കുട്ടികളെ എത്രയും പെട്ടെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ; അന്വേഷണം ഊർജ്ജിതം: ആലുവ പൊലീസ്
ആലുവയിലെ അനാഥാലയത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി ആലുവ പൊലീസ്. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഊർജ്ജിതമായ അന്വേഷണം നടക്കുന്നുവെന്ന് ആലുവ പൊലീസ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
'കാണാതായ പെണ്‍കുട്ടികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല, ശക്തമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സിസിടിവി ഉള്‍പ്പെടേയുള്ളവ ശേഖരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സിഐ, എസ്ഐ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.' ആലുവ പൊലീസ് വണ്‍ഇന്ത്യ മലയാളാത്തോട് വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ എന്തുകൊണ്ട് പുറത്ത് പോയി എന്ന് നിലവില്‍ അറിയില്ല. അവരെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്ന് രാവിലെയോടെയാണ് പരാതി ലഭിച്ചത്. അപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചു, എത്രയും പെട്ടെന്ന് അവരെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
15,16,18 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. പുലര്‍ച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലുള്ളവർ അറിയുന്നത്. സ്ഥാപനത്തിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഇവർ പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. ഇതില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോയതെന്ന് മനസ്സിലായി. സ്ഥാപനത്തിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്.
'ഇന്നലെ രാത്രിയില്‍ കിടക്കാന്‍ പോകുന്നത് വരെ കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. കാണാതായത് മനസിലാക്കിയ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളില്‍ മൂന്ന് പേരും പോകുന്നത് കണ്ടിട്ടുണ്ട്. ഒരുമണിയോട് കൂടിയാണ് പോയത് എന്നാണ് സി സി ടി വി ദൃശ്യങ്ങളിലെ സമയങ്ങളില്‍ നിന്ന് മനസിലായത്' അനാഥാലയം നടത്തിപ്പുകാർ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
കാണാതായ കുട്ടികളും ചെല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ ഏല്‍പ്പിച്ച കുട്ടികളാണ്. 30 ഓളം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കാണാതായവരില്‍ രണ്ട് പെണ്‍കുട്ടികള്‍ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുകയാണ്. 18 വസുള്ള കുട്ടി ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. അതിന് ശേഷം പുനപരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. 17 വയസുള്ള കുട്ടി പ്ലസ് വണ്ണിലും 15 വയസുള്ള കുട്ടി ഒമ്പതിലുമാണ് പഠിക്കുന്നതെന്നും അനാഥാലയം അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications