അമ്മ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ലഹരി ആരോപണം നേരിടുന്നവര്‍ക്ക് അംഗത്വം നല്‍കേണ്ടെന്ന് ഒരു വിഭാഗം
കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് നടക്കും. വാര്‍ഷിക ജനറല്‍ ബോഡിയ്ക്ക് മുന്നോടിയായുളള എക്‌സിക്യൂട്ടീവ് യോഗമാണ് ഇന്ന് നടക്കാനിരിക്കുകയാണ്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിന് വലിയ പ്രാധാന്യമുണ്ട്. ജൂണ്‍ 25 ന് ആണ് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്നത്.
ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം വിഷയങ്ങളും സിനിമയിലെ ലഹരി ഉപയോഗത്തിലെ നടപടികളും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയാകും. നേരത്തെ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് അമ്മയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ എടുത്തുമാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി ആര്‍ ഡി എക്‌സ് സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കിയിരുന്നു.

ഒരേ സമയം നിരവധി പേര്‍ക്ക് ഡേറ്റ് കൊടുക്കുന്നു, എഡിറ്റിംഗില്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടന ഉന്നയിച്ചിരുന്നത്. ഷെയ്‌നിന്റെ ആറ് മാസത്തെ ഡേറ്റുകള്‍ അമ്മ ഇടപെട്ട് കൈകാര്യം ചെയ്യുമെന്ന് സംഘടന നിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്. വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഷെയ്ന്‍ നിഗം അമ്മയെ സമീപിക്കുകയായിരുന്നു.
നേരത്തേയും ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അമ്മയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായത്. അതേസമയം, ശ്രീനാഥ് ഭാസിയുടെ വിലക്കില്‍ ചര്‍ച്ച തുടരുകയാണ്. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ഭാസിയുടെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് അമ്മ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും എന്നാണ് വിവരം. സംഘടനയുമായി അകന്ന് നിന്നിരുന്ന മറ്റുചില യുവതാരങ്ങളും അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എക്‌സിക്യൂട്ടീവ് അംഗത്വം നല്‍കാന്‍ തീരുമാനമെടുത്താലും ജനറല്‍ ബോഡി യോഗമാണ് ഇതിന് അംഗീകാരം നല്‍കേണ്ടത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ അറിയിക്കുകയായിരുന്നു. ലൊക്കേഷനുകളിലെ ഇവരുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സിനിമയിലെ ലഹരി ഉപയോഗവും ചര്‍ച്ചയായി ഉയര്‍ന്നുവന്നത്.
ലഹരി ഉപയോഗിക്കുന്നവര്‍ സിനിമയിലുണ്ട് എന്ന് സിനിമാക്കാര്‍ തന്നെ വെളിപ്പെടുത്തുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന സിനിമാ പ്രവര്‍ത്തകരുടെ പേര് കൈയിലുണ്ടെന്നും അത് പൊലീസിന് കൈമാറുമെന്നും സിനിമാ സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ലൊക്കേഷനുകളില്‍ ഷാഡോ പൊലീസുണ്ടാകും എന്ന് പൊലീസ് അറിയിച്ചിരുന്നു. സ്ഥിരമായി ലഹരി മരുന്നുപയോഗിക്കുന്നവരുടെ പേര് സര്‍ക്കാരിന് നല്‍കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞിരുന്നു.












Click it and Unblock the Notifications