അമൃതാനന്ദമയി മഠം 46 കോടി നികുതി വെട്ടിച്ചു
ദില്ലി: കേരളത്തില്‍ മാതാ അമൃതാനന്തമയി മഠം 46.77 കോടി രൂപയുടെ നികുതി വെട്ടിച്ചതായി സിഎജി റിപ്പോര്‍ട്ട്. പോട്ട ധ്യാന കേന്ദ്രം, ഗുരുവായൂര്‍ ദേവസ്വം, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയും നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ടിലാണ് നികുതി വെട്ടിപ്പ് പരാമര്‍ശിച്ചിരിക്കുന്നത്. ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ നികുതി പരിശോധനയില്‍ ആണ് സിഎജി ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ക്രമവിരുദ്ധമായി ഇളവുകള്‍ നല്‍കിയതായാണ് കണ്ടെത്തല്‍. ഇതുവഴി കേന്ദ്ര സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. 2011, 2012 വര്‍ഷങ്ങളില്‍ മാത്രം സിഎജിയുടെ കണക്ക് പ്രകാരം 3000 കോടി രൂപ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിട്ടുള്ളത്.
രാജ്യത്തെ ഏഴായിരത്തോളം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചിട്ടുണ്ടത്രെ. എന്തായാലും കേരളത്തില്‍ നിന്ന് ആറ് സ്ഥാപനങ്ങള്‍ മാത്രമേ നികുതി വെട്ടിച്ചതായി സിഎജി കണ്ടെത്തിയിട്ടുള്ളൂ എന്ന് ആശ്വസിക്കാം.
അമൃതാനന്ദമയി മഠം 46.77 കോടി രൂപയുടെ നികുതി വെട്ടിപ്പാണത് നടത്തിയിട്ടുള്ളത്. ഗുരുവായൂര്‍ ദേവസ്വം 24.46 കോടി രൂപ വെട്ടിച്ചിട്ടുണ്ട്. കാണിക്കയും സംഭാവനവും കണക്കില്‍ കാണിക്കാതെയാണ് ഗുരുവായൂര്‍ ദേവസ്വം നികുതി ഇളവ് നേടിയത്.
പോട്ടയിലെ ഡിവൈന്‍ ധ്യാന കേന്ദ്രം 1.03 കോടിരൂപയാണ് അനധികൃത ലാഭം ഉണ്ടാക്കി. ഒരേ കാര്യത്തിന് രണ്ട് തവണയാണത്രെ ധ്യാന കേന്ദ്രം നികുതി ഇളവ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് അസോസിയേഷനും ചില ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷനുകളും ചേര്‍ന്ന് സര്‍ക്കാരിന് 37.23 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്.
എറണാകുളത്തെ ലിസി മെഡിക്കല്‍ ട്രസ്റ്റ് 1.19 കോടിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ 2.17 കോടി രൂപയും നികുതി വെട്ടിപ്പ് നടത്തിയതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യവിഷന്‍ ചാനലും, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് പത്രവും ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications