണം
എനിക്കൊരു ചേച്ചിയുണ്ട്. ആ ചേച്ചിയെ നഴ്സിങ്ങിന് പഠിപ്പിക്കാന്‍ പണം തന്നത് മണിച്ചേട്ടനായിരുന്നു. എഴുതുന്ന പേനയും പുസ്തകവും വരെ അദ്ദേഹം വാങ്ങിത്തന്നു. ചിമ്മിനി വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം. പഞ്ചായത്തില്‍ നിന്നും കിട്ടിയ മാമന്റെ കറന്റില്ലാത്ത വീട്ടിലേക്ക് കറന്റ് എത്താനും മണിച്ചേട്ടന്റെ ഇടപെടലുണ്ടായി. 39000 രൂപ കുടിശ്ശിക മണിച്ചേട്ടന്‍ തന്നെ തീർത്താണ് കറന്റ് എടുത്ത് തരുന്നത്.

ചേച്ചി ഇപ്പോള്‍ നഴ്സായി വർക്ക് ചെയ്യുന്നു. ലോട്ടറി കച്ചവടം കുറഞ്ഞ സമയത്താണ് മണിച്ചേട്ടന്‍ അദ്ദേഹം പാടിയ ഗാനങ്ങളുടെ സിഡി എടുത്ത് തരുന്നത്. എട്ടുകൊല്ലം മുമ്പാണ്. കാസറ്റൊക്കെ ഉത്സവ പറമ്പുകളില്‍ പോയി വില്‍ക്കുമായിരുന്നു. വീണ്ടും കഷ്ടപ്പെട്ടുന്നത് കണ്ട് ജീവിക്കാന്‍ ഓട്ടോറിക്ഷ വാങ്ങിത്തന്നത്. ഒരു അമ്പലത്തിലെ ഉത്സവത്തിനിടെ പൊലീസുകാർ വന്നാണ്‍ മണിച്ചേട്ടന്‍ മരിച്ച കാര്യം പറയുന്നത്.

ആദ്യം അത് വിശ്വസിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ദേഷ്യം തീർക്കാന്‍ പോലും അങ്ങനെ പറയരുതെന്ന് പറഞ്ഞത്. അപ്പോഴാണ് ഫോണില്‍ വാർത്ത എടുത്ത് കാണിക്കുന്നത്. അത് കണ്ടപ്പോഴെ ഞാന്‍ ബോധം കെട്ടുവീണ്. പിന്നീട് ആരൊക്കെയോ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോഴും എനിക്ക് അത് താങ്ങാന്‍ സാധിക്കുന്നില്ലെന്നും രേവന്ത് അഭിമുഖത്തില്‍ പറയുന്നു.












Click it and Unblock the Notifications