അമൽജ്യോതി കോളേജിന് സംരക്ഷണമൊരുക്കണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: അമൽജ്യോതി എൻജിനീയറിംഗ് കോളേജിന് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കോളേജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്തതിന് പിന്നാലെ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നിരുന്നു.
ഇതിന് പിന്നാലെ പോലീസ് സംരക്ഷണം തേടി കോളേജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് കോടിതിയുടെ ഉത്തരവ്. പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോളേജിന് പ്രവർത്തിക്കാൻ ആകുന്നില്ലെന്നാണ് കോളേജ് ഹർജിയിൽ വാദിച്ചത്. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം വേണമെന്നും കോളേജ് ആവശ്യപ്പെട്ടിരുന്നു.

അഡ്മിഷൻ നടപടികൾ നടക്കുന്നതിനാൽ സംരക്ഷണം നൽകണം എന്നാണ് കോടതി ഉത്തരവിട്ടത്. ഒരു മാസത്തേക്കാണ് സംരക്ഷണം നൽകേണ്ടത്. കേസിൽ സർക്കാരിൻ്റെയും ജില്ലാ പോലീസ് മേധാവിയുടെയും കാഞ്ഞിരപ്പള്ളി പോലീസിൻ്റെയും മറുപടി തേടി ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ നഗരേഷ് ആണ് കേസ് പരിഗണിച്ചത്.
ശ്രദ്ധയുടെ മരണത്തിന് പിന്നാലെ കോളേജിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം സർക്കാർ ഇടപെടലിനെ തുടർന്നായിരുന്നു അവസാനിപ്പിച്ചത്. ശ്രദ്ധയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും വിദ്യാർഥികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കില്ലെന്നും വിദ്യാർഥി-കോളജ് മാനേജ്മെൻറ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണ ആയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച മുതൽ കോളേജ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങി.
കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പോലീസ് അറയിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് ശ്രദ്ധയുടെ കുടുംബം പറയുന്നത്. നേരത്തെ തന്നെ കോളേജിനെതിരെ ശ്രദ്ധയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
ശ്രദ്ധ ആത്മഹത്യ ചെയ്യാൻ കാരണം അധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രദ്ധയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ കോളേജ് അധികൃതർ മനഃപൂർവമായ വീഴ്ച്ച കാണിച്ചെന്നും കുടുംബം ആരോപിച്ചിരുന്നു.
എച്ച് ഒ ഡി എന്തൊക്കയോ ശ്രദ്ധയോട് സംസാരിച്ചിട്ടുണ്ടെന്നും ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെ ആണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന് ശ്രദ്ധയുടെ സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും എന്ന് ശ്രദ്ധയുടെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം വിദ്യാർത്ഥിനിയുടെ കുടുംബത്തിനും വിദ്യാർത്ഥികൾക്കും നീതി ഉറപ്പാക്കും എന്നാണ് മന്ത്രി ആർ ബിന്ദു പറഞ്ഞത്.












Click it and Unblock the Notifications