ആമയിഴഞ്ചാൻ തോട് ദുരന്തം: മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി
കാെച്ചി: ആമയിഴഞ്ചാൻ തോട് ദുരന്തത്തിൽ വിമർശനവുമായി കേരള ഹൈക്കോടതി. മാലിന്യം തോട്ടിൽ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്നും മാലിന്യ നിർമാർജനത്തിൽ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടൽ ഉണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ജോയിയെ തോട്ടിൽ നിന്ന് പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങിതിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രശംസിച്ചു. കൊച്ചിയിലെ വെള്ളക്കെട്ട് കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്.

കൊച്ചിയിലെ കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താൻ അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകി. സ്ഥലം സന്ദർശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിർദ്ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലായ് 31 ലേക്ക് പരിഗണിക്കാനായി മാറ്റി.
അതേ സമയം, ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ജോയിയുടെ അമ്മയ്‌ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കുെമെന്ന് ആര്യ പറഞ്ഞുയ.
കുടുബത്തിന്റെ അത്താണിയായിരുന്നു ജോയി. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് ആകുന്നതൊക്കെ ചെയ്യണമെന്നാണ് നഗരസഭ കാണുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ധനസഹായം കൂടാതെ നഗരസഭയുടെ ഭാഗത്ത് നിന്നും അവരെ സഹായിക്കണം എന്ന അഭിപ്രായം കഴിഞ്ഞ ദിവസം ബഹു. മുഖ്യമന്ത്രിയുമായും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായും നേരിട്ട് കണ്ടപ്പോൾ പങ്ക് വച്ചിരുന്നു.
ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ജോയിയുടെ കുടുംബത്തിന് ഒരു വീട് വച്ച് നൽകുവാനുള്ള നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് സമർപ്പിക്കും. വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ബഹു. പാറശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്.
നടപടികൾ എല്ലാം ദ്രുതഗതിയിൽ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നല്കണമെന്നാണ് വ്യക്തിപരമായി എന്റെയും ആഗ്രഹം. ജോയിയുടെ കുടുംബത്തിന്റെ ദുഃഖവും നഷ്ടവും വളരെ വലുതാണെന്ന് നമ്മൾ തിരിച്ചറിയുന്നു. അവർക്കൊപ്പം തന്നെയാണ് നഗരസഭ, ആര്യ പറഞ്ഞു.












Click it and Unblock the Notifications