'ആരോപണം വന്നാൽ സീനിയർ ആയാലും ജൂനിയർ ആയാലും മാറിനിൽക്കണം': ബാബുരാജിനെതിരെ ശ്വേത മേനോൻ
കൊച്ചി: സിനിമയിലെ ലൈംഗികാരോപണങ്ങളിൽ താര സംഘടനയായ അമ്മയിൽ പൊട്ടിത്തെറി. ലൈംഗികാരാപോണം ഉയർന്ന സാഹചര്യത്തിൽൽ ബാബുരാജ് ആക്ടിംഗ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെട്ടു. ആരോപണം വന്നാൽ സീനിയർ ആയാലും ജൂനിയർ ആയാലും മാറിനിൽക്കണമെന്നും ആരോപണം താൻ ജനറൽ സെക്രട്ടറിയാകുന്നത് തടയാനെന്ന ബാബുരാജിന്റെ വാദം തള്ളിയ അവർ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
'' ഞാനിപ്പോൾ അമ്മ ഭാരവാഹിയല്ല. അമ്മയുടെ ഭാരവാഹിത്വം ഒഴിയാനുള്ള നടൻ സിദ്ദിഖിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരോപണം വരുമ്പോൾ സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നതാണ് ഉചിതം. ആരായാലും മാറിനിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. അതിൽ ജൂനിയർ എന്നോ സീനയർ എന്നോ വ്യത്യാസമില്ല. ആരോപണം ഉണ്ടെങ്കിൽ മാറിനിന്നേ പറ്റു, '' ശ്വേത പറഞ്ഞു.

താൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് തടയാനാണ് ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്ന ബാബുരാജിന്റെ വാദം തള്ളിയ ശ്വേത ആരാണ് തടയുന്നതെന്ന് അത് പറഞ് ആളുകളോട് ചോദിക്കണമെന്നും പറഞ്ഞു. ഒരാളുടെ മേൽ സംശയം ഉണ്ടെങ്കിൽ ആ പേര് പറയണം . പേര് പറഞ്ഞാലെ കാര്യത്തിന്റെ ഗൗരവം ഉണ്ടാകൂ. ആണിനും പെണ്ണിനും രാജ്യത്ത് ഒരേ നിയമമാണ്. ആരോപണം വന്നപ്പോൾ സിദ്ദിഖ് മാറിനിന്നു. മറ്റുള്ളവർ എന്താണ് അങ്ങനെ ചെയ്യാത്തതെന്നും നിയമം ഓരോ ആളുകൾക്കും ഓരോ രീതിയിലാകുന്നത് ശരിയല്ലെന്നും ശ്വേത പറയുന്നു.
അതേ സമയം ഇന്ന് ചേരാനിരുന്ന അമ്മയുടെ എക്സിക്യൂട്ടീന് കമ്മറ്റിയോഗം മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണ് മാറ്റിയതിന് കാരണമായി പറയുന്നത്. ലൈംഗികാരോപണത്തിന് പിന്നാലെ സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതല കൈമാറേണ്ട ജോയിന്റ് സെക്രട്ടറി ബാബുരാദിനെതിരെയും ലൈംഗികാരോപണം വന്നത് അമ്മ നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ ഓൺലൈൻ യോഗത്തിനാണ് സാധ്യത കൂടുതൽ
പ്രതിച്ഛായ ഉള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണം എന്ന വാദമാണ് ശക്തമായി ഉയരുന്നത്. തുടക്കം മുതൽ തന്നെ വ്യക്തമായ നിലപാട് പറഞ്ഞ ജഗദീഷിനെ ജനറൽ സെക്രട്ടറി ആക്കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ സ്ത്രികൾക്ക് പ്രാധാന്യം കൊടുക്കണം എന്നാണ് ഒരു വിഭാഗം പറയുന്നത്.












Click it and Unblock the Notifications