തമീം ശ്രീനിവാസനായി... വീണ്ടുമൊരു ട്രാഫിക് വിജയം, 14 മണിക്കൂര്‍ വേണ്ടയിടത്ത് എടുത്തത് 7 മണിക്കൂര്‍!!
കണ്ണൂരില്‍ നിന്നും ഒരു വയസ്സുള്ള കുഞ്ഞിനെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്
Recommended Video

കണ്ണൂര്‍: സൂപ്പര്‍ ഹിറ്റ് സിനിമയായ ട്രാഫിക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കേരളം വീണ്ടും രാജ്യത്തെ ഞെട്ടിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് ഗുരുതരാവസ്ഥയിലുള്ള ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ് ചീറിപ്പാഞ്ഞത്. 540 കിലോമീറ്ററാണ് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. കാര്യമായ ട്രാഫിക്കില്‍ പെടാതെ വാഹനത്തില്‍ സാധാരണ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ 10 മണിക്കൂര്‍ എടുക്കും. ട്രാഫിക്കില്‍ പെട്ടാല്‍ ഇത് 14 മണിക്കൂര്‍ വരെ നീളും. ഇതാണ് കേവലം ആറു മണിക്കൂറും 40 മിനിറ്റും കൊണ്ട് പിന്നിട്ടത്.
ബുധനാഴ്ച രാത്രിയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഫാത്തിമയെന്ന കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഹൃദയത്തിന് ഗുരുതരമായ അസുഖം പിടിപെട്ട കുഞ്ഞിന് ശസ്ത്രക്രിയ അനിവാര്യമായതിനെ തുടര്‍ന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോവേണ്ടി വരികയായിരുന്നു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ തീരുമാനിച്ചത്.

സഹായിക്കാന്‍ സിപിടികെ
പുറത്തു നിന്നുള്ള ആംബുലന്‍സ് ലഭിച്ചതോടെ രക്ഷിതാക്കള്‍ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു കൊണ്ടുപോവുകയായിരുന്നുവെന്ന് പരിയാരം ആശുപത്രിയിലെ സിഇഒ വ്യക്തമാക്കി. കുട്ടികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടുംബങ്ങള്‍ക്ക് വഴികാട്ടുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീമിനെ (സിപിടികെ) ഫാത്തിമയുടെ കുടംബം സഹായത്തിനായി
സമീപിക്കുകയായിരുന്നു.
കാസര്‍കോഡ് നിന്നുള്ള ആംബുലന്‍സ് അവര്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും തങ്ങള്‍ക്ക് പ്രവര്‍ത്തകരുണ്ടെന്ന് സിപിടികെ കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തര്‍ പറയുന്നു.

വാട്സപ്പ് വഴി ഏകോപനം
വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് തങ്ങള്‍ കാര്യങ്ങള്‍ ഏകോപിച്ചത്. ഫാത്തിമയെ തിരുവനന്തപുരത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഇതിലേക്ക് മറ്റു ജില്ലകളിലെ തങ്ങളുടെ പ്രവര്‍ത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. ആംബുലന്‍സില്‍ ജിപിഎസ് സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് തങ്ങള്‍ അവര്‍ക്ക് വാട്‌സാപ്പ് വഴി നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ആംബുലന്‍സ് ലക്ഷ്യത്തിലെത്തുന്നതു വരെ വേണ്ട സഹായങ്ങള്‍ ലഭിക്കുന്നതിനായി തങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ അവര്‍ക്കു ബന്ധമുള്ള ഗ്രൂപ്പുകളിലേക്കെല്ലാം സന്ദേശമയച്ചിരുന്നതായും ഷിബു റാവുത്തര്‍ വിശദമാക്കി.

യാത്ര തുടങ്ങിയത് രാത്രിയില്‍
രാത്രി 8.23നാണ് പരിയാരത്തു നിന്നും ആംബുലന്‍സ് യാത്രയാരംഭിച്ചത്. അടുത്ത ദിവസം പുലര്‍ച്ചെ 3.23ന് ആംബുലന്‍സ് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. യാത്രക്കിടെ ഒരു തവണ ഭക്ഷണത്തിനും ഇന്ധനമടിക്കാനും 20 മിനിറ്റ് കോഴിക്കോട് നിര്‍ത്തിയതൊഴിച്ചാല്‍ മറ്റെവിടെയും ആംബുലന്‍സ് നിര്‍ത്തിയിട്ടില്ലെന്ന് ഷിബു പറഞ്ഞു. ആംബുലന്‍സിന്റെ സഹായത്തിനായി കണ്ണൂര്‍ ട്രാഫിക് പോലീസും രംഗത്തുണ്ടായിരുന്നു. ജില്ല വിടുന്നതു വരെ ഹൈവേ ടീമിന്റെ രണ്ട് വാഹനങ്ങള്‍ ആംബുലന്‍സിനെ പിന്തുടരുകയും ചെയതു.

ആംബുലന്‍സ് ഡ്രൈവര്‍ക്ക് പ്രശംസ
ട്രാഫിക് സിനിമയിലെ ശ്രീനിവാസനെപ്പോലെ കടുത്ത സമ്മര്‍ദ്ദത്തെ മറികടന്ന് കുഞ്ഞിനെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് ആംബുലന്‍സ് ഡ്രൈവര്‍ തമീമായിരുന്നു. അദ്ദേഹത്തെ സിപിടികെ കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു പ്രശംസിച്ചു.
കടുത്ത സമ്മര്‍ദ്ദത്തിനിടയിലും മനസ്സാന്നിധ്യം കൈവിടാതെ ലക്ഷ്യത്തിലെത്തിക്കാന്‍ തമീമിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ആശുപത്രിയില്‍ ചികില്‍സയിലുള്ള കുഞ്ഞ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.












Click it and Unblock the Notifications