'ബാല്യകാലം തൊട്ടുള്ള സുഹൃത്ത്, അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ല'; അച്ചു ഉമ്മൻ
കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അതേസമയം സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ എല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തുമെന്നും അവർ വ്യക്തമാകി. എഎൻഐയോടാണ് അച്ചു ഉമ്മന്റ് പ്രതികരണം.
അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള തന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ അനിലിനെതിരെ പ്രചരണത്തിന് ഇറങ്ങാൻ സാധിക്കില്ലെന്നുമാണ് അച്ചു ഉമ്മൻ പറഞ്ഞത്. കോൺഗ്രസിന്റെ സമുന്നത നേതാക്കളായ എകെ ആന്റണിയും ഉമ്മൻചാണ്ടിയും വലിയ സൗഹൃദം പുലർത്തിയവപായിരുന്നു. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും ഈ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു.

അതേസമയം ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്നാണ് മുതിർന്ന നേതാവ് എകെ ആന്റണി വ്യക്തമാക്കിയത്. എന്നാൽ മോദി വന്ന പത്തനംതിട്ടയിൽ മറ്റാര് വന്ന് പ്രചരണം നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണത്തിൽ അനിൽ വ്യക്തമാക്കിയത്. '84 വയസുള്ള പിതാവ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് രണ്ട് വർഷം മുൻപ് വിരമിച്ചു. രാഹുൽ ഗാന്ധി അടക്കം സജീവമായി നിൽക്കുന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പോലും പത്തനംതിട്ടയിൽ വന്നിട്ട് കാര്യമില്ല. മോദി വന്ന് ഉണ്ടാക്കിയ,ഒരു മിനിറ്റിന്റെ ഇംപാക്ട് പോലും മറ്റൊരു നേതാവിന് ഉണ്ടാക്കാൻ സാധിക്കില്ല', എന്നായിരുന്നു അനിൽ ആന്റണി വ്യക്തമാക്കിയത്.
അതേസമയം നേരത്തേ അനിൽ ആന്റണിക്ക് വേണ്ടി പത്മജ വേണുഗോപാൽ പത്തനംതിട്ടയിൽ പ്രചരണത്തിന് എത്തിയിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി താൻ പ്രചരണം നടത്തുമെന്നുമായിരുന്നു പത്മജ പ്രതികരിച്ചത്.
അനിൽ ആന്റണിയുടെ ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള കന്നിപോരാട്ടമാണിത്. ഇത്തവണ അനിലിലൂടെ വലിയ മുന്നേറ്റമാണ് ബി ജെ പി ഇവിടെ പ്രതീക്ഷിക്കുന്നത്. അനിലിലൂടെ മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകൾ ബി ജെ പിയിലേക്ക് മറിയുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എംപി ആന്റോ ആന്റണിയും എൽ ഡി എഫിനായി തോമസ് ഐസകുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications