കോവിഡ് മരണ നഷ്ടപരിഹാരത്തിനായി അപ്പീല്‍ പ്രവാഹം; ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 32,734 മരണങ്ങള്‍
തിരുവനന്തപുരം: കോവിഡ് മരണത്തിന് നഷ്ടപരിഹാരത്തിനായി സര്‍ക്കാരിന് മുന്നില്‍ അപ്പീല്‍ പ്രവാഹം. ഒരു മാസത്തോട് അടുക്കുമ്പോള്‍ പട്ടികയിലുള്‍പ്പെടാനുള്ള അപ്പീല്‍ മാത്രം 20,101 കടന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവരെല്ലാം നിലവില്‍ സര്‍ക്കാരിന്റെ പട്ടികയ്ക്ക് പുറത്തുള്ളവരാണ്. കഴിഞ്ഞ മാസം ഒന്‍പത് മുതലാണ് കൊവിഡ് മരണ നഷ്ടപരിഹാരത്തിനായി പട്ടികയിലുള്‍പ്പെടുത്താനുള്ള അപ്പീലിനും രേഖകള്‍ക്കുമായി സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. നിലവില്‍ ഇതുവരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 32,734 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബാക്കി ഇത്രയും അപേക്ഷകളും ഇനി പരിഗണിക്കാനുണ്ട്.

കോവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരും കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ പട്ടികയില്‍പെടുത്തണമെന്നും കോവിഡ് വന്ന് 30 ദിവസത്തിനകത്തുള്ള മരണങ്ങള്‍ കോവിഡ് മരണമായി കണക്കാക്കുമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്നുമുള്ള സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 22 മുതല്‍ മരണം ഉള്‍പ്പെടുത്തി പട്ടിക പുറത്ത് വിടാന്‍ ആരംഭിച്ചത്. 3675 അപേക്ഷകള്‍ ഇതുവരെ അംഗീകരിച്ചത്. ബാക്കിയുള്ളവ കൂടി പുറത്തുവിടുന്നതോടെ സംസ്ഥാനത്തെ മരണക്കണക്ക് ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.
4614 മരണം ആണ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പുതുതായി ഉള്‍പ്പെടുത്തി പുറത്തുവിട്ട കോവിഡ് മരണങ്ങള്‍. ഇതില്‍ 3283 മരണങ്ങള്‍ സുപ്രീകോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ തന്നെ പട്ടികയില്‍ നിന്നൊഴിവാക്കിയവയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ നോക്കുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതിന് മുമ്പ് സര്‍ക്കാര്‍ മരണങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്ന് സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
മതിയായ രേഖകളില്ലാതരുന്നതിനാലാണ് അന്ന് ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. അതേസമയംപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മരണങ്ങള്‍ പുറത്തു വിടുമ്പോള്‍ ഇതിലെ പേരുകള്‍, വയസ്സ്, മരിച്ച ദിവസം എന്നീ വിവരങ്ങള്‍ ഇതിനൊപ്പമില്ല. അതിനാല്‍ തന്നെ എന്ത് കാരണത്താല്‍, ഏതു സാഹചര്യത്തില്‍ ഒഴിവാക്കപ്പെട്ടു എന്ന് ഇത് പരിശോധിക്കുന്ന ആര്‍ക്കും അറിയാനാകില്ല. എന്നാല്‍ പരിശോധിക്കുന്ന അതത് കുടുംബങ്ങള്‍ക്ക് ഈ വിവരങ്ങള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് അറിയാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് മരണനിരക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാട്ടുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications