'ഞങ്ങൾ സുരക്ഷിതരാണ്'; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി, കുടുംബത്തിന് ആശ്വാസമായി ഫോൺകോൾ
തൃശ്ശൂർ: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ആൻ ടെസ കുടുംബവുമായി സംസാരിച്ചു. ടെസയുടെ പിതാവ് ബിജു എബ്രഹാമാണ് ഇക്കാര്യം അറിയിച്ചത്. ട്വന്റി ഫോർ ന്യൂസിനോടായിരുന്നു പ്രതികരണം. സുരക്ഷിതയാണ് എന്നാണ് ആൻ ടെസ അറിയിച്ചത് എന്നാണ് പിതാവ് പറയുന്നത്. കപ്പലിൽ ഉള്ള മറ്റുള്ളവരും സുരക്ഷിതരാണ്. ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ഒരാഴ്ച കൊണ്ട് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്നും ആൻ പറഞ്ഞു.
കോഴിക്കോട് സ്വദേശി ശ്യാം നാഥും കുടുംബവുമായി സംസാരിച്ചതായി കുടുംബം അറിയിച്ചു. അതേ സമയം കപ്പലിലെ ജീവനക്കാരെ സന്ദർശിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന്റെ ഫോൺ കോളിന് പിന്നാലെയാണ് ഇറാൻ തങ്ങളുടെ നിലപാട് അറിയിച്ചത്.

ഹോർമുസ് കടലിടുക്കിന് സമീപത്ത് വെച്ച് പിടിച്ചെടുത്ത ചരക്ക് കപ്പലായ എം എസ് സി ഏരീസിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച്ച നടൻ ഇറാൻ ഉടൻ തന്നെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്നാണ് ഇറാൻ വിദേശ കാര്യ മന്ത്രി ഹൊസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞത്.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് എസ് ജയശങ്കർ മന്ത്രി ഹൊസൈൻ അമിറാബ്ദൊല്ലാഹിയാനുമായി ഫോണിൽ ബന്ധപ്പെട്ടത്. ഫോണിലൂടെ കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചർച്ച ചെയ്തതായും മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും സംഭാഷണങ്ങൾ തുടരുമെന്നും എസ് ജയശങ്കർ അറിയിച്ചു,
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു യു എ ഇയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ എം എസ് സി ഏരീസ് എന്ന കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. അർദ്ധ സൈനിക റെവല്യൂഷണറി ഗാർഡിലെ അംഗങ്ങൾ ഒരു ഹെലികോപ്റ്ററിൽ നിന്ന് ഹോർമുസ് കടലിടുക്കിന് സമീപത്ത് കൂടെ പോവുകയായിരുന്ന കപ്പലിൽ കയറുകയായിരുന്നു. ഇസ്രയേി ശതകോടീശ്വരന്റെ കപ്പലിൽ ആകെ 25 ജീവനക്കാരാണ് ഉള്ളത്.
ഈ മാസം ആദ്യം സിറിയയിലെ ഡമാസ്കസിലെ ഒരു ഇറാനിയൻ കോൺസുലർ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഗാർഡ് ജനറൽ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടി ആയിട്ടാണ് കപ്പൽ പിടിച്ചെടുത്തത് എന്നാണ് പുറത്തുവരുന്ന വിവരം.












Click it and Unblock the Notifications