അമ്മ തിരിച്ചുവരുന്നു, അതും പൂർവാധികം ശക്തിയോടെ; താര കുടുംബസംഗമം ജനുവരിയിൽ, പിന്നിൽ ഈ സൂപ്പർതാരങ്ങൾ?
തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ താരകുടുംബ സംഗമം അടുത്ത മാസം നടന്നേക്കും. കൊച്ചിയിൽ വച്ചായിരിക്കും താരസംഘടനയുടെ കുടുംബ സംഗമം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഘടനയിലെ മുഴുവൻ അംഗങ്ങളെയും അവരുടെ കുടുംബത്തെയും പങ്കെടുപ്പിക്കുന്ന വലിയ ചടങ്ങ് തന്നെയാണ് നടത്താൻ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം.
കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം ചടങ്ങുകൾക്ക് വേദിയായേക്കും. നിലവിൽ അമ്മ സംഘടനയിൽ ഭരണസമിതി ഇല്ല. കൂട്ടരാജി പ്രഖ്യാപിച്ചതോടെ അഡ്‌ഹോക് കമ്മിറ്റിക്കാവും പരിപാടിയുടെ സംഘാടന ചുമതല. ഒരു ദിവസത്തോളം നീണ്ടുനിൽക്കുന്ന വലിയ പരിപാടി തന്നെയാണ് താരകുടുംബ സംഗമത്തിന്റെ ഭാഗമായി നടത്താൻ ഒരുങ്ങുന്നത്.

നേരത്തെ ഓണക്കാലത്ത് സമാനമായി താരംകുടുംബ സംഗമം നടത്താൻ നടൻ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചതോടെ ഈ തീരുമാനം നടപ്പായിരുന്നില്ല. പിന്നീട് ഇപ്പോഴാണ് പരിപാടി നടത്താനുള്ള നടപടികൾ ആരംഭിക്കുന്നത്.
നേതൃത്വം നൽകാൻ മലയാളത്തിലെ സൂപ്പർതാരങ്ങൾ
ഒരു ഇടവേളയ്ക്ക് ശേഷം അമ്മയുടേതായി നടക്കുന്ന ഏറ്റവും വലിയ പരിപാടിക്ക് നേതൃത്വം നൽകുന്ന മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ പിന്തുണ കൂടി വന്നതോടെയാണ് മുടങ്ങിപ്പോയ പരിപാടിക്ക് വീണ്ടും ജീവൻ വച്ചത്.
നേരത്തെ തന്നെ അമ്മയിലെ കൂട്ടരാജിക്ക് എതിരെ സുരേഷ് ഗോപി തന്റെ അഭിപ്രായം വ്യക്തമാക്കിയതാണ്. കൂട്ടരാജി അംഗീകരിക്കാൻ കഴിയില്ലെന്നും രാജിവച്ചവർ തിരികെ സ്ഥാനം ഏറ്റെടുക്കണമെന്നുമാണ് അദ്ദേഹം കേരളപ്പിറവി ദിനാഘോഷത്തിൽ ആവശ്യപ്പെട്ടത്. അടുത്തിടെ അമ്മയുടെ യൂട്യൂബ് ചാനൽ മുഖേന കൂടുതൽ പരിപാടികളുടെ വീഡിയോയും പങ്കുവയ്ക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനോട് അനുബന്ധിച്ചുണ്ടായ വിവാദങ്ങളും അമ്മയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. ഈ ക്ഷീണത്തിൽ നിന്ന് കരകയറ്റാനും പതിയെ ജനപ്രീതി തിരികെ പിടിക്കാനും പരിപാടിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെ വരുമോ എന്നാണ് ഇനി അറിയേണ്ടത്. അന്വേഷണം നേരിടുന്നതിനാൽ തിരികെയെത്താൻ സാധ്യതയില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടും അമ്മയിൽ വീണ ബോംബും
ആദ്യഘട്ടത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ കൂടിയാലോചനകൾക്ക് ശേഷം പ്രതികരിക്കാമെന്ന നിലപാടിലായിരുന്നു അമ്മ സംഘടന. എന്നാൽ സംഘടനയിലെ മുതിർന്ന അംഗങ്ങൾക്കും ഉന്നത സ്ഥാനത്തിരിക്കുന്ന ഭാരവാഹികൾക്കും വരെ ആരോപണങ്ങൾ നേരിടേണ്ടി വന്ന ഘട്ടത്തിലാണ് ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചത്.
ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ബാബുരാജ്, മുതിർന്ന അംഗങ്ങളായ മുകേഷ്, മണിയൻപിള്ള രാജു, മുൻ ഭാരവാഹി ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെ പീഡന പരാതി ഉയർന്നിരുന്നു. കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിലാണ് അമ്മ താരകുടുംബ സംഗമം എന്ന പേരിൽ വൻ പരിപാടി നടത്താൻ ഒരുങ്ങുന്നത്.












Click it and Unblock the Notifications