അമിത് ഷാ തെറ്റിധരിപ്പിക്കുന്നു; കേരളം കണക്ക് നൽകിയില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ദുരന്തസഹായം വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കണക്ക് നൽകാത്തതതിനാലാണ് സഹായം വൈകുന്നതെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം തെറ്റാണെന്നും പ്രധാനമന്ത്രി വയനാട്ടിൽ വന്നപ്പോൾ തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മുണ്ടക്കൈ, ചൂരല്‍മല ദുരന്തം വിവാദ വിഷയമാക്കി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമം ഖേദകരമാണ്. വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീർത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്‍റെ പ്രതിഷേധം രേഖപെടുത്തുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്‍റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചു. ڇകേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്ന ചോദ്യമാണ് അന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു, അന്നത്തേതിന്‍റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്‍റിലെ പ്രസ്താവനയെയും കാണാന്‍.
ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കേന്ദ്ര സംഘത്തിനു മുമ്പാകെയും പ്രധാനമന്ത്രിയുടെ മുമ്പാകെയും ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലെ കേരളത്തിന്‍റെ ആവശ്യങ്ങള്‍ ആ ഘട്ടത്തില്‍ തന്നെ കൃത്യമായി അവതരിപ്പിച്ചിരുന്നു.
ഒട്ടും വൈകാതെ ആഗസ്റ്റ് 17 ന് ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര്‍ എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനം തിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കി. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
നേരത്തെ നല്‍കിയ മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.
റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റായി മേപ്പാടിക്ക് 2,221 കോടി രൂപയും വിലങ്ങാടിന് 98.1 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.
ഈ റിപ്പോര്‍ട്ട് വൈകിയതുകൊണ്ടാണ് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന വിചിത്രവാദമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കുള്ള മറുപടിയായി പറഞ്ഞിരിക്കുന്നത്. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ്.
പ്രധാന മന്ത്രി കേരളം സന്ദര്‍ശിച്ച സമയത്ത് പി.ഡി.എന്‍.എ സാമ്പത്തിക സഹായം ലഭിക്കുവാന്‍ ഉള്ള ഔദ്യോഗിക രേഖയായി കണക്കാക്കിയിട്ടില്ല എന്നതാണ്. 14-8-2024ല്‍ റിക്കവറി ആന്‍റ് റീകണ്‍സ്ട്രക്ഷന്‍ ഗൈഡ്ലൈന്‍ നിലവില്‍ വന്ന ശേഷം ആദ്യ പി.ഡി.എന്‍.എ ആണ് കേരളം സമര്‍പ്പിച്ചത്.
ഈ പ്രക്രിയക്ക് ചുരുങ്ങിയത് 3 മാസം ആവശ്യമാണ്. ഇതിനായുള്ള ഏറ്റവും ചുരുങ്ങിയ സമയം മാത്രമാണു കേരളം എടുത്തത്.
കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധികളായി എന്‍ഡിഎംഎ യില്‍ നിന്നുള്ള അംഗങ്ങളും കേരളസര്‍ക്കാരിന്‍റെ പ്രതിനിധികളായി കെഎസ്ഡിഎംഎയില്‍ നിന്നുള്ള പ്രതിനിധികളും മറ്റു വിദഗ്ധരും ചേര്‍ന്ന സംഘമാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദുരന്തത്തിന്‍റെ വസ്തുതാപരമായ പഠനങ്ങള്‍, ഡാറ്റ അനാലിസിസ്, ഭൂപ്രദേശവുമായി ബന്ധപ്പെട്ട മറ്റു പഠനങ്ങള്‍, ദുരിതത്തിന്‍റെ ആഴവും വ്യാപ്തിയും, ആകാശ ദൃശ്യങ്ങള്‍ ഇവയെല്ലാം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്.
583 പേജുള്ള വിശദവും സമഗ്രവുമായ പഠന റിപ്പോര്‍ട്ടാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. ഈയൊരു പ്രക്രിയക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications