പിഞ്ചുകുഞ്ഞിന്റെ മരണത്തിന് പിന്നാലെ ആലുവയില്‍ രാഷ്ട്രീയപ്പോര്; പഴിചാരല്‍, ഇന്ന് 3 പ്രതിഷേധ മാർച്ച്
കൊച്ചി: അഞ്ച് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ ആലുവയില്‍ രാഷ്ട്രീയ പോരും ശക്തമാവുന്നു. പരസ്പരം ആരോപണം ഉന്നയിച്ച് സിപിഎം, കോണ്‍ഗ്രസ്, ബിജെപി പാർട്ടികള്‍ ഇന്ന് പ്രതിഷേധ മാർച്ചുകള്‍ സംഘടിപ്പിക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ്, ആലുവ പൊലീസ് സ്റ്റേഷൻ മാർച്ചും ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. പൊലീസ് വീഴ്ചയ്ക്കെതിരെ എസ്പി ഓഫീസിലേക്ക് ബിജെപിയും മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
വീഴ്ച സഭംവിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ ഭാഗത്താണെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ നഗരസഭ മാർച്ച്. ആലുവ മാർക്കറ്റ് സാമൂഹ്യ വിരുദ്ധ താവളമാക്കി മാറ്റി നിരുത്തരവാദിത്വം കാണിക്കുന്ന കോൺഗ്രസ്സിന്റെ നഗരസഭ ഭരണ നേതൃത്വം പിഞ്ചുകുഞ്ഞിന്റെ ദാരുണ അന്ത്യത്തിലും രാഷ്ട്രീയ ലക്ഷ്യത്തോടെ പോലീസിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്നാണ് സിപിഎം ആരോപണം.

ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. കോൺഗ്രസ്സ് നേതാവ് അൻവർ സാദത്ത് എം എല്‍ എയ്ക്കും ഒഴിഞ്ഞു നിൽക്കാനാവില്ല. മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് അറുതി വരുത്തുക എന്നാവശ്യപ്പെട്ട്, നഗരസഭ നേതൃത്വത്തിന്റെ രാഷ്ട്രീയ കാപട്യത്തിനെതിരെ ഇന്ന് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് മുന്നിൽ നിന്നും മാർച്ച് ആരംഭിക്കുമെന്നും സിപിഎം ആലുവ ഏരിയ കമ്മിറ്റിയംഗം എപി ഉദയകുമാർ അറിയിച്ചു.
അതേസമയം, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് മാപ്പെഴുതി കൊടുക്കേണ്ട ഗതികേടിലേക്ക് ചുരുക്കപ്പെടാൻ പാടില്ലെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയത്. നാടിനെ നടുക്കിയ ദാരുണ സംഭവത്തിൽ ചേതനയറ്റ ആ കുഞ്ഞുമകളെ കണ്ടു നെഞ്ചുതകർന്ന്, ആ പൈശാചിക ക്രൂരത കേട്ട് ഹൃദയവേദനയോടെ വിറങ്ങലിച്ചു നിന്നപ്പോൾ ഒരു പൊതുപ്രവർത്തകനായ എനിക്ക് പോലും നിലവിട്ടുപോകുന്നു. ആശങ്കയും ഭയവും വേട്ടയാടുന്ന സാധാരണക്കാരുടെ അവസ്ഥയപ്പോൾ ആലോചനയ്ക്ക് അതീതമാണല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു.
കുറ്റവാളികൾക്കും കുറ്റവാസനയുള്ളവർക്കും ഭയവും സമാധാന കാംക്ഷികളായ മനുഷ്യർക്ക് പ്രതീക്ഷയും നൽകുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. ഭരിക്കുന്നവന്റെ പാർട്ടിയുടെ രാഷ്ട്രീയ തടവുകാരായി തരം താഴുന്നതിന്റെ ഫലമാണ് പോലീസിന്റെ ഈ ദുരവസ്ഥ. 31364 അക്രമങ്ങളാണ് കുട്ടികൾക്കെതിരെ മാത്രം പിണറായി പോലീസിന്റെ കാലത്തുണ്ടായത്. ഈ സംവിധാനത്തിൽ പ്രതീക്ഷയില്ലാതെ പരാതിപ്പെടാതെ പോയ എത്രയോ സംഭവങ്ങൾ വേറെയുമുണ്ടാകാം.
214 കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ഈ ഏഴു വർഷങ്ങൾക്ക് ആര് മാപ്പെഴുതി നൽകും... ആവലാതിക്കാരോട് 'മാറിനിൽക്ക്', എന്നും 'കടക്കു പുറത്ത്' എന്ന് ആക്രോശിക്കുകയും ചെയ്യുന്ന കാരണഭൂതന്റെ ഭരണത്തിൽ പോലീസ് ആസ്ഥാനത്ത് ഭരണഘടനാവിരുദ്ധ സംഘം പ്രവർത്തിക്കുന്നു എന്ന് ഒരു ഐജി തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുന്നത് വരെയെത്തി കാര്യങ്ങൾ. അതും പോലീസിലെ പുതിയ സേനാംഗങ്ങൾക്ക് ട്രെയിനിങ് കൊടുക്കുന്നവരുടെ മേധാവി. ഇതൊക്കെ ഈ സമൂഹത്തിന് എന്ത് പ്രതീക്ഷയാണ് നൽകുന്നതെന്ന് കൂടി ആലോചിക്കണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു.
സമാന്തര ഭരണത്തിന്റെ സിരാകേന്ദ്രമായി പോലീസ് ആസ്ഥാനം മാറുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷ ഇവരുടെ മുൻഗണനയുടെ വിദൂര ലിസ്റ്റിൽ പോലുമില്ല. പിഞ്ചുകുഞ്ഞുങ്ങളെ നരാധമന്മാർ കൊന്നുരസിക്കുമ്പോൾ, കൊല്ലുന്നവന്റെ സംരക്ഷണത്തിനുള്ള നിയമം പോലീസ് ഉറപ്പാക്കുമ്പോൾ, ജീവിക്കാനുള്ള അവകാശം കവർന്നെടുക്കപ്പെട്ടവർക്ക് വേണ്ടി. കണ്ണീരുണങ്ങാത്ത ആ കുടുംബങ്ങൾക്ക് വേണ്ടി നീതി ഉറപ്പാക്കാൻ ഞങ്ങൾ നിർബന്ധിതരാവും.
നിയമപാലകർ നീതി ഉറപ്പാക്കിയില്ലെങ്കിൽ.. സുരക്ഷ ഒരുക്കിയില്ലെങ്കിൽ അതിനായി തെരുവിലിറങ്ങാനും മടിക്കില്ല. നീതി തന്നെയാണ് നിയമത്തെക്കാൾ മുന്നിൽ നിൽക്കേണ്ടത്. അതിന് പോലീസ് പൊളിറ്റിക്കൽ ആകരുത്. പോലീസ് തന്നെയാവണം. കക്ഷിരാഷ്ട്രീയ വിമുക്ത നിയമപാലകർ ആകണം. പൊതുജനത്തിന്റെ സുരക്ഷയിൽ അവരുടെ പ്രതീക്ഷയുടെ കവചമാകണം.
സർക്കാർ അഴിമതിയെ എതിർക്കുന്ന പ്രതിപക്ഷ നേതാക്കന്മാർക്കെതിരെ പകയിൽ പടച്ച കള്ളക്കേസുകളെടുത്തു രസിക്കുന്ന പോലീസ് സിപിഎമ്മിന്റെ രാഷ്ട്രീയ തടവിൽ നിന്നും മോചിതരാകണം. ഇന്ന് കേരളത്തിലെമ്പാടും പോലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടക്കുകയാണ്. നീതി നിർവഹണത്തിൽ നിന്നും ഉഴപ്പിമാറി നിയമത്തിന്റെ മറപറ്റി പകവീട്ടാൻ വേണ്ടി വേട്ടക്കിറങ്ങുന്നവർക്കെതിരെയെന്നും ഡിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications