പാണക്കാട്ടെത്തി സതീശന്‍; 'ലീഗിന്റെ മറുപടിയില്‍ അഭിമാനം'; ആഭ്യന്തരപ്രശ്‌നങ്ങള്‍ ചര്‍ച്ചയായില്ലെന്ന് നേതാക്കള്‍
മലപ്പുറം: വിവാദങ്ങള്‍ക്കിടെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുമായി സതീശന്‍ പാണക്കാട് വെച്ച് കൂടിക്കാഴ്ച നടത്തി.
ഡി സി സി പ്രസിഡന്റ് വി എസ് ജോയിയ്‌ക്കൊപ്പമാണ് സതീശന്‍ പാണക്കാട്ടെത്തിയത്. പാണക്കാട്ടേത് സൗഹൃദ സന്ദര്‍ശനം മാത്രമാണ് എന്ന് സതീശന്‍ പറഞ്ഞു. പണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവികമാണെന്നും മുസ്ലിം ലീഗുമായുള്ളത് സാഹോദര്യബന്ധമാണെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടായാല്‍ കോണ്‍ഗ്രസും ലീഗിലുണ്ടായാല്‍ അവരും പരിഹരിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഏത് പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഉണ്ടായാലും അത് പരിഹരിക്കാന്‍ അതാത് പാര്‍ട്ടികളുടെ നേതൃത്വം പ്രാപ്തമാണ് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമനയം പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയ്ക്കായുള്ള സി പി എമ്മിന്റെ ക്ഷണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ലീഗ് കൊടുത്തത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലീഗിന്റെ മറുപടിയില്‍ കോണ്‍ഗ്രസിന് അഭിമാനവും സന്തോഷവുമുണ്ട്.
കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് തങ്ങളില്ല എന്നാണ് ലീഗ് വ്യക്തമായി പറഞ്ഞതെന്നും അതേസമയം പരിപാടിയുടെ ലക്ഷ്യത്തോട് അവര്‍ക്കും തങ്ങള്‍ക്കും വിരോധമില്ല എന്നും സതീശന്‍ വ്യക്തമാക്കി. സി പി എമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ ലീഗിനെ തങ്ങള്‍ ഒരു തരത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവുമായുണ്ടായത് സൗഹൃദസംഭാഷണം മാത്രമാണെന്ന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.യു ഡി എഫ് ഉയര്‍ത്തി പിടിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളൊക്കെ ചര്‍ച്ചയായെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം സംഭാഷണത്തില്‍ പ്രത്യേക അജന്‍ഡകളോ വിഷയങ്ങളോ ചര്‍ച്ചയായില്ല എന്നും വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അതിശക്തമായി മുന്നോട്ടുപോകും എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യം അവര്‍ നോക്കുക. കോണ്‍ഗ്രസിന്റെ അകത്തെ പ്രശ്നങ്ങളില്‍ ആശങ്ക അറിയിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പാണക്കാട്ടെത്തും എന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications