അർജുനെ ഇനി കണ്ടെത്താനാകില്ലേ?;പുഴയുടെ അടിത്തട്ടിൽ വലിയ ആൽമരം പാറക്കല്ലുകൾ..രക്ഷാദൗത്യം അവസാനിപ്പിച്ച് മാൽപെ
ബെംഗളൂരു; ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയ്ക്കടിയിലെ തിരച്ചിൽ ദുഷ്കരമാണെന്ന് മാൽപെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിൻമാറ്റം. അതേസമയം രക്ഷാദൗത്യത്തിൽ ഇനി എന്ത് എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. .
കഴിഞ്ഞദിവസം ആറുതവണയായിരുന്നു മാൽപെ പുഴയിൽ ഇറങ്ങിയത്. ഇതിൽ തന്നെ ഒരു തവണ മാൽപെയുടെ ദേഹത്ത് കെട്ടിയിരുന്ന കയർ അഴിഞ്ഞ് പോയി അദ്ദേഹം 150 മീറ്ററോളം ഒഴുകിപോയിരുന്നു. പിന്നീട് നാവികസേനാംഗങ്ങളാണ് അദ്ദേഹത്തെ രക്ഷിച്ചത്. എന്നാൽ എന്ത് സംഭവിച്ചാലും താൻ അർജുനായി തിരച്ചിൽ നടത്തുമെന്ന് അദ്ദേഹം ആവർത്തിക്കുകയായിരുന്നു. ഇന്നും പുഴയുടെ അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ട്. പരിശോധനയിൽ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമാണ് കണ്ടതെന്ന് മാൽപെ പറഞ്ഞു. അടിഞ്ഞ് കിടക്കുന്ന പാറക്കല്ലുകൾ കാരണം ലോറിയുടെ അടുത്തേക്ക് പോകാൻ തനിക്ക് സാധിച്ചിട്ടില്ല. കൈകൊണ്ട് തൊട്ട് നോക്കിയാണ് പലതും തിരിച്ചറിഞ്ഞത്. മുങ്ങിത്താഴ്ന്നപ്പോൾ തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടിയിരുന്നുവെന്നും മാൽപെ വ്യക്തമാക്കിയിരുന്നു.

അതേസമയം പുഴയിൽ കുത്തൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇനി എന്ത് എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്. തിരച്ചിൽ തുടരാൻ സാധിക്കുന്നില്ലെന്നാണ് കാർവർ എം എൽ എ പറയുന്നത്. ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തിട്ടുണ്ട്. പുഴയ്ക്കടിയിൽ മണ്ണും ചളിയും കൂറ്റൻ ആൽമരവുമാണ് ഉള്ളത്. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് മഴതുടരുന്നത് രക്ഷാദൗത്യം അനിശ്ചിതത്തിലാക്കിയിട്ടുണ്ട്. ഇനിയും 21 ദിവസം ഇവിടെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പുഴയ്ക്കടിയിൽ നിന്ന് മണ്ണ് മാറ്റാൻ ആവശ്യമായ യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കേണ്ടത്. അത് റോഡ് മാർഗമെ എത്തിക്കാൻ സാധിക്കുള്ളൂവെന്നും എം എൽ എ അറിയിച്ചു.
അതേസമയം അർജുനായുള്ള തിരച്ചിൽ അവാനിപ്പിക്കരുതെന്നും പ്ലാൻ ബി ആലോചിക്കണമെന്നും കാസർഗോഡ് എം എൽ എ എ കെ എം അഷ്റഫ് പറഞ്ഞു. 'കലക്ടർ അടക്കമുള്ളവർ ഇനി എന്ത് എന്നാണ് ചോദിക്കുന്നത്. നിലവില്‍ തിരച്ചില്‍ അനിശ്ചിതത്വത്തിലാണ്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച ചെയ്ത് പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണമെന്നും എം എല്‍ എ കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications